
ടെഹ്‌റാൻ: ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട് വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറി. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് ഇറാൻ കായികമന്ത്രി അഹ്മദ് ദുന്യാമലി അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ വധിച്ചവരുമായി ഒരു തരത്തിലും സഹകരിക്കാൻ കഴിയില്ലെന്നാണ് ഇറാന്റെ നിലപാട്.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചിരുന്നു. രാജ്യത്തിന്റെ പരമോന്നത നേതാവിനെയും ആയിരക്കണക്കിന് പൗരന്മാരെയും കൊലപ്പെടുത്തിയ രാജ്യത്ത് ചെന്ന് കളിക്കുന്നത് ആത്മാഭിമാനത്തിന് നിരക്കാത്തതാണെന്ന് ഇറാൻ കരുതുന്നു. അമേരിക്കൻ മണ്ണിൽ ഇറാൻ താരങ്ങൾ സുരക്ഷിതരായിരിക്കില്ലെന്ന് കായികമന്ത്രി വ്യക്തമാക്കി. നിലവിലെ യുദ്ധസാഹചര്യത്തിൽ ലോകകപ്പിൽ പങ്കെടുക്കാനുള്ള ഒരന്തരീക്ഷവും രാജ്യത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിൽ ഗ്രൂപ്പ് ജി-യിലാണ് ഇറാൻ ഉൾപ്പെട്ടിരുന്നത്. ബെൽജിയം, ഈജിപ്റ്റ്, ന്യൂസീലൻഡ് എന്നിവരായിരുന്നു ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഇറാന്റെ മത്സരങ്ങളെല്ലാം അമേരിക്കൻ നഗരങ്ങളായ കാലിഫോർണിയയിലും സിയാറ്റിലിലുമായിരുന്നു നിശ്ചയിച്ചിരുന്നത്. ഇറാന്റെ പിന്മാറ്റ വാർത്തകൾക്കിടെ, ഇറാൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ ടീമിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് ഇൻഫന്റിനോ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എന്നാൽ, ഔദ്യോഗിക പിന്മാറ്റം അറിയിച്ച സാഹചര്യത്തിൽ ഫിഫ എന്ത് നടപടി സ്വീകരിക്കുമെന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് നടക്കുന്നത്. ഇറാന്റെ പിന്മാറ്റം ടൂർണമെന്റിന്റെ ആവേശത്തെയും ഗ്രൂപ്പ് ഘടനയെയും വലിയ രീതിയിൽ ബാധിക്കാൻ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!