ഇരുവരും തങ്ങളുടെ രാജ്യങ്ങൾക്കായും മികച്ച പ്രകടനം കാഴ്ചവെച്ച് ഫുട്ബോൾ ലോകത്ത് തരംഗം സൃഷ്ടിച്ചു.
ന്യൂയോര്‍ക്ക്: യൂറോപ്പ് വിട്ടെങ്കിലും ഫുട്‌ബോള്‍ ലോകത്ത് നിറഞ്ഞ് നില്‍ക്കുകയാണ് ഇതിഹാസ താരങ്ങളായ ലിയോണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഈവര്‍ഷവും മെസ്സിയും റൊണാള്‍ഡോയും ഗോളടിമേളം തുടര്‍ന്നു. പ്രായം തളര്‍ത്താത്ത, കാലിലെ കളിമികവ് വറ്റാത്ത രണ്ടുതാരങ്ങള്‍. ലിയോണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. യൂറോപ്പ് വിട്ട് മെസ്സി അമേരിക്കയിലെ ഇന്റര്‍ മയാമിയിലേക്കും റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസ്‌റിലേക്കും ചേക്കേറിയെങ്കിളും ലോക ഫുട്‌ബോള്‍ ഇവര്‍ക്ക് പിന്നാലെ തന്നെയാണ്.
മെസ്സിയും റൊണാള്‍ഡോയും ഈവര്‍ഷവും ഗോള്‍വേട്ട തുടര്‍ന്നു. ആകെ കളിച്ച 54 മത്സരങ്ങളില്‍ മെസ്സി സ്വന്തമാക്കിയത് 46 ഗോളും 28 അസിസ്റ്റും. മുപ്പത്തിയെട്ടുകാരന് ആകെ 74 ഗോള്‍ പങ്കാളിത്തം. കളിച്ച മത്സരങ്ങളേക്കാള്‍ 20 ഗോള്‍ പങ്കാളിത്തം കൂടുതല്‍. മേജര്‍ ലീഗ് സോക്കറിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും ഗോള്‍ഡണ്‍ ബൂട്ടും സ്വന്തമാക്കിയ മെസ്സി ഇന്റര്‍ മയാമിയെ എം എല്‍ എസ് കപ്പില്‍ ജേതാക്കളുമാക്കി. അര്‍ജന്റീനയ്ക്കായി അഞ്ച് മത്സരം കളിച്ച മെസ്സിയുടെ പേരിനൊപ്പം മൂന്നുവീതം ഗോളും അസിസ്റ്റും.
സൗദി പ്രോ ലീഗിലെ ടോപ് സ്‌കോറായ റൊണാള്‍ഡോ 45 കളിയില്‍ നേടിയത് 40 ഗോളും നാല് അസിസ്റ്റും. നാല്‍പതുകാരനായ റൊണാള്‍ഡോ സൗദി പ്രോലീഗിലെ ടോപ് സ്‌കോററായതിനൊപ്പം പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ലീഗിലെ എക്കാലത്തെയും മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. പോര്‍ച്ചുഗലിനൊപ്പം യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയ റൊണാള്‍ള്‍ഡോ ടൂര്‍ണമെന്റിലെ ഗോള്‍ഡണ്‍ ബൂട്ടും സ്വന്തമാക്കി. ഒന്‍പത് അന്താരാഷ്ട്ര മത്സരങ്ങില്‍ എട്ട് ഗോളാണ് റൊണാള്‍ഡോയുടെ പേരിനൊപ്പം ഉള്ളത്. കരിയറില്‍ മെസ്സി 896 ഗോളും റൊണാള്‍ഡോ 956 ഗോളും നേടിയിട്ടുണ്ട്. ആയിരം ഗോള്‍ ലക്ഷ്യമിട്ടാണ് റൊണാള്‍ഡോയുടെ കുതിപ്പ്.

