
കൊച്ചി: ഐഎസ്എല്ലില്‍ ഹൈദരാബാദിനെതിരായ വമ്പന്‍ ജയം കേരള ബ്ലാസ്റ്റേഴ്‌സിന് നേട്ടമാകുമെന്ന് സന്ദേശ് ജിംഗാന്‍. പ്ലേ ഓഫിലെത്താന്‍ ഇനിയും അവസരം ഉണ്ടെന്നും പരിക്ക് കാരണം വിശ്രമത്തിലുള്ള ബ്ലാസ്റ്റേഴ്‌സ് താരം പറഞ്ഞു.
ഹൈദരാബാദ് എഫ്‌സിയുടെ വലയിൽ അഞ്ച് വട്ടം പന്തെത്തിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രകടനം നേരില്‍ കാണാനായതിന്‍റെ ആവേശത്തിലാണ് സന്ദേശ് ജിംഗാന്‍. വിജയവഴിയിൽ നിന്ന് മാറിനിന്നപ്പോഴും ടീമിനെ കൈവിടാതിരുന്ന ആരാധകര്‍ ഇത്തരമൊരു ജയം അര്‍ഹിച്ചിരുന്നു. ഏഴ് മത്സരം ബാക്കിയുള്ളപ്പോള്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ടീമുകള്‍ തമ്മിൽ വലിയ അന്തരമില്ലാത്തതിനാൽ സീസണിന്‍റെ രണ്ടാം പകുതിയിൽ പ്രതീക്ഷയ്‌ക്ക് വകയുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് മുന്‍ നായകന്‍ വ്യക്തമാക്കി.
കാൽമുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയനായതിനെ തുടര്‍ന്ന് സീസണിൽ ഇതുവരെ കളിക്കാന്‍ ജിംഗാന് കഴിഞ്ഞിട്ടില്ല. അടുത്ത ഞായറാഴ്‌ച എടികെയ്‌ക്കെതിരെ കൊൽക്കത്തയിലാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം.
അഞ്ചടിച്ച് കലിപ്പടക്കിയ ബ്ലാസ്റ്റേഴ്‌സ്
കൊച്ചിയിൽ ഹൈദരാബാദ‌് എഫ‌്സിയെ ഒന്നിനെതിരെ അഞ്ച‌് ഗോളുകൾക്കാണ് മഞ്ഞപ്പട തകർത്തത്. ക്യാപ‌്റ്റൻ ബർതലോമിയോ ഒഗ‌്ബച്ചെ ഇരട്ട ഗോളടിച്ചപ്പോള്‍ റാഫേൽ മെസി ബൗളി, പ്രതിരോധക്കാരൻ വ്ലാട‌്കോ ഡ്രോബറോവ‌്, സെയ‌്ത്യാസെൻ സിംഗ‌് എന്നിവരും ബ്ലാസ‌്റ്റേഴ‌്സിനായി വല കുലുക്കി. ഹൈദരബാദിനായി ബോബോയാണ‌് ആശ്വാസ ഗോളടിച്ചത‌്. 11 മത്സരം കളിച്ച ബ്ലാസ്റ്റേഴ്‌സ് 11 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!