ജയിക്കാനുറച്ച് ചെന്നൈയിനും ജംഷെഡ്‌പൂരും; ഐഎസ്എല്ലില്‍ പോരാട്ടം പൊടിപൊടിക്കും

By Web TeamFirst Published Jan 23, 2020, 11:18 AM IST
Highlights

12 കളിയിൽ പതിനാറ് പോയിന്റുള്ള ജംഷെഡ്‌പൂര്‍ ആറും 15 പോയിന്റുള്ള ചെന്നൈയിൻ ഏഴും സ്ഥാനങ്ങളിലാണ്

ചെന്നൈ: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്‌സി ഇന്ന് ഹോം ഗ്രൗണ്ടിൽ ജംഷെഡ്പൂർ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്‌ക്കാണ് കളിതുടങ്ങുക. പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരുടീമിനും ജയം അനിവാര്യമാണ്. 12 കളിയിൽ പതിനാറ് പോയിന്റുള്ള ജംഷെഡ്പൂ‍ര്‍ ആറും 15 പോയിന്റുള്ള ചെന്നൈയിൻ ഏഴും സ്ഥാനങ്ങളിലാണ്. 

ജംഷെഡ്പൂരിൽ നടന്ന ആദ്യപാദ മത്സരം ഇരുടീമും ഓരോഗോൾ വീതം നേടി സമനിലയിൽ അവസാനിക്കുകയായിരുന്നു. അവസാന അ‍ഞ്ച് ഹോം മത്സരത്തിൽ നാലിലും ജയിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈയിൽ. ക്രിവെല്ലാറോ, വാൽസ്‌കിസ്, ചാംഗ്തേ ത്രയത്തിലാണ് ചെന്നൈയിന്റെ പ്രതീക്ഷ. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നേടിയ ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ജംഷെഡ്പൂർ ചെന്നൈയിൽ എത്തിയിരിക്കുന്നത്.

ഒഡീഷയെ പൂട്ടി; ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഛേത്രിയും സംഘവും

ഇന്നലെ നടന്ന മത്സരത്തോടെ ഏഴാം ജയം സ്വന്തമാക്കിയ ബെംഗളൂരു എഫ്‌സി ലീഗില്‍ ഒന്നാംസ്ഥാനം വീണ്ടെടുത്തു. ഒഡീഷ എഫ്‌‌സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു നിലവിലെ ചാമ്പ്യൻമാരുടെ ജയം. ഡെഷോൺ ബ്രൗൺ(23), രാഹുൽ ബെക്കെ(25), സുനിൽ ഛേത്രി(61-P) എന്നിവരാണ് ബെംഗളൂരുവിന്റെ ഗോളുകള്‍ നേടിയത്. 

സീസണില്‍ 14 കളിയിൽ 25 പോയിന്റോടെയാണ് ഛേത്രിയും സംഘവും ഒന്നാമതെത്തിയത്. 21 പോയിന്റുള്ള ഒഡീഷ പ്ലേ ഓഫ് പ്രതീക്ഷയോടെ നാലാം സ്ഥാനത്ത് തുടരുന്നു.

click me!