സെനഗലോ, ഇക്വഡോറോ? ഇറാനും സുവര്‍ണാവസരം! ഗ്രൂപ്പ് ബിയില്‍ നാല് ടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടര്‍ സാധ്യത

By Web TeamFirst Published Nov 29, 2022, 1:03 PM IST
Highlights

ഖത്തറിനോട് സമനില നേടിയാലും നെതര്‍ലന്‍ഡ്‌സിന് ഗ്രൂപ്പ് കടക്കാം. നിരവധി വമ്പന്മാര്‍ കടപുഴകിയ ലോകകപ്പായതിനാല്‍ ആതിഥേയര്‍ക്കെതിരെ കരുതിത്തന്നെയാകും നെതര്‍ലന്‍ഡ്‌സ് ഇറങ്ങുക.

ദോഹ: ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് എയില്‍ പ്രീക്വാര്‍ട്ടര്‍ പ്രവേശനം തീരുമാനിക്കുന്ന നിര്‍ണായക മത്സരങ്ങള്‍ ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് ആതിഥേയരായ ഖത്തറിന് നെതര്‍ലന്‍ഡ്‌സും സെനഗലിന് ഇക്വഡോറുമാണ് എതിരാളികള്‍. ആതിഥേയരായ ഖത്തര്‍ ഒഴികെയുള്ള ഗ്രൂപ്പ് എയിലെ മൂന്ന് ടീമുകള്‍ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തോല്‍വിയറിയാത്ത നെതര്‍ലന്‍ഡ്‌സ്, ഇക്വഡോര്‍ ടീമുകള്‍ക്ക് നാല് പോയിന്റും ഒരു ജയമുള്ള സെനഗലിന് മൂന്ന് പോയിന്റുമാണുള്ളത്.

ഖത്തറിനോട് സമനില നേടിയാലും നെതര്‍ലന്‍ഡ്‌സിന് ഗ്രൂപ്പ് കടക്കാം. നിരവധി വമ്പന്മാര്‍ കടപുഴകിയ ലോകകപ്പായതിനാല്‍ ആതിഥേയര്‍ക്കെതിരെ കരുതിത്തന്നെയാകും നെതര്‍ലന്‍ഡ്‌സ് ഇറങ്ങുക. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളിലും തോല്‍ക്കുന്ന ആദ്യ ആതിഥേയരെന്ന മോശം റെക്കോര്‍ഡ് മാറ്റാന്‍ അഭിമാനപ്പോരാട്ടമാണ് ഖത്തറിന്. ഏഷ്യന്‍ ചാംപ്യന്മാരെങ്കിലും സമീപകാലത്ത് പ്രകടനത്തില്‍ വലിയ തിരിച്ചടിയാണ് ഖത്തര്‍ നേരിട്ടത്. 

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒരു ആശ്വാസജയമാണ് ടീമിന്റെ ലക്ഷ്യം. ഇക്വഡോറിനെതിരെയിറങ്ങുന്ന ആഫ്രിക്കന്‍ ചാംപ്യന്മാരായ സെനഗലിന് നോക്കൗട്ടിലെത്താന്‍ ജയം അനിവാര്യം. സമനില നേടിയാലും ഇക്വഡോറിന് ഗ്രൂപ്പ് കടക്കാം. രണ്ട് മത്സരങ്ങളില്‍ മൂന്ന് ഗോള്‍ നേടിയ ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയ തന്നെയാകും സെനഗലിന് വെല്ലുവിളിയാവുക. നെതര്‍ലന്‍ഡ്‌സിനെ പോലും സമനിലയില്‍ തളച്ച കരുത്ത് ഇക്വഡോറിന് ആത്മവിശ്വാസം നല്‍കും. സാദിയോ മാനെയുടെ അഭാവം മുന്നേറ്റത്തില്‍ പ്രകടമാണെങ്കിലും അലിയോ സിസെയുടെ തന്ത്രങ്ങളിലാണ് സെനഗലിന്റെ പ്രതീക്ഷ. 

ഗ്രൂപ്പ് ബിയിലും പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് ഇന്ന് വ്യക്തമാകും. ഗ്രൂപ്പില്‍ നാല് പോയിന്റുമായി ഇംഗ്ലണ്ടാണ് മുന്നില്‍. മൂന്ന് പോയിന്റുള്ള ഇറാന്‍ രണ്ടാമതാണ്. മൂന്നാം സ്ഥാനത്തുള്ള യുഎസ്എയ്ക്് രണ്ട് പോയിന്റാണുള്ളത്. ഇറാനോട് കഴിഞ്ഞ മത്സരം തോറ്റ വെയ്ല്‍സ് ഒരു പോയിന്റുമായി നാലമതാണ്. എന്നാല്‍ എല്ലാവര്‍ക്കും നോക്കൗട്ട് സാധ്യത ഇപ്പോഴുമുണ്ട്. യുഎസിന്, ഇറാനെ തോല്‍പ്പിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താം. തിരിച്ച് സംഭവിച്ചാല്‍ ഇറാനും അവസാന പതിനാറിലെത്തും. സമനില ആയാല്‍ പോലും ഇറാന്‍ അവസരമുണ്ട്. യുഎസിന് വിജയം അനിവാര്യമാണ്.

ഫ്രാന്‍സിന് സന്തോഷ വാര്‍ത്ത; കരീം ബെന്‍സേമ തിരിച്ചെത്തിയേക്കും, ടീമിനൊപ്പം ചേരും

click me!