ഐഎസ്എല്‍ കിക്കോഫിന് മിനുറ്റുകള്‍ മാത്രം; രഹനേഷില്ല, എങ്കിലും ശക്തമായ ടീമുമായി ബ്ലാസ്റ്റേഴ്‌സ്

By Web TeamFirst Published Oct 20, 2019, 6:54 PM IST
Highlights

മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും രാഹുല്‍ കെപിയും ഷിബിന്‍രാജ് കുന്നിയിലും പകരക്കാരുടെ നിരയിലുണ്ട്

കൊച്ചി: ഐഎസ്‌എല്‍ ആറാം സീസണ്‍ കിക്കോഫിന് എടികെയ്‌ക്കെതിരെ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ബർത്തലോമിയോ ഓഗ്‌ബെച്ചേ നയിക്കുന്ന ടീമില്‍ പ്രശാന്താണ് ഇലവനില്‍ ഇടംപിടിച്ച മലയാളി താരം. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും രാഹുല്‍ കെപിയും ഷിബിന്‍രാജ് കുന്നിയിലും പകരക്കാരുടെ നിരയിലുമുണ്ട്. മലയാളി ഗോളി ടി പി രഹനേഷിന് പരിക്കേറ്റതോടെ ബിലാല്‍ ഖാന്‍ ആണ് ഗോള്‍വല കാക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ്: Bilal Husain Khan (GK), Mohamad Rakip, Jairo Rodrigues, Mouhamadou Gning, Bartholomew Ogbeche (C), Prasanth Karuthadathkuni, Jessel Carneiro, Halicharan Narzary, Sergio Cidoncha, Gianni Zuiverloon, Jeakson Singh.

എടികെ: Arindam Bhattacharja (GK), Carl McHugh, David Williams, Agustin Iniguez, Jayesh Rane, Pronay Halder, Javier Hernandez, Pritam Kotal (C), Roy Krishna, Michael Soosairaj, Prabir Das.

പുതിയ പരിശീലകന്‍, പുതിയ നായകന്‍, പുതിയ തന്ത്രങ്ങള്‍ അങ്ങനെ എല്ലാം പുതുക്കിയാണ് മഞ്ഞപ്പട എത്തുന്നത്. നോര്‍ത്ത് ഈസ്റ്റിനെ ആദ്യമായി പ്ലേ ഓഫിലെത്തിച്ച പരിശീലകന്‍ എൽക്കോ ഷാറ്റോറിയെയും നൈജീരിയന്‍ ഗോളടിയന്ത്രം ബർത്തലോമിയോ ഓഗ്‌ബെച്ചേയെയും മഞ്ഞപ്പടയിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെ‌ന്‍റ്  ആറാം സീസണ് കോപ്പുകൂട്ടിയത്. 

കളത്തിന് പുറത്തെ അവകാശവാദങ്ങളിലേക്കൊതുങ്ങിയ രണ്ട് സീസണിന് ഒടുവില്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന തുടക്കമാണ് മഞ്ഞപ്പട തേടുന്നത്. സന്തുലിതമായ ടീമെന്ന സ്വപ്നം ഒരുപരിധി വരെ മഞ്ഞപ്പട യാഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്. പ്രതിരോധകോട്ടയിലെ വിശ്വസ്തന്‍ സന്ദേശ് ജിംഗാനും ചില വിദേശതാരങ്ങളും പരിക്കിന്‍റെ പിടിയിലായത് തിരിച്ചടിയാണെങ്കിലും സഹലും സിഡോഞ്ചയും അടങ്ങുന്ന മധ്യനിര അധ്വാനിച്ച് കളിക്കുമെന്നുറപ്പ്. 

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബ്ലാസ്റ്റേഴ്‌സും എടികെയും ഉദ്ഘാടനമത്സരത്തിൽ നേര്‍ക്കുനേര്‍ വരുന്നത്. 2017ൽ സമനിലയും കഴിഞ്ഞ വര്‍ഷം കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്‌സിന് വിജയവും നേടാനായി. വൈകിട്ട് ആറരയ്ക്ക് തുടങ്ങിയ ഉദ്ഘാടനച്ചടങ്ങ് സൗരവ് ഗാംഗുലിയുടെയും ബോളിവുഡ് താരങ്ങളുടെയും സാന്നിധ്യം കൊണ്ട് ആകര്‍ഷകമായി. ദുൽഖര്‍ സൽമാനായിരുന്നു ഉദ്ഘാടനച്ചടങ്ങിന്‍റെ അവതാരകന്‍. 

click me!