
ബംഗലൂരു: ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകനും ഐഎസ്എല്ലില്‍ ബംഗലൂരു എഫ്‌സിയുടെ താരവുമായിരുന്ന സുനില്‍ ഛേത്രിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഛേത്രി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ആരാധകരെ അറിയിച്ചത്.
അത്ര സന്തോഷകരമല്ലാത്ത ഒരു വാര്‍ത്ത അറിയിക്കാനുണ്ട്. എനിക്ക് കൊവിഡ് സ്ഥിരികീരിച്ചിരിക്കുന്നു. എങ്കിലും രോഗത്തിന്‍റെ മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നത് സന്തോഷകരമാണ്. വൈകാതെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തും. എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു എന്നായിരുന്നു ഛേത്രിയുടെ ട്വീറ്റ്.
ഐഎസ്എല്ലില്‍ ബെംഗലൂരു നായകനായിരുന്ന 36കാരനായ ഛേത്രിക്ക് ടീമിനെ ഏഴാം സ്ഥാനത്ത് എത്തിക്കാനെ കഴിഞ്ഞിരുന്നുള്ളു. സീസണില്‍ എട്ടു ഗോളുകളാണ് ഛേത്രി നേടിയത്. ഛേത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഈ മാസം 25നും 29നും ഒമാനും യുഎഇക്കുമെതിരെ നടക്കുന്ന ഇന്ത്യയുടെ സൗഹൃദ മത്സരങ്ങളില്‍ അദ്ദേഹം കളിക്കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
സന്നാഹമത്സരത്തിനുള്ള ഇന്ത്യയുടെ പരിശീലന ക്യാമ്പ് ഈ മാസം 15 മുതല്‍ ആരംഭിക്കാനിരിക്കെയാണ് ഛേത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവന്നത്. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 2019 നവംബറില്‍ ഖത്തറിനെതിരെയാണ് ഛേത്രി അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!