യൂറോപ്യന്‍ സൂപ്പര്‍ ലീഗ്: ക്ലബ്ബുകളെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക നേട്ടം

By Web TeamFirst Published Apr 20, 2021, 11:48 AM IST
Highlights

സൂപ്പർ ലീഗിൽ പങ്കെടുത്താൽ കിട്ടുന്ന വലിയ സാമ്പത്തിക ലാഭം തന്നെയാണ് ഇതിന് കാരണം. സൂപ്പർ ലീഗിൽ പങ്കെടുത്താൽ മാത്രം ഓരോ ക്ലബിനും നാനൂറു മില്യൺ ഡോളർ വരെയാണ് പ്രതിഫലമായി കിട്ടുക.

മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിലേക്ക് ക്ലബുകളെ ആകർഷിക്കുന്നത് വലിയ സാമ്പത്തിക ലാഭം. യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് കിട്ടുന്നതിനേക്കാൾ വലിയ തുകയാണ് ക്ലബുകൾക്ക് സൂപ്പർ ലീഗിൽ നിന്ന് കിട്ടുക.

റയൽ മാഡ്രിഡിന്‍റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെയും നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന യൂറോപ്യൻ സൂപ്പർ ലീഗിൽ കളിക്കാൻ പന്ത്രണ്ട് ക്ലബുകളാണ് സമ്മതമറിയിച്ചിരിക്കുന്നത്. സ്പെയ്നിലെയും ഇംഗ്ലണ്ടിലെയും ഇറ്റലിയിലെയും ഫുട്ബോൾ അസോസിയേഷനുകളും യുവേഫയും ഫിഫയുമെല്ലാം എതിരാണെങ്കിലും സൂപ്പർ ലീഗുമായി മുന്നോട്ടുപോകാനാണ് ക്ലബുകളുടെ തീരുമാനം.

സൂപ്പർ ലീഗിൽ പങ്കെടുത്താൽ കിട്ടുന്ന വലിയ സാമ്പത്തിക ലാഭം തന്നെയാണ് ഇതിന് കാരണം. സൂപ്പർ ലീഗിൽ പങ്കെടുത്താൽ മാത്രം ഓരോ ക്ലബിനും നാനൂറു മില്യൺ ഡോളർ വരെയാണ് പ്രതിഫലമായി കിട്ടുക. നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് വിജയികൾക്ക് ലഭിക്കുന്നതിനേക്കാൾ നാലിരട്ടിയാണിത്.

ആദ്യം സമ്മതമറിയിക്കുന്ന പതിനഞ്ചു ക്ലബുകൾ സ്ഥിരാംഗങ്ങൾ എന്ന നിലയിലാണ് സൂപ്പർ ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഓരോ വർഷവും അഞ്ച് ക്ലബുകളെക്കൂടി ലീഗിൽ ഉൾപ്പെടുത്തും. പത്ത് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പിലാണ് മത്സരങ്ങൾ.

റയൽ മാഡ്രിഡ്, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ, ആഴ്‌സണൽ, ടോട്ടനം, യുവന്‍റസ്, എസി മിലാൻ, ഇന്റർ മിലാൻ എന്നിവരാണ് സൂപ്പർ ലീഗിലെ ആദ്യ 12 ടീമുകൾ. ബയേൺ മ്യൂണിക്ക്, പി എസ് ജി എന്നിവരെയും സൂപ്പർ ലീഗിലേക്ക് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ജർമ്മനിയിലേയും ഫ്രാൻസിലേയും ക്ലബുകൾ ഇതുവരെ പരസ്യ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

click me!