
ഭുബനേശ്വര്‍: ഉറങ്ങിക്കിടക്കുന്ന സിംഹം. ഫിഫ മുൻ പ്രസിഡന്‍റ് സെപ് ബ്ലാറ്റര്‍ ഇന്ത്യൻ ഫുട്ബോളിനെ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. ഇന്ത്യയുടെ ഗര്‍ജ്ജനം ഫുട്ബോളിന്‍റെ വിശ്വവേദിയിൽ മുഴുങ്ങുന്നത് കേൾക്കാൻ കാത്തിരിക്കുകയാണ് 140 കോടി ജനങ്ങൾ. ലോകകപ്പ് യോഗ്യതയെന്ന സ്വപ്നം സാധ്യമാക്കാൻ ഇത്തവണയെങ്കിലും ടീം ഇന്ത്യക്കാവുമോ. അടുത്ത ലോകകപ്പിൽ ടീമുകളുടെ എണ്ണം 32ൽ നിന്ന് 48 ആയി ഉയരുമ്പോൾ ഇന്ത്യൻ പ്രതീക്ഷകളും ഉയരുകയാണ്. അതിനുള്ള സാധ്യകൾ എങ്ങനെയെന്ന് നോക്കാം.
ഇത്തവണ ഏഷ്യയിൽ നിന്ന് 9 ടീമുകൾക്ക് അവസരം കിട്ടുമെന്നതിനാൽ ഇന്ത്യയുടെ സാധ്യതകളും പ്രതീക്ഷകളും ഏറെ. അത് എങ്ങനെയെന്ന് നോക്കാം. ഏഷ്യൻ മേഖലയിലെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഗ്രൂപ്പ് എയിൽ ഖത്തര്‍, അഫ്ഗാനിസ്ഥാൻ, കുവൈറ്റ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറും. ഇവിടേക്ക് എത്തുകയാണ് ഇന്ത്യയുടെ ആദ്യ കടമ്പ. നിലവിലെ സാഹചര്യത്തിൽ രണ്ടാം സ്ഥാനക്കാരായെങ്കിലും ഇന്ത്യ മൂന്നാം റൗണ്ടിലെത്താൻ സാധ്യതയേറെ. മൂന്നാം റൗണ്ടിലെത്തിയാല്‍ 2027ലെ എഎഫ്സി എഷ്യന്‍ കപ്പിനും യോഗ്യത നേടാം.
രണ്ടാം റൗണ്ടില്‍ നിന്ന് മുന്നേറുന്ന 18 ടീമുകളാണ് ലോകകപ്പ് യോഗ്യതയ്ക്കായി മൂന്നാം റൗണ്ടില്‍ ഏറ്റുമുട്ടുന്നത്. ആറ് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാർ 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ആദ്യ ആറിൽ എത്തിയില്ലെങ്കിലും ലോകകപ്പ് യോഗ്യത നേടാന്‍ ഇന്ത്യക്ക് പിന്നെയും അവസരമുണ്ട്. മൂന്ന് ഗ്രൂപ്പിലെയും മൂന്നും നാലും സ്ഥാനക്കാര്‍ നാലാം റൗണ്ടിലേക്ക് മുന്നേറും.
ഇവിടെ ആകെ ആറ് ടീമുകളാണ് മത്സരിക്കാനുണ്ടാകുക. മൂന്ന് ടീമുകളുള്ള രണ്ട് ഗ്രൂപ്പ്. രണ്ട് ഗ്രൂപ്പിലെയും ചാമ്പ്യൻമാർക്ക് നേരിട്ട് ലോകകപ്പ് യോഗ്യത നേടാം. പിന്നെയും യോഗ്യതക്കായി ഏഷ്യയില്‍ നിന്ന് ഒരു ടീമിന് കൂടി അവസരം ബാക്കിയുണ്ട്. നാലാം റൗണ്ടിലെ രണ്ടാം സ്ഥാനക്കാരാവുന്ന ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ജേതാക്കൾ പ്ലേ ഓഫ് റൗണ്ടിലേക്ക്. മറ്റ് വൻകരകളിൽ നിന്നുള്ള അവസാന സ്ഥാനക്കാരാവും ഈ റൗണ്ടിലെ എതിരാളികൾ. ഇതിലും ജയിച്ചാലും ലോകകപ്പ് യോഗ്യത നേടാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!