അനസ് എടത്തൊടികയുടെ ജേഴ്സി സഹോദരങ്ങൾ സ്വന്തമാക്കിയത് 1,55,555 രൂപയ്ക്ക്; തുക ദുരിതാശ്വാസ നിധിയിലേക്ക്

By Web TeamFirst Published May 30, 2020, 4:33 PM IST
Highlights

ഗാലറിയെ കോരിത്തരിപ്പിച്ച ഇന്ത്യൻ താരത്തിന്‍റെ  ജേഴ്സിക്ക് ലേലത്തില്‍ കിട്ടിയത് 1,55,555 രൂപയാണ്. ജേഴ്‌സി സ്വന്തമാക്കിയത് കൊണ്ടോട്ടിയിലെ സഹോദരങ്ങളാണ്.


കൊണ്ടോട്ടി: കൊവിഡ് കാലത്ത് കാരുണ്യത്തിന്‍റെ കരുതലാവാന്‍ ഇന്ത്യന്‍ ഫുട്‌ബാളര്‍ അനസ് എടത്തൊടിക സമ്മാനിച്ച തന്‍റെ 22-ാം നമ്പര്‍ ജേഴ്‌സിയുടെ ലേലം പൂര്‍ത്തിയായി. ഗാലറിയെ കോരിത്തരിപ്പിച്ച ഇന്ത്യൻ താരത്തിന്‍റെ  ജേഴ്സിക്ക് ലേലത്തില്‍ കിട്ടിയത് 1,55,555 രൂപയാണ്. ജേഴ്‌സി സ്വന്തമാക്കിയത് കൊണ്ടോട്ടിയിലെ സഹോദരങ്ങളാണ്. കെ എൻ പി എക്സ്സ്‌പോർട്ടേഴ്സിന്റെ ഉടമകളായ സുഫിയാൻ കാരി, അഷ്‌ഫർ  സാനു എന്നിവരാണ് ജേഴ്‌സി ലേലത്തിൽ എടുത്തത്. 

ഫുട്ബാൾ അരാധാകരായ ഇവർ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് കൊണ്ടോട്ടി ഡി വൈ എഫ് ഐ പ്രവർത്തകർ അനസിന്റെ ജേഴ്‌സി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താനായി  ലേലത്തിൽ വെക്കുന്ന വിവരമറിഞ്ഞത്. പിന്നേ മറുത്തൊന്നും ഇവർക്ക് ചിന്തിക്കേണ്ടി  വന്നില്ല. വൻ തുക നൽകി ജേഴ്‌സി സ്വന്തമാക്കുകയായിരുന്നു. 

ജേഴ്‌സിയിൽനിന്ന്‌ ലഭിക്കുന്ന വരുമാനം  കൊവിഡ്‌ പ്രതിരോധത്തിനായി സ്വരൂപിക്കുന്ന ദുരിതാശ്വാസ നിധിയുടെ ഭാഗമാകും. അനസ് ആദ്യമായി ഇന്ത്യക്ക് വേണ്ടി എഎഫ്‌സി ഏഷ്യൻ  ടൂർണമെന്റിൽ ഇറങ്ങിയപ്പോൾ അണിഞ്ഞ ജേഴ്സിയാണ് ലേലത്തിന് വെച്ചത്. ഇന്ത്യൻനിരയിലെ ഏറ്റവും പ്രതിഭാധനനായ ഡിഫൻഡർ എന്ന്‌ലോകോത്തര താരങ്ങൾ വാഴ്‌ത്തിയ ഐഎസ്‌എൽ താരംകൂടിയായ അനസ്‌ മൈതാനത്തിന്‌ സമ്മാനിച്ച ആവേശ നിമിഷങ്ങൾക്കൊപ്പംതന്നെയാണ്‌ അതിന്റെ അടയാളമായ ജേഴ്‌സി ദാനംചെയ്‌തതിനെയും  ആരാധകർ കാണുന്നത്‌. ജേഴ്‌സി ഉടൻ കൈമാറുമെന്ന് ഡി വൈ എഫ് ഐ നേതാക്കൾ അറിയിച്ചു.

click me!