യൂറോപ്പില്‍ ഫുട്ബോള്‍ യുദ്ധം! സൂപ്പർ ലീഗ് പ്രഖ്യാപിച്ച് 12 വമ്പന്‍ ക്ലബുകള്‍; വിലക്കുമെന്ന് യുവേഫ

By Web TeamFirst Published Apr 19, 2021, 9:59 AM IST
Highlights

ഫിഫയുടേയും യുവേഫയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് സൂപ്പര്‍ ക്ലബുകള്‍ മുന്നോട്ടുപോവുന്നത്. 

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിന് ബദലായി വമ്പൻ ക്ലബുകളുടെ നേതൃത്വത്തിൽ തുടങ്ങാനിരിക്കുന്ന സൂപ്പർ ലീഗിനെ ചൊല്ലി യൂറോപ്യന്‍ ഫുട്ബോളില്‍ കലാപം. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും ഉള്‍പ്പടെ 12 ക്ലബുകള്‍ ചേര്‍ന്ന് സൂപ്പർ ലീഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫിഫയുടേയും യുവേഫയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സൂപ്പര്‍ ക്ലബുകള്‍ മുന്നോട്ടുപോവുന്നതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്. 

മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, ലിവർപൂൾ, ടോട്ടനം, ബാഴ്‌സലോണ, അത്‌ലറ്റിക്കോ മാഡ്രിഡ്, എ സി മിലാൻ, യുവന്റസ്, ഇന്റർ മിലാൻ ക്ലബുകളും പിന്തുണ അറിയിച്ചിട്ടുണ്ട്. ബയേൺ മ്യൂണിക്ക്, പിഎസ്‌ജി എന്നിവരും സൂപ്പർ ലീഗിൽ ചേർന്നേക്കുമെന്നാണ് സൂചന. കൂടുതൽ സാമ്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് ക്ലബുകൾ സൂപ്പർ ലീഗ് തുടങ്ങുന്നത്. 20 ടീമുകളെയാണ് സൂപ്പർ ലീഗിൽ പ്രതീക്ഷിക്കുന്നത്. 

എന്നാല്‍ സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ വിലക്കുമെന്ന് യുവേഫയും ഫിഫയും വ്യക്തമാക്കിയിട്ടുണ്ട്. ലീഗിന്‍റെ പേരില്‍ ക്ലബുകള്‍ക്കെതിരെ അസോസിയേഷനുകളും രംഗത്തെത്തി. യൂറോപ്യന്‍ സൂപ്പര്‍ ലീഗ് കുഞ്ഞന്‍ ക്ലബുകളെ സാമ്പത്തികമായി തകര്‍ക്കുമെന്ന ആശങ്കയും സജീവമാണ്. 

അതേസമയം യൂറോപ്യൻ സൂപ്പർ ലീഗ് ഉയർത്തുന്ന വെല്ലുവിളി മറികടക്കാന്‍ ചാമ്പ്യൻസ് ലീഗിനെ ഉടച്ചുവാര്‍ക്കാനുള്ള നീക്കങ്ങളിലാണ് യുവേഫ. ചാമ്പ്യൻസ് ലീഗിൽ നിലവിലെ 32 ടീമുകൾക്ക് പകരം 36 ടീമുകളാവും 2024മുതൽ മാറ്റുരയ്‌ക്കുക. യുവേഫ റാങ്കിംഗിൽ ഉയർന്ന നിലയിലായിട്ടും മുൻനിരയിലെത്താത്ത രണ്ടു ടീമുകളും ഫ്രഞ്ച് ലീഗിലെ ഒരു ടീമും ചാമ്പ്യൻസ് ലീഗിൽ പ്രാതിനിധ്യമില്ലാത്ത ലീഗിലെ ഒരു ടീമുമാവും അധികമായി ഇടംപിടിക്കുക.  

ലാ ലിഗ: കിരീടപ്പോരില്‍ റയലിന് തിരിച്ചടി; ഗെറ്റാഫെയോട് സമനിലക്കുരുക്ക്

പ്രീമിയര്‍ ലീഗ്: വീണ്ടും ത്രില്ലര്‍ ജയവുമായി യുണൈറ്റഡ്; ആഴ്‌സണലിനെ വിറപ്പിച്ച് ഫുൾഹാം

click me!