ഐ ലീഗിന് ഒരുങ്ങി കോഴിക്കോട്; കപ്പുയര്‍ത്താനുറച്ച് ഗോകുലം കേരള

By Web TeamFirst Published Nov 28, 2019, 10:08 AM IST
Highlights

ഗോകുലത്തിന്‍റെ ആദ്യ കളി ഈമാസം മുപ്പതിന്. എതിരാളികള്‍ നെരോക്ക എഫ്‌സി. 

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിന് ഒരുങ്ങി കോഴിക്കോട്. ഈ മാസം മുപ്പതിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് ആദ്യ കളി. ഹോം മാച്ചില്‍ ഗോകുലം കേരള എഫ്സി നെരോക്ക എഫ്സിയെ നേരിടും. അന്നേദിവസം കൊല്‍ക്കത്തയില്‍ ഐസ്വാള്‍ എഫ്സിയുമായി മോഹന്‍ബഗാന്‍റെ ഹോംമാച്ചും നടക്കും. ചെന്നൈ സിറ്റി എഫ്സിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.

കഴിഞ്ഞ തവണ ഒന്‍പതാം സ്ഥാനത്തായിരുന്നു ഗോകുലം കേരള എഫ്സി. രാജ്യത്തെ പ്രശസ്തമായ ഡ്യൂറന്‍റ് കപ്പ് നേടി കരുത്തറിയിച്ചാണ് ഗോകുലം കേരള ഐ ലീഗിന് ഇറങ്ങുന്നത്. ഇന്ത്യന്‍ ഫുട്ബോളിലെ ശക്തരായ മോഹന്‍ ബംഗാനെ കീഴടക്കിയായിരുന്നു ഗോകുലത്തിന്‍റെ ഡ്യൂറന്‍റ് കപ്പ് വിജയം. അതിന്‍റെ ആത്മവിശ്വാസം ടീമിനുണ്ട്. ഷെയ്ഖ് കമാല്‍ അന്താരാഷ്‌ട്ര ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിലെ മികച്ച പ്രകടനവും ഗോകുലത്തിന് കുരുത്തേകും. 

പത്ത് മലയാളി താരങ്ങളും മികച്ച അഞ്ച് അന്താരാഷ്ട്ര താരങ്ങളുമാണ് ടീമിന്‍റെ ശക്തി. തന്ത്രങ്ങള്‍ മെനയുന്നതില്‍ വൈഭവമേറെയുള്ള പരിശീലകനാണ് അര്‍ജന്‍റീനക്കാരനായ ഫെര്‍ണാണ്ടോ സാന്‍റിയാഗോ വരേല. ഒപ്പം സന്തോഷ് ട്രോഫി കേരള ടീമിന്‍റെ മുഖ്യ പരിശീലകന്‍ കൂടിയായ ബിനോ ജോര്‍ജ്ജ് ടെക്നിക്കല്‍ ഡയറക്ടറായി ഗോകുലത്തിന് ഒപ്പമുണ്ട്. ഈ അനുകൂല ഘടകങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇത്തവണ ഐ ലീഗ് കിരീടം നേടാന്‍ ഗോകുലത്തിന് സാധ്യതയേറെയാണ്.

click me!