ആരാധകര്‍ കാത്തിരിക്കുന്ന സ്വപ്ന പോരാട്ടം! മെസിയും റോണോയും നേര്‍ക്കുനേര്‍, ഖത്തര്‍ ലോകകപ്പില്‍ സാധ്യമോ?

By Web TeamFirst Published Dec 7, 2022, 6:45 PM IST
Highlights

സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നിവരെല്ലാം സുവര്‍ണ കപ്പില്‍ മുത്തമിടാനുള്ള സ്വപ്നങ്ങള്‍ക്ക് പിന്നാലെയാണ്. റൊണാള്‍ഡോയ്ക്കും മെസിക്കും വിശ്വ കിരീടത്തില്‍ മുത്തമിടാനുള്ള അവസാന അവസരമായാണ് ഖത്തര്‍ കണക്കാക്കപ്പെടുന്നത്.

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ആവേശം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി നില്‍ക്കുകയാണ്. അര്‍ജന്‍റീന, നെതര്‍ലാന്‍ഡ്സ്, ബ്രസീല്‍, ക്രൊയേഷ്യ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, മൊറോക്കോ, പോര്‍ച്ചുഗല്‍ എന്നിവരാണ് ക്വാര്‍ട്ടറില്‍ കടന്നിട്ടുള്ളത്. സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, നെയ്മര്‍, എംബാപ്പെ എന്നിവരെല്ലാം സുവര്‍ണ കപ്പില്‍ മുത്തമിടാനുള്ള സ്വപ്നങ്ങള്‍ക്ക് പിന്നാലെയാണ്. റൊണാള്‍ഡോയ്ക്കും മെസിക്കും വിശ്വ കിരീടത്തില്‍ മുത്തമിടാനുള്ള അവസാന അവസരമായാണ് ഖത്തര്‍ കണക്കാക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ ഇരുവരും നേര്‍ക്കുനേര്‍ ഒരു ലോകകപ്പില്‍ മത്സരത്തില്‍ വരുമോയെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. അതിനുള്ള സാധ്യതകളെല്ലാം ഇതിനകം ഖത്തറില്‍ തെളിഞ്ഞു കഴിഞ്ഞു. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനെ തോല്‍പ്പിച്ചാല്‍ അര്‍ജന്‍റീന സെമിയില്‍ നേരിടേണ്ടി വരിക ക്രൊയേഷ്യ - ബ്രസീല്‍ മത്സരത്തിലെ വിജയികളെയാണ്. മറുവശത്ത് മൊറോക്കോയെ മറികടക്കാനായാല്‍ അവസാന നാലില്‍ പോര്‍ച്ചുഗലിന് എതിരാളികളാവുക ഇംഗ്ലണ്ട് - ഫ്രാന്‍സ് മത്സരത്തിലെ വിജയികളാണ്.

അര്‍ജന്‍റീനയും പോര്‍ച്ചുഗലും സെമിയും കടന്ന് എത്തിയാല്‍ ലോകമാകെ കാത്തിരിക്കുന്നത് പോലെ ലോകകപ്പിന്‍റെ കലാശപ്പോരില്‍ മെസിയും റൊണാള്‍ഡോയും പരസ്പരം ഏറ്റുമുട്ടും. നേരത്തെ, ലോകകപ്പിന് മുമ്പ് വിരമിക്കലിനെ കുറിച്ച് അത്ഭുതാവഹമായ ഒരു കാര്യം സിആര്‍7 തന്‍റെ അഭിമുഖത്തില്‍ പിയേഴ്സ് മോര്‍ഗനുമായി പങ്കുവെച്ചിരുന്നു. ലോകകപ്പില്‍ പോര്‍ച്ചുഗല്‍-അര്‍ജന്‍റീന ഫൈനല്‍ നടക്കുന്നു എന്ന് കരുതുക. റൊണാള്‍ഡോയും ലിയോണല്‍ മെസിയും രണ്ട് ഗോള്‍ വീതം നേടുന്നു. 94-ാം മിനുറ്റില്‍ ഹാട്രിക് തികച്ച് റൊണാള്‍ഡോ പോര്‍ച്ചുഗലിന് കിരീടം നേടിക്കൊടുക്കുന്നു.

ഇതിനോട് എന്ത് പറയുന്നു എന്നായിരുന്നു പിയേഴ്സ് മോര്‍ഗന്‍റെ ചോദ്യം. റോണോയുടെ പ്രതികരണം ഇങ്ങനെ... 'പരമാവധി എനിക്ക് രണ്ടോ മൂന്നോ വര്‍ഷം കൂടി കളിക്കണം. വിരമിക്കാന്‍ ഉചിതമായ പ്രായമാണ് 40. എന്നാല്‍ ഭാവി എന്താകുമെന്ന് പറയാനാവില്ല. ഗോള്‍കീപ്പര്‍ ഗോള്‍ നേടി ലോകകപ്പ് നേടിയാലും മൈതാനത്ത് ഏറ്റവും സന്തോഷമുള്ളയാള്‍ ഞാനായിരിക്കും. പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തിയാല്‍ അതിന് ശേഷം വിരമിക്കും' എന്നും സിആര്‍7 അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, അവസാന അങ്കത്തിന് മുമ്പ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പോരാട്ടം കൂടെ ഖത്തറില്‍ അരങ്ങേറാനുള്ള സാധ്യതയുണ്ട്. ഫുട്ബോള്‍ ലോകത്ത് പേരും പെരുമയും ആവോളമുള്ള ബ്രസീലും അര്‍ജന്‍റീനയും തമ്മില്‍ സെമി ഫൈനലില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയാണത്. ഇരു ടീമുകളും ക്വാര്‍ട്ടറില്‍ ജയത്തോടെ മുന്നേറിയാൽ സെമി പോരാട്ടത്തിൽ ഏറ്റുമുട്ടേണ്ടിവരും. അതിന് അര്‍ജന്‍റീനയ്ക്ക് നെതര്‍ലാന്‍ഡ്സിനെയും ബ്രസീലിന് ക്രൊയേഷ്യയെും കടക്കണം. 

'വെറും 30 മിനിറ്റ്, അദ്ദേഹം വന്ന് രക്ഷിച്ചു; ഖത്തർ പൊലീസിനെ വാഴ്ത്തി മഴവില്‍ പതാകയുമായി പ്രതിഷേധിച്ച യുവാവ്

click me!