
കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ എഫ്‌സി ഗോവയെ നേരിടും. പരുക്കും അച്ചടക്കനടപടിയും കാരണം പ്രമുഖരില്ലാതെയാകും ഇരു ടീമുകളും കൊച്ചിയിൽ മത്സരത്തിനിറങ്ങുക.
ഉദ്ഘാടനമത്സരത്തിൽ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്‌ത്തിത്തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നീടുള്ള മത്സരങ്ങളിൽ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. സൂപ്പർ താരങ്ങൾ പരുക്കേറ്റ് പിൻമാറിയതോടെ തുടർ തോൽവിയായിരുന്നു ടീമിന്. മുന്നേറ്റ നിരയിൽ ക്യാപ്റ്റൻ ഒഗ്‌ബച്ചേയ്‌ക്കാകട്ടെ താളം കണ്ടെത്താനുമാകാതെ വന്നതോടെ അഞ്ച് കളികളിൽ നിന്ന് നാല് പോയിന്‍റ് സമ്പാദ്യവുമായി 9-ാം സ്ഥാനത്തായി ടീം.
ഗോവയ്‌ക്കെതിരെ ശക്തമായ തിരിച്ചുവരവാണ് ടീം പ്രതീക്ഷിക്കുന്നതെന്ന് മസിജഡോനിയൻ താരം വ്ളാറ്റ്കോ ഡ്രൊബേരോസ് പറഞ്ഞു. പരുക്ക് പൂർണ്ണമായി മാറാത്തതിനാൽ മരിയോ ആർക്കെസ്, മുസ്തഫ നിങ് അടക്കം ഇന്ന് കേരള നിരയിലുണ്ടാകില്ല.
അഞ്ച് മത്സരത്തിൽ എട്ട് പോയിന്‍റ് നേടിയ ഗോവയും സമാന പ്രതിസന്ധിയിലാണ്. അച്ചടക്കനടപടി നേരിടുന്ന പ്രമുഖരായ ലെൻ ദുങ്കൽ, ഹ്യൂഗോ ബോമസ് എന്നിവർക്ക് കൊച്ചിയിൽ ഇറങ്ങാനാകില്ല. സൂപ്പർ താരം ഫെറാൻ കൊറോമിനോസിന്‍റെ പരുക്കുകൂടി വന്നതോടെ കേരള കോച്ച് എൽകോ ഷട്ടോരിയുടെ സമാന പ്രതിസന്ധിയാണ് ഗോവൻ കോച്ച് സെർജിയോ ലൊബേരയ്‌ക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!