ഗോളുണ്ട്, കിരീടമില്ല; ടോട്ടനം വിടാന്‍ രണ്ടും കല്‍പിച്ച് ഹാരി കെയ്‌ന്‍

By Web TeamFirst Published May 18, 2021, 1:07 PM IST
Highlights

കരിയറില്‍ ടോട്ടനത്തിനായി 334 മത്സരങ്ങള്‍ കളിച്ചെങ്കിലും കിരീടങ്ങളൊന്നും നേടാന്‍ കഴിയാത്തതാണ് ക്ലബ് വിടാന്‍ ഇംഗ്ലണ്ട് താരത്തെ പ്രേരിപ്പിക്കുന്നത്. 

ടോട്ടനം: ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് ടോട്ടനത്തോട് വീണ്ടും അഭ്യര്‍ത്ഥിച്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്‌ന്‍. കരിയറില്‍ ടോട്ടനത്തിനായി 334 മത്സരങ്ങള്‍ കളിച്ചെങ്കിലും കിരീടങ്ങളൊന്നും നേടാന്‍ കഴിയാത്തതാണ് ക്ലബ് വിടാന്‍ ഇംഗ്ലണ്ട് താരത്തെ പ്രേരിപ്പിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി ക്ലബുകള്‍ താരത്തിന് പിന്നാലെ കൂടിയിരിക്കുന്നതായും സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജൂണ്‍ 11ന് യൂറോ കപ്പ് ആരംഭിക്കും മുമ്പ് ട്രാന്‍സ്‌ഫര്‍ നടപടികള്‍ ടോട്ടനം പൂര്‍ത്തിയാക്കണം എന്നാണ് ഹാരി കെയ്‌നിന്‍റെ ആവശ്യം. എന്നാല്‍ 2024 വരെ താരത്തിന് ടോട്ടനവുമായി കരാറുണ്ട്. ലണ്ടന്‍ ഫുട്ബോള്‍ അവാര്‍ഡ് 2021ല്‍ പ്രീമിയര്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദ് ഇയര്‍ പുരസ്‌‌കാരം നേടിയെങ്കിലും ടീം ട്രോഫികള്‍ നേടാത്തതാണ് താരത്തെ ക്ലബ് മാറ്റത്തിന് പ്രേരിപ്പിക്കുന്നത്. പ്രീമിയര്‍ ലീഗില്‍ നിലവില്‍ ആറാം സ്ഥാനക്കാരാണ് ടോട്ടനം. രണ്ട് മത്സരം ശേഷിക്കേ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ തുലാസിലാണ്.  

അത് വെറും ഗോളല്ല; അപൂര്‍വ നേട്ടങ്ങളിലേക്ക് അലിസണ്‍ തൊടുത്ത ഹെഡര്‍

കെയ്‌നിന്‍റെ പ്രതിനിധികളുമായി സിറ്റി, യുണൈറ്റഡ്, ചെല്‍സി ക്ലബുകള്‍ ആശയവിനിമയം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. 12 വര്‍ഷമായി ടോട്ടനത്തിനൊപ്പമുള്ള താരം 334 മത്സരങ്ങളില്‍ 220 ഗോളുകള്‍ നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ 2014 ഓഗസ്റ്റിന് ശേഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍(162) നേടിയ താരമാണ്. ഈ സീസണില്‍ 22 പ്രീമിയര്‍ ലീഗ് ഗോളുകളുമായി ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്‌ക്കൊപ്പം പട്ടികയില്‍ തലപ്പത്തുണ്ട് ഹാരി കെയ്‌ന്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!