ബ്രസീലുമായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് മുന്‍ഗണന; ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്‍മാറി

Published : Aug 13, 2026, 06:17 PM IST
India Football

Synopsis

ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് മുൻഗണന നൽകുന്നതിനായി ഇന്ത്യ പ്രഥമ ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറി. ഒരേ സമയം രണ്ട് ടൂർണമെന്റുകളിലും കളിക്കാൻ സാധിക്കാത്തതിനാലാണ് ഈ തീരുമാനമെന്ന് എഐഎഫ്എഫ് അറിയിച്ചു.

ദില്ലി: ലോകചാമ്പ്യന്മാരായ ബ്രസീലിനെതിരെ കളിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി, പ്രഥമ ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി. എഐഎഫ്എഫ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം സത്യനാരായണനാണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. തെക്കുകിഴക്കന്‍ ഏഷ്യയിലെ മികച്ച ടീമുകള്‍ക്കൊപ്പം കളിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഈ തീരുമാനത്തിലൂടെ ഇന്ത്യക്ക് നഷ്ടമാകുന്നത്. 'ബ്രസീലിനെതിരെയും ഫിഫ ആസിയാന്‍ കപ്പിലും ഒരേസമയം കളിക്കാന്‍ കഴിയില്ല എന്നതിനാലാണ് ഞങ്ങള്‍ ആസിയാന്‍ കപ്പില്‍ നിന്ന് പിന്മാറിയത്.' സത്യനാരായണന്‍ പിടിഐയോട് പറഞ്ഞു.

സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 6 വരെയുള്ള ഫിഫ അന്താരാഷ്ട്ര വിന്‍ഡോയിലാണ് ആസിയാന്‍ കപ്പ് നിശ്ചയിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ട ടീമുകളില്‍ ഉള്‍പ്പെട്ടിരുന്ന ഇന്ത്യയെ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ 1 ഗ്രൂപ്പ് എ-യിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ബ്രസീലിനെതിരെ ഇന്ത്യയുടെ മത്സരം ഉറപ്പായതോടെയാണ് ഷെഡ്യൂളില്‍ പ്രതിസന്ധിയുണ്ടായത്. ആദ്യം ഒരു ഡെവലപ്മെന്റല്‍ ടീമിനെ ആസിയാന്‍ കപ്പിനായി അയക്കാനും സീനിയര്‍ ടീമിനെ ബ്രസീല്‍ മത്സരത്തിനായി നിലനിര്‍ത്താനും എഐഎഫ്എഫ് ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു.

പകരം ഈ അന്താരാഷ്ട്ര വിന്‍ഡോയില്‍ മറ്റ് സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ഫെഡറേഷന്റെ തീരുമാനം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായിട്ടാണ് ബ്രസീലിനെതിരെയുള്ള പോരാട്ടം വിലയിരുത്തപ്പെടുന്നത്. കൂടാതെ 2026 ഫിഫ ലോകകപ്പില്‍ കളിച്ച കേപ് വെര്‍ഡെ, ഇറാന്‍ തുടങ്ങിയ ടീമുകളുമായും സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ ഫെഡറേഷന്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍ ഇവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

2027 എഎഫ്‌സി ഏഷ്യന്‍ കപ്പിലേക്ക് യോഗ്യത നേടാനാകാതെ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് ആസിയാന്‍ കപ്പില്‍ നിന്നുള്ള ഈ പിന്മാറ്റം. ശക്തരായ എതിരാളികള്‍ക്കെതിരെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഐഎഫ്എഫ് ഇപ്പോള്‍ ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു
'ഇത് ഫുട്ബോൾ ലോകത്തിന്‍റെ ആലിംഗനം'; മടങ്ങിയെത്തിയ മെസിയെ കെട്ടിപ്പുണർന്ന് എതിർതാരം; വൈകാരികമായി ഫുട്ബോൾ ലോകം