കലാഭവൻ മണി പോയ പോലെയെന്ന് ഐഎം വിജയൻ, സോഷ്യലിസ്റ്റ് പക്ഷത്ത് നിലകൊണ്ട ധീരനെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 25, 2020, 11:27 PM IST
Highlights

ദൈവത്തെ പോലെയാണ് താൻ മറഡോണയെ കാണുന്നതെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ. അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത്  കേരളത്തിലായിരിക്കും എന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: ദൈവത്തെ പോലെയാണ് താൻ മറഡോണയെ കാണുന്നതെന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ. ദൈവം നമ്മളെ വിട്ട് പോവുകയാണ്. കലാഭവൻ മണി മരിച്ചപ്പോഴുള്ള പോലെ വിഷമമാണ്. നാലഞ്ച് വർഷം മുൻപ് അദ്ദേഹത്തിനൊപ്പം കളിക്കാൻ പറ്റിയത് വലിയ ഭാഗ്യമായി കരുതുന്നു. രണ്ട് മൂന്ന് മിനുറ്റ് കളിക്കാൻ പറ്റിയത് വലിയ ഭാഗ്യമാണ്. ലോകം മുഴുവൻ വലിയ ദുഖത്തിലായിരിക്കും. ആർക്കും വിശ്വസിക്കാനാവാത്ത വാർത്തയാണ്. 1986 ലെ മറഡോണയുടെ കളി കണ്ടാണ് അദ്ദേഹത്തിന്റെ ആരാധകനായത്. നെഞ്ചിൽ മറഡോണ എന്ന് ടാറ്റൂ കുത്തിയത് ദൈവത്തെ പോലെ കരുതുന്നത് കൊണ്ടാണെന്നും ഐഎം വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അർജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത്  കേരളത്തിലായിരിക്കും എന്ന് കരുതുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. '1986 അർജന്റീന ലോകകപ്പ് ഉയർത്തിയതുമുതൽ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് കോണിൽ നടക്കുമ്പോഴും അദ്ദേഹത്തിന്റെ  ചിത്രങ്ങൾ ഏറ്റവുമധികം ഉയരുന്നത് ഈ കൊച്ചുകേരളത്തിലാണ്.  ക്യൂബയുടെയും ഫിദൽ  കാസ്ട്രോയുടെയും  അടുത്ത സുഹൃത്തായിരുന്നു മാറഡോണ എന്നത്  അദ്ദേഹത്തിന്റെ  സാമ്രാജ്യത്വ വിരുദ്ധ നിലപാടിന്റെ തെളിവാണ്. ആ മഹാനായ ഫുട്ബോളർ എന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ടു'- മുഖ്യമന്ത്രി പറഞ്ഞു.

മറഡോണ പെലെക്ക് ശേഷം ലോകം കണ്ട ഏറ്റവും മികച്ച താരമാണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അനുസ്മരിച്ചു. ഒറ്റയ്ക്ക് രാജ്യത്തെ ലോകകപ്പ് ജയിപ്പിച്ചത് അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതാണ്. ദൈവത്തിന്റെ കൈയും എന്റെ തലയും എന്ന അദ്ദേഹത്തിന്റെ പ്രതികരണം ഒരു ഫുട്ബോളർ സത്യത്തിനൊപ്പം മാത്രമെന്ന് തെളിയിക്കുന്നതാണ്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായി 90 ൽ പുറത്തുപോയി. പിന്നീട് കാസ്ട്രോയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത്, തനിക്കൊരു വലിയ അബദ്ധം പറ്റി. ഇനി ആ വഴിക്ക് പോകില്ല എന്നാണ്. മയക്കുമരുന്നിനെതിരായ പ്രചാരകനായി പിന്നീട് അദ്ദേഹം മാറി. ഫുട്ബോളിനെ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെടുത്തി കൊണ്ടുപോയ മഹാനായ കളിക്കാരനാണ് അദ്ദേഹം. ഒരുപക്ഷെ ലോക ഫുട്ബോളിൽ, ഇന്നത്തെ ടെക്നോളജിയില്ലാത്ത കാലത്ത്, ഒരു മാന്ത്രികനെ പോലെ, താനടിച്ച പിഴച്ച ഗോളിന് പകരം വീട്ടാനായി അഞ്ച് കളിക്കാരെ വെട്ടിച്ച് മുന്നോട്ട് പോയി ലോകത്തോട് പറഞ്ഞു, ഞാനിതാ സ്വന്തം പ്രയത്നത്തിൽ ഗോളടിച്ചുവെന്ന്. അന്ന് അർജന്റീന കാര്യമായ ടീമായിരുന്നില്ല. മറഡോണയുടെ മാത്രം കഴിവായിരുന്നു അർജന്റീനയെ ലോക ഫുട്ബോൾ ഭൂപടത്തിൽ എത്തിച്ചത്. കണ്ണൂരിൽ എത്തിയ മറഡോണയെ കാണാൻ സാധിക്കാഞ്ഞത് വലിയ നഷ്ടമായി കരുതുന്നു. ഫുട്ബോളിന് അദ്ദേഹത്തിന്റെ നഷ്ടം ഒരു മഹാനഷ്ടമാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ഫുട്ബോൾ പ്രേമികൾക്ക് വലിയ ദുഖം ഉണ്ടാക്കിയ വാർത്തയാണെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഷറഫലി പറഞ്ഞു. സ്വന്തം കഴിവ് കൊണ്ട് രാജ്യത്തെ ലോകകപ്പ് ജയിപ്പിക്കാൻ സാധിച്ച താരമാണ്. കണ്ണൂരിൽ വന്നപ്പോൾ അദ്ദേഹത്തെ നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചു. അദ്ദേഹത്തിന്റെ കഴിവുകളും മത്സരങ്ങളും ഗോളുകൾക്കും മരണമില്ലാതെ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

മറഡോണയുടെ മരണവാർത്തയറിഞ്ഞ് ഞെട്ടിപ്പോയെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. 1986 ൽ ഒറ്റയ്ക്ക് അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തതാണ് മറഡോണ. കായികലോകത്തിന് ദുഖകരമായ വാർത്തയാണ്. ഫിഡൽ കാസ്ട്രോയുടെ ആരാധകനും അടുത്ത വ്യക്തിബന്ധവുമുണ്ടായിരുന്നു. കേരളത്തിന്റെ കായിക രംഗം ദുഖം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

click me!