സൂചനകള്‍ അനുകൂലം! ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് സന്തോഷ വാര്‍ത്ത

By Web TeamFirst Published Mar 19, 2023, 9:56 PM IST
Highlights

രണ്ടാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിന്റെ വിജയസാധ്യത പതിനെട്ട് ശതമാനം. മൂന്നാം സ്ഥാനത്ത് ഇറ്റാലിയന്‍ ക്ലബ് നാപ്പോളി. കിരീടസാധ്യത പതിനേഴ് ശതമാനം.

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ആദ്യകിരീടം ലക്ഷ്യമിടുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്കും ആരാധകര്‍ക്കും സന്തോഷവാര്‍ത്ത. ഇത്തവണ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍മാരാവുമെന്നാണ് സര്‍വേഫലം. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞതിന് പിന്നാലെയാണ് സര്‍വേഫലം പുറത്തുവന്നിരിക്കുന്നത്. ഇതനുസരിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ കിരീടം നേടും. സിറ്റി ചാംപ്യന്‍മാരാവാനുള്ള സാധ്യത ഇരുപത്തിയെട്ട് ശതമാനം. 

രണ്ടാം സ്ഥാനത്തുള്ള ബയേണ്‍ മ്യൂണിക്കിന്റെ വിജയസാധ്യത പതിനെട്ട് ശതമാനം. മൂന്നാം സ്ഥാനത്ത് ഇറ്റാലിയന്‍ ക്ലബ് നാപ്പോളി. കിരീടസാധ്യത പതിനേഴ് ശതമാനം. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് 13 ശതമാനം സാധ്യതയുമായി നാലാം സ്ഥാനത്ത്. ബെന്‍ഫിക്കയ്ക്ക് പത്തുശതമാനവും ഇന്റര്‍ മിലാന് ആറ് ശതമാനവും ചെല്‍സിക്ക് അഞ്ചുശതമാനവും എസി മിലാന് മൂന്ന് ശതമാനവുമാണ് വിജയസാധ്യത. 

ഫൈനലില്‍ എത്താന്‍ സിറ്റിക്ക് 40 ശതമാനവും നാപ്പോളിക്ക് 43 ശതമാനവുമാണ് സാധ്യത കല്‍പിക്കുന്നത്. അമേരിക്കന്‍ അഭിപ്രായ സര്‍വേ വെബ്‌സൈറ്റായ ഫൈവ് തേര്‍ട്ട എയ്റ്റാണ് പ്രവചനം നടത്തിയിരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍മാഡ്രിഡിന് ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബയേണ്‍ മ്യൂണിക്കും നാപ്പോളിക്ക് നാട്ടുകാരായ എസി മിലാനും ഇന്റര്‍ മിലാന് ബെന്‍ഫിക്കയുമാണ് എതിരാളികള്‍. ഏപ്രില്‍ 11നും 12നുമാണ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍. രണ്ടാംപാദ മത്സരങ്ങള്‍ ഏപ്രില്‍ പതിനെട്ടിനും പത്തൊന്‍പതിനും നടക്കും.

ചെല്‍സിക്ക് സമനില

പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് സമനിലക്കുരുക്ക്. എവര്‍ട്ടന്‍ അവസാന മിനിറ്റ് ഗോളില്‍ ചെല്‍സിയെ സമനിലയില്‍ തളച്ചു. ഇരുടീമും രണ്ട് ഗോള്‍ വീതം നേടി. എല്ലിസ് സിംസ് എണ്‍പത്തിയൊന്‍പതാം മിനിറ്റില്‍ നേടിയ ഗോളാണ് എവര്‍ട്ടനെ രക്ഷിച്ചത്. യാവോ ഫെലിക്‌സും കായ് ഹാവെര്‍ട്‌സുമാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. 38 പോയിന്റുമായി പത്താം സ്ഥാനത്ത് തുടരുകയാണ് ചെല്‍സി. 26 പോയിന്റുള്ള എവര്‍ട്ടന്‍ പതിനഞ്ചാം സ്ഥാനത്തും.

ചെലവ് കുറഞ്ഞതെങ്കിലും ഐഎസ്എല്ലില്‍ വാര്‍ സംവിധാനം വരും! എഐഎഫ്എഫിന്റെ പദ്ധതികളറിയാം

click me!