'റോണോ അവിശ്വസനീയ മികവുള്ള താരം, പക്ഷേ സ്വന്തമാക്കാനില്ല'; നിലപാട് വ്യക്തമാക്കി ഫ്രഞ്ച് ക്ലബ്ബ് പിഎസ്‍ജി

By Web TeamFirst Published Dec 7, 2022, 6:02 PM IST
Highlights

ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തുന്ന ജൂഡ് ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാന്‍ താത്പര്യമുണ്ടെന്നും പിഎസ്‍ജി പ്രസിഡന്‍റ് വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡ‍ോയ്ക്കെതിരെ വിമര്‍ശനം കടുത്തിരുന്നു.

പാരീസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍
താത്പര്യമില്ലെന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്‍ജി. നിലവിലെ സാഹചര്യത്തിൽ റൊണാള്‍ഡോയെ ടീമിൽ എത്തിക്കാന്‍ കഴിയില്ലെന്ന് ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അൽ ഖെലെയ്ഫി പറഞ്ഞു. ക്രിസ്റ്റ്യാനോ ഇപ്പോഴും അവിശ്വസനീയമായ മികവുള്ള താരമാണ്. എന്നാൽ, മെസി, നെയ്മര്‍, എംബാപ്പേ എന്നിവരുള്ളപ്പോള്‍ റൊണാൾഡോയെ ടീമിലെത്തിക്കുക ബുദ്ധിമുട്ടാണെന്നും നാസര്‍ വ്യക്തമാക്കി.

ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തുന്ന ജൂഡ് ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാന്‍ താത്പര്യമുണ്ടെന്നും പിഎസ്‍ജി പ്രസിഡന്‍റ് വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡ‍ോയ്ക്കെതിരെ വിമര്‍ശനം കടുത്തിരുന്നു.  ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ലോപ്പ് ഇലവനിലാണ് ക്രിസ്റ്റ്യാനോ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകനം നോക്കി ഒരോ കളിക്കാരനും റേറ്റിംഗ് പോയന്‍റ് നല്‍കി സോഫാസ്കോര്‍ നടത്തിയ മോശം ഇലവനെ തെരഞ്ഞെടുത്തപ്പോഴാണ് റൊണാള്‍ഡോയും ഇതില്‍ ഇടം നേടിയത്.

പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള പ്രീ ക്വാര്‍ട്ടറില്‍ താരത്തിന് ആദ്യ ഇലവനിലും ഇടം നേടാന്‍ കഴിഞ്ഞില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ റദ്ദാക്കിയതോടെ ഫ്രീഏജന്‍റായ റൊണാള്‍ഡോ സൗദി ലീഗില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ​സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസറിലേക്ക് ചേക്കേറും എന്ന റിപ്പോർട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 200 മില്യണ്‍ യൂറോയോളം തുകയ്ക്ക് രണ്ടര വർഷ കരാറാണ് റോണോയ്ക്ക് അല്‍ നാസർ വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

പിയേഴ്സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു. റൊണാള്‍ഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകള്‍ക്ക് ക്ലബ് സിആർ7ന് നന്ദി പറഞ്ഞു. യുണൈറ്റില്‍ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടാംവരവില്‍ 54 കളിയില്‍ 27 തവണ വലകുലുക്കി. 2003 മുതല്‍ 2009 വരെയായിരുന്നു യുണൈറ്റഡില്‍ റോണോയുടെ ആദ്യ കാലം. 

'എന്തൊരു നാണക്കേട്'; റോണോ ആദ്യ ഇലവനില്‍ വരാത്തതില്‍ നീരസം പ്രകടിപ്പിച്ച് പങ്കാളി, സാന്‍റോസിന് വിമര്‍ശനം

click me!