ഓഗ്‌ബെച്ചേ മാജിക്, നിറഞ്ഞ ഗാലറി... ആഹാ അന്തസ്സ്; ബ്ലാസ്റ്റേഴ്‌സിന് ജയത്തുടക്കം

By Web TeamFirst Published Oct 20, 2019, 9:32 PM IST
Highlights

ഐഎസ്എല്‍ ആറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെയെ 2-1ന് തൂത്തെറിഞ്ഞ് ബ്ലാസ്റ്റേഴ്‌സും മഞ്ഞപ്പട ആരാധകരും ജയം ആഘോഷമാക്കുകയായിരുന്നു

കൊച്ചി: സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇതിനേക്കാള്‍ മികച്ച തുടക്കവും ജയവും കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കാനില്ല. ബെര്‍ത്തലോമിയോ ഓഗ്‌ബെച്ചേ വീര നായകനായപ്പോള്‍ മഞ്ഞപ്പട ആരാധകര്‍ കാത്തിരുന്ന തുടക്കവുമായി ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ആറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ജയഭേരി മുഴക്കി. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ മഞ്ഞപ്പട ആരാധകരെ സാക്ഷിയാക്കി എടികെയെ 2-1നാണ് ബ്ലാസ്റ്റേഴ്‌സ് തൂത്തെറിഞ്ഞത്. നായകന്‍ ബെര്‍ത്തലോമിയോ ഓഗ്‌ബെച്ചേയുടെ ഇരട്ട പ്രഹരമാണ് മഞ്ഞപ്പടയുടെ മുഖത്ത് ചിരി പടര്‍ത്തിയത്. 

ആദ്യ പകുതി എന്നാല്‍ ഓഗ്‌ബെച്ചേ

ആക്രമണവും പ്രത്യാക്രമണവും മൂന്ന് ഗോളുകളും പിറന്ന ആദ്യ പകുതി ഇന്ത്യന്‍ എല്‍ ക്ലാസിക്കോയുടെ കരുത്തുകാട്ടി. സീസണിലെ ആദ്യ ഗോള്‍ ആറാം മിനുറ്റില്‍ കുറിച്ച് എടികെ ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ചു. സന്ദേശ് ജിംഗാനില്ലാത്ത പ്രതിരോധത്തിന് വലിയ മുന്നറിയിപ്പ് നല്‍കിയ മിന്നല്‍ ഗോള്‍. ആഗസിന്‍റെ പാസില്‍ നിന്ന് മക്‌ഹ്യൂവിന്‍റെ തകര്‍പ്പന്‍ വോളി ബിലാലിനെ മറികടന്ന് വലയില്‍ വീഴുകയായിരുന്നു. 

എന്നാല്‍ 30, 45 മിനുറ്റുകളില്‍ നായകന്‍ ബെര്‍ത്തലോമിയോ ഓഗ്‌ബെച്ചേയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ചുട്ട മറുപടി കൊടുത്തു. ബ്ലാസ്റ്റേഴ്‌സ് താരം ജെയ്‌റോ റോഡ്രിഗസിനെ ഹാല്‍ഡര്‍ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ചൂണ്ടിയതോടെ കളി മാറി. ഒഗ്‌ബെച്ചേയെടുത്ത പെനാല്‍റ്റി എടികെ ഗോളി അരിന്ദമിനെ മറികടന്ന് വലയില്‍. ഇതോടെ ഗോള്‍നില 1-1. 45-ാം മിനുറ്റില്‍ ഓഗ്‌ബെച്ചേ കലൂരിലെ കാണികളെ വീണ്ടും ആവേശത്തിലാക്കി. കോര്‍ണറില്‍ നിന്ന് കിട്ടിയ പന്ത് തീയുണ്ട പോലെ വലയിലേക്ക് തിരിച്ചുവിട്ടതോടെ മഞ്ഞപ്പടയ്ക്ക് 2-1 ലീഡോടെ ഇടവേള.

 

കൈവിടാതെ രണ്ടാം പകുതി

രണ്ടാം പകുതിയിലും ആക്രമണത്തില്‍ ഒട്ടും മൂര്‍ച്ച കുറച്ചില്ല ബ്ലാസ്റ്റേഴ്‌സ്. മലയാളി താരം പ്രശാന്തിന്‍റെ വിങ്ങിലൂടെയുള്ള മുന്നേറ്റങ്ങള്‍ ശ്രദ്ധേയമായി. 78-ാം മിനുറ്റില്‍ ലഭിച്ച കോര്‍ണര്‍ അവസരം മുതലാക്കാനാകാതെ പോയതുള്‍പ്പെടെ നിരാശയായി. അതേസമയം എടികെയെ ശക്തമായ പ്രതിരോധത്തില്‍ തളയ്‌ക്കാനും ബ്ലാസ്റ്റേഴ്‌സിനായി. 83-ാം മിനുറ്റില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് പകരക്കാരനായി കളത്തിലിറങ്ങിയെങ്കിലും അധിക ഗോള്‍ വീഴും മുന്‍പേ മഞ്ഞപ്പട ആദ്യ ജയം സ്വന്തം കാണികള്‍ക്ക് മുന്നിലെഴുതി. 

click me!