പിഎസ്‌ജി കാത്തുവെച്ചിരിക്കുന്ന അത്ഭുതം എന്താകും? മെസിയെ ഇന്ന് അവതരിപ്പിക്കും, ആകാംക്ഷയോടെ ആരാധകര്‍

By Web TeamFirst Published Aug 11, 2021, 8:44 AM IST
Highlights

മുപ്പതാം നമ്പർ ജേഴ്‌സി അണിഞ്ഞ് പാരീസ് ഗ്രൗണ്ടിൽ മെസി ഇറങ്ങുകയും ചെയ്തു. കരിയറിന്‍റെ തുടക്കത്തിൽ മെസി ബാഴ്‌സലോണയിൽ ഉപയോഗിച്ച ജേഴ്‌സി നമ്പറുകളിൽ ഒന്നാണ് 30. 

പാരീസ്: ബാഴ്‌സലോണ വിട്ട അര്‍ജന്‍റൈന്‍ ഇതിഹാസം ലിയോണൽ മെസിയെ പിഎസ്ജി ഇന്ന് ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. ആരാധകരും ക്ലബും ആഗ്രഹിക്കുന്ന നേട്ടത്തിലേക്ക് പിഎസ്‍ജിയെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മെസി വ്യക്തമാക്കി. മെസി ഉച്ചയ്‌ക്ക് രണ്ടരയ്‌ക്ക് മാധ്യമങ്ങളെ കാണും എന്നാണ് സൂചന.

മുപ്പതാം നമ്പർ ജേഴ്‌സി അണിഞ്ഞ് പാരീസ് ഗ്രൗണ്ടിൽ മെസി ഇറങ്ങുകയും ചെയ്തു. കരിയറിന്‍റെ തുടക്കത്തിൽ മെസി ബാഴ്‌സലോണയിൽ ഉപയോഗിച്ച ജേഴ്‌സി നമ്പറുകളിൽ ഒന്നാണ് 30. കുടുംബസമേതം ഇന്നലെ പാരീസിൽ എത്തിയ മെസി വൈദ്യപരിശോധന പൂർത്തിയാക്കിയിരുന്നു. രണ്ട് വർഷത്തേക്ക് ആണ് പിഎസ്‍ജിയുമായുള്ള കരാർ. 35 ദശലക്ഷം യൂറോ ആയിരിക്കും ഒരു സീസണിൽ മെസിയുടെ വാർഷിക പ്രതിഫലം. പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് പുറത്തു തടിച്ചുകൂടിയത്.

✍️❤️💙 pic.twitter.com/aSGpMhjp2O

— Paris Saint-Germain (@PSG_English)

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെല്ലാം ധരിച്ച് ദിവ്യത്വം ലഭിച്ച പത്താം നമ്പര്‍ ജേഴ്സി മെസിക്ക് നല്‍കാന്‍ നെയ്‌മര്‍ തയാറായിരുന്നുവെന്നും എന്നാല്‍ മെസി അത് നിരസിച്ചുവെന്നും സ്‌പാനിഷ് പത്രമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുപ്പതാം നമ്പറാണ് മെസിയുടെ പുതിയ കുപ്പായം എന്ന് ഉറപ്പായത്. 

കണ്ണീര്‍ക്കടല്‍ മെസി-ബാഴ്‌സ വഴിപിരിയല്‍

ലിയോണല്‍ മെസിയും ബാഴ്‌സലോണയും നീണ്ട അഭ്യൂഹങ്ങള്‍ക്കും നാടകീയതകള്‍ക്കുമൊടുവിലാണ് വഴിപിരിഞ്ഞത്. 2000 സെപ്റ്റംബറിൽ തന്‍റെ പതിമൂന്നാം വയസിൽ ബാഴ്സയിലെത്തിയ ശേഷം മറ്റൊരു ക്ലബിന് വേണ്ടിയും മെസി പന്ത് തട്ടിയിട്ടില്ല. ഈ സീസണൊടുവില്‍ ബാഴ്‌സയുമായുള്ള കരാര്‍ അവസാനിച്ച മെസി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറിന് ക്ലബ് ശ്രമിച്ചെങ്കിലും ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം സാധ്യമാകാതെ വരികയായിരുന്നു.

ബാഴ്‌സയിലെ വിടവാങ്ങല്‍ പത്രസമ്മേളത്തില്‍ പൊട്ടിക്കരഞ്ഞ ലിയോണല്‍ മെസി ക്ലബുമായുള്ള ആത്മബന്ധം വൈകാരികമായി അടിവരയിട്ടു. 'കരിയറിലെ തുടക്കം മുതല്‍ ഞാനെല്ലാം ബാഴ്‌സലോണയ്ക്ക് വേണ്ടി സമര്‍പ്പിച്ചു. ഞാനിവിടുന്ന് പോകുന്നുവെന്നുള്ളത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ആരാധകര്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിനെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കും. ഇവിടെ നിന്ന് ഇങ്ങനെ പടിയിറങ്ങുമെന്ന് എന്റെ സ്വപ്‌നത്തില്‍ പോലും ഇല്ലായിരുന്നു' എന്നും വാര്‍ത്താസമ്മേളനത്തില്‍ മെസി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!