
മലപ്പുറം: സന്തോഷ് ട്രോഫി (Santosh Trophy) നേടിയാല്‍ കേരള ടീമിന് ഒരു കോടി പാരിതോഷികം നല്‍കുമെന്ന് സംരംഭകനും വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചിരുന്നു. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഇക്കാര്യം അദ്ദേഹം പുറത്തുവിട്ടത്. ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരളാടീമിന് പ്രോത്സാഹനമായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
അദ്ദേഹത്തിന്റെ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുകയാണ് ഇതിഹാസ ഫുട്‌ബോള്‍ താരം ഐ എം വിജയന്‍. ട്വിറ്ററിലാണ് വിജയന്‍ പിന്തുണ അറിയിച്ചത്. ''കാര്യങ്ങള്‍ കൂടുതല്‍ ആവേശകരമാകുന്നു. കപ്പ് നേടൂ...'' ഷംഷീറിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് വിജയന്‍ കുറിച്ചിട്ടു. ട്വീറ്റ് വായിക്കാം...
ഇടവേളയ്ക്ക് ശേഷം കേരളം ആതിഥേയരായ ടൂര്‍ണമെന്റ് വലിയ ആവേശത്തോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്തത്. ഫൈനലിന് യോഗ്യത നേടി കേരളാ ടീമും ആരാധകരുടെ പ്രതീക്ഷ കാത്തു. കേരളാ - ബംഗാള്‍ ഫൈനലിന് മണിക്കൂകള്‍ മാത്രം ശേഷിക്കേയാണ് ആരാധകര്‍ക്ക് ആവേശമായും ടീമിന് പ്രോത്സാഹനമായും ഡോ. ഷംഷീര്‍ വയലിലിന്റെ സര്‍പ്രൈസ് സമ്മാന പ്രഖ്യാപനം വരുന്നത്.
ടീമിന്റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം ചൂടാനുള്ള പ്രോത്സാഹനമായുമാണ് തന്റെ പ്രഖ്യാപനമെന്ന് ഡോ. ഷംഷീര്‍ വയലില്‍ ട്വിറ്ററില്‍ കുറിച്ചു. മലയാളിയെന്ന നിലയില്‍ കേരള ടീം ഫൈനലില്‍ എത്തിയതില്‍ അഭിമാനമുണ്ടെന്നും സംസ്ഥാന ഫുട്‌ബോള്‍ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്റെ മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. കേരളം വിജയികളായാല്‍ കിരീടദാന ചടങ്ങില്‍ തന്നെ സമ്മാനത്തുക കൈമാറിയേക്കും.
കേരളത്തിലും മിഡില്‍ ഈസ്റ്റിലുമായി നിരവധി സംരംഭങ്ങളുടെ ഉടമയായ ഡോ.ഷംഷീര്‍ വയലില്‍ കായിക മേഖലയുടെ പ്രോത്സാഹനത്തിനായി നേരത്തെയും വിവിധ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെ ഹോക്കി താരം പി.ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനിച്ചിരുന്നു. ഇതോടൊപ്പം ആദ്യമായി ഹോക്കി ഒളിമ്പിക്‌സ് മെഡല്‍ നേടിയ മലയാളി മാനുവല്‍ ഫെഡറിക്കിന് പത്തു ലക്ഷം രൂപ സ്‌നേഹസമ്മാനവും നല്‍കി.
ഫുട്‌ബോള്‍ സ്വപ്നം കാണുന്ന പുതു തലമുറയ്ക്ക് കൂടി പ്രചോദനമാകുന്നതാണ് ഡോ. ഷംഷീര്‍ വയലിലിന്റെ പ്രഖ്യാപനം. ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രബല ശക്തികളായ കേരളവും ബംഗാളും തമ്മിലുള്ള ഉജ്ജ്വല പോരാട്ടത്തിന് ഡോ. ഷംഷീറിന്റെ പ്രഖ്യാപനം ആവേശമേകുമെന്നാണ് കായിക പ്രേമികളുടെ പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തില്‍ 2-0ന് കേരളം ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു. ഇത് ആതിഥേയരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
സെമിയില്‍ കര്‍ണാടകയ്ക്കെതിരെ 7-3ന് ജയിച്ചതുള്‍പ്പെടെ മിന്നുന്ന പ്രകടനങ്ങളിലൂടെ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് കേരള ടീം ഉയര്‍ന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 32 കിരീടങ്ങളുള്ള ബംഗാളിനെ ടൈബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് 2018-ല്‍ കേരളം അവസാനമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!