ഐഎസ്എല്‍: ആദ്യ ജയത്തിന് ചെന്നൈയിന്‍; വെല്ലുവിളിയാവാന്‍ എടികെ

By Web TeamFirst Published Oct 30, 2019, 11:57 AM IST
Highlights

ഇതുവരെ ജയിക്കാത്ത ടീമാണെങ്കിലും ചെന്നൈയിനെ ദുർബലരായി കാണില്ലെന്ന് എടികെ കോച്ച് ഹബാസ്

ചെന്നൈ: ഐ‌എസ്‌എല്ലിൽ ഇന്ന് മുൻ ചാമ്പ്യൻമാരുടെ പോരാട്ടം. ചെന്നൈയിൻ എഫ്‌സി വൈകിട്ട് ഏഴരയ്‌ക്ക് എടികെയെ നേരിടും. ആദ്യജയം ലക്ഷ്യമിട്ടാണ് ചെന്നൈയിൻ സ്വന്തം കാണികൾക്ക് മുന്നിൽ വീണ്ടുമിറങ്ങുന്നത്. 

എന്നാല്‍ ഹൈദരാബാദിന്‍റെ വലനിറച്ചെത്തുന്ന എടികെയെ മറികടക്കുക ചെന്നൈയിന് എളുപ്പമാവില്ല. ആദ്യകളിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റെങ്കിലും ഹൈദരാബാദിനെതിരെ അഞ്ച് ഗോളാണ് എടികെ സ്‌കോർ ചെയ്തത്. വിലക്ക് മാറാത്ത ജോബി ജസ്റ്റിൻ ഇന്നും കളിക്കില്ല. എങ്കിലും ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ, എഡു ഗാർസ്യ, മൈക്കൽ സുസൈരാജ് തുടങ്ങിയവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. പ്രതിരോധത്തിന് കരുത്ത് പകരാൻ മലയാളിതാരം അനസ് എടത്തൊടികയുമുണ്ട്. 

ഗോവയോട് മൂന്ന് ഗോളിന് തോറ്റ ചെന്നൈയിൻ അവസാന കളിയിൽ മുംബൈയോട് ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞു. മുന്നേറ്റനിര സുവർണാവസരങ്ങൾ പാഴാക്കുന്നതാണ് ചെന്നൈയിന് തിരിച്ചടിയാവുന്നത്. പ്രതിരോധത്തിലും കോച്ച് ജോൺ ഗ്രിഗറിക്ക് ആശങ്കയുണ്ട്. ഇതുവരെ ജയിക്കാത്ത ടീമാണെങ്കിലും ചെന്നൈയിനെ ദുർബലരായി കാണില്ലെന്ന് എടികെ കോച്ച് ഹബാസ് പറഞ്ഞു. 

click me!