'എല്ലാം പതിവുപോലെ'; വമ്പന്‍ തിരിച്ചുവരവിനൊടുവില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

By Web TeamFirst Published Jan 25, 2020, 9:35 PM IST
Highlights

ആദ്യ പകുതിയില്‍ രണ്ട് ഗോളടിച്ച് ലീഡ് പിടിച്ച ഗോവയ്‌ക്ക് ഒരുവേള ബ്ലാസ്റ്റേഴ്‌സ് ചുട്ട മറുപടി നല്‍കിയിരുന്നു

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ കരുത്തരായ എഫ്‌സി ഗോവയെ വിറപ്പിച്ചശേഷം തളയ്‌ക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സിന് മടക്കം. രണ്ടാം പകുതിയിലെ ഇരട്ട ഗോളില്‍ ആവേശസമനില പിടിച്ച ശേഷമാണ് മഞ്ഞപ്പട കളി കൈവിട്ടത്. ഗോവയിലെ ഫത്തോഡ സ്റ്റേഡിയത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ഗോളടിവീരന്‍മാരായ ഗോവയുടെ വിജയം. ഇതോടെ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതീക്ഷകള്‍ നിലയില്ലാക്കയത്തിലായി. 

നേരത്തെ, ആദ്യ പകുതിയില്‍ രണ്ട് ഗോളടിച്ച് മുന്നിലെത്തിയിരുന്നു ഗോവ. 26-ാം മിനുറ്റില്‍ ഹ്യൂഗോ ബോമൂസാണ് മത്സരത്തിലെ ആദ്യ ഗോള്‍ പേരിലാക്കിയത്. മന്ദര്‍റാവു ദേശായിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. ആദ്യ പകുതിക്ക് സെക്കന്‍റുകള്‍ ബാക്കിനില്‍ക്കേ രണ്ടാം ഗോളും പിറന്നു. ഇക്കുറി കാരണക്കാരനായത് കോറോ. മഞ്ഞക്കുപ്പായത്തില്‍ കളിച്ചിട്ടുള്ള ജാക്കിചന്ദ് സിംഗ് വലകുലുക്കിയതോടെ ഗോവയ്‌ക്ക് രണ്ട് ഗോള്‍ ലീഡുമായി(2-0) ഇടവേള.

വീണ്ടും മെസ്സി. ഒഗ്‌ബെച്ചേ

രണ്ടാം പകുതിയില്‍ ഷാട്ടോരിയുടെ കുട്ടികള്‍ ഗിയര്‍മാറ്റി. ആക്രമണത്തില്‍ മൂര്‍ച്ച കൂട്ടിയപ്പോള്‍ അമ്പത്തിമൂന്നാം മിനുറ്റില്‍ ആദ്യ ഫലം കണ്ടു. നായകന്‍ ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചേ വച്ചുനീട്ടിയ പാസില്‍ മെസ്സി ബൗളിയുടെ സുന്ദരന്‍ ഫിനിഷിംഗ്. 

അറുപത്തിയൊമ്പതാം മിനുറ്റില്‍ വീണ്ടും ഒക്‌ബെച്ചേയുടെ മുന്നേറ്റം. ടീമില്‍ തിരിച്ചെത്തിയ മധ്യനിര താരം സിഡോഞ്ചയുടെ പാസില്‍ ബ്ലാസ്റ്റേഴ്‌സ് നായകന്‍ വലകുലുക്കി. ഇതോടെ സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സ് 2-2ന് സമനില പിടിച്ചു. മിന്നലാക്രമണങ്ങള്‍ തുടരാനായിരുന്നു ഷാട്ടോരിയുടെ പദ്ധതി. മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദ് 74-ാം മിനുറ്റില്‍ കളത്തിലെത്തി. 

80 മിനുറ്റിന് ശേഷം...വീണ്ടും ദുരന്തം

എന്നാല്‍ 83-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതീക്ഷകള്‍ വീണ്ടും തെറ്റി. അവസാന മിനുറ്റുകളില്‍ ഗോള്‍ വഴങ്ങുന്നവര്‍ എന്ന ചീത്തപ്പേര് ഇക്കുറിയും മാറിയില്ല. ജാഹുവിന്‍റെ അസിസ്റ്റില്‍ ഹ്യൂഗോ ബോമൂസ് ലക്ഷ്യം കണ്ടതോടെ 3-2. മത്സരത്തില്‍ ഹ്യൂഗോയുടെ രണ്ടാം ഗോള്‍. അതും ജാഹുവിന്‍റെ ലോംഗ് പാസില്‍ ബോക്‌സിനുള്ളില്‍ നിന്നൊരു ഉഗ്രന്‍ സൈഡ് വോളി. ഇതോടെ ബ്ലാസ്റ്റേഴ്‌സിന്‍റെ കഥ കഴിഞ്ഞു. ഏഴ് മിനുറ്റ് അധികസമയം മുതലാക്കാനുമായില്ല. 

പതിനാല് മത്സരങ്ങളില്‍ 14 പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്താണ്. അതേസമയം ജയത്തോടെ ഗോവ പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തി. 14 മത്സരങ്ങളില്‍ 27 പോയിന്‍റാണ് ടീമിനുള്ളത്. രണ്ടാമതുള്ള ബെംഗളൂരു എഫ്‌സിക്ക് 25 പോയിന്‍റും. എടികെയാണ് മൂന്നാമത്. 

click me!