
കൊല്‍ക്കത്ത: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഇയിലെ ആദ്യ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കരുത്തരായ ഖത്തറിനെ അവരുടെ തട്ടകത്തില്‍ ഗോള്‍രഹിത സമനിലയില്‍ തളച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
2011ന് ശേഷം ആദ്യമായാണ് കൊല്‍കത്തയില്‍ ടീം ഇന്ത്യ കളിക്കുന്നത്. പരുക്ക് മാറിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിരിച്ചെത്തുമ്പോള്‍ സന്ദേശ് ജിംഗാന്റെ അഭാവം തിരിച്ചടിയാവും. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് എതിരായ സന്നാഹമത്സരത്തിലാണ് ജിംഗാന് പരിക്കേറ്റത്. പകരം മലയാളിതാരം അനസ് എടത്തൊടികയോ, നരേന്ദര്‍ ഗെലോട്ടോ ആദില്‍ ഖാനൊപ്പം പ്രതിരോധ നിരയിലെത്തും.
വിംഗര്‍ ആഷിക് കുരുണിയനും സഹല്‍ അബ്ദുള്‍ സമദുമാണ് ടീമിലെ മറ്റ് മലയാളികള്‍. ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ ഉജ്ജ്വല ഫോം ഇന്ത്യക്ക് കരുത്താവും. ഒമാനോട് തോറ്റതോടെ അഞ്ച് ടീമുകളുള്ള ഗ്രൂപ്പില്‍ ഒരു പോയിന്റുമായി നാലാമതാണിപ്പോള്‍ ഇന്ത്യ. ഖത്തറിനോടും അഫ്ഗാനിസ്ഥാനോടും തോറ്റ ബംഗ്ലാദേശ് അവസാന സ്ഥാനത്തും.
ഫിഫ റാങ്കിംഗില്‍ ഇന്ത്യ 104ഉം ബംഗ്ലാദേശ് 187ഉം സ്ഥാനത്താണ്. ഇരുടീമും 28 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ 11 കളിയില്‍ ജയിച്ചപ്പോള്‍ 15 മത്സരം സമനിലയിലാണ്. ബംഗ്ലാദേശിന് ജയിക്കാനായത് രണ്ട് കളിയില്‍ മാത്രം. അവസാം ഏറ്റുമുട്ടിയത് 2014 മാര്‍ച്ചില്‍. ഇരുടീമും രണ്ടുഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!