രഹനേഷിന് ചുവപ്പ് കാര്‍ഡ്, രണ്ട് ഡബിള്‍; ഇഞ്ചുറിടൈമില്‍ ജെംഷഡ്‌പൂരിനെ തളച്ച് ഒഡീഷ

By Web TeamFirst Published Nov 29, 2020, 7:03 PM IST
Highlights

ജെംഷഡ്‌പൂരിനായി വല്‍സ്‌കിസും ഒഡീഷയ്‌ക്കായി ഡീഗോ മൗറിഷ്യോയും ഇരട്ട ഗോള്‍ പേരിലെഴുതി. 

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ജെംഷഡ്‌പൂര്‍ എഫ്‌സിയെ നാടകീയ സമനിലയില്‍ തളച്ച് ഒഡീഷ എഫ്‌സി. തിലക് മൈതാനിയില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം നേടിയപ്പോള്‍ ഇഞ്ചുറി ടൈമിലായിരുന്നു സമനില ഗോളിന്‍റെ പിറവി. ജെംഷഡ്‌പൂരിനായി വല്‍സ്‌കിസും ഒഡീഷയ്‌ക്കായി ഡീഗോ മൗറിഷ്യോയും ഇരട്ട ഗോള്‍ പേരിലെഴുതി. ബോക്‌സിന് പുറത്തുനിന്ന് പന്ത് കൈക്കലാക്കിയതിന് ജെംഷഡ്‌പൂരിന്‍റെ മലയാളി ഗോളി ടി പി രഹനേഷ് 74-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് പുറത്തായതും മത്സരം നാടകീയമാക്കി.

ഡബിള്‍ പിറന്ന ആദ്യപകുതി

ജെംഷഡ്‌പൂര്‍ 4-3-3 ശൈലിയിലും ഒഡീഷ 4-2-3-1 ഫോര്‍മേഷനിലുമാണ് മൈതാനത്തിറങ്ങിയത്. കിക്കോഫായി 12-ാം മിനുറ്റില്‍ തന്നെ ആദ്യമായി വല ചലിച്ചു. ബോക്‌സില്‍ ബോറ വരുത്തിയ പിഴവില്‍ ജെംഷഡ്‌പൂരിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു റഫറി. സ്‌പോട്ട് കിക്കെടുത്ത വല്‍സ്‌കിസിന് നിഷ്‌പ്രയാസം ഗോള്‍ നേടാനായി. ഇതോടെ ജെംഷഡ്‌പൂര്‍ 1-0ന് മുന്നിലെത്തി. 

ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളില്ലാതെ ഒഡീഷ വിയര്‍ക്കുന്നതിനിടെ 27-ാം മിനുറ്റില്‍ ലീഡുയര്‍ത്തി ജെംഷഡ്‌പൂര്‍. ഇത്തവണയും അപകടം തീര്‍ത്തത് വല്‍സ്‌കിസ്. ഗോള്‍‌കീപ്പര്‍ക്ക് ഹെഡറിലൂടെ പന്ത് നല്‍കാനുള്ള സാരംഗിയുടെ ശ്രമം പിഴച്ചപ്പോള്‍ പന്ത് റാഞ്ചിയ വല്‍സ്‌ക്കിസ് ലക്ഷ്യം കാണുകയായിരുന്നു. 

രണ്ടാം പകുതിയില്‍ കടംവീട്ടി ഒഡീഷ

രണ്ടാം പകുതിയില്‍ ഒഡീഷ കൂടുതല്‍ കരുത്ത് കാട്ടി. ഇതിന് ആദ്യ ഫലം കണ്ടത് 77-ാം മിനുറ്റില്‍. ട്രാട്ടിന്‍റെ പാസില്‍ 'സൂപ്പര്‍ സബ്' ഡീഗോ മൗറിഷ്യോ ഗോള്‍ മടക്കി. ഇതോടെ ഗോള്‍നില 1-2. മത്സരം 90 മിനുറ്റ് പൂര്‍ത്തിയായതോടെ റഫറി ആറ് മിനുറ്റ് അധിക സമയം അനുവദിച്ചു. ഇത് മുതലെടുത്ത മൗറീഷ്യോ ഇഞ്ചുറി ടൈമിന്‍റെ മൂന്നാം മിനുറ്റില്‍ ഒഡീഷയ്‌ക്കായി സമനില ഗോള്‍ കണ്ടെത്തി. മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചതും കൂടുതല്‍ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചതും ഒഡീഷയാണ്. 

click me!