ഐഎസ്എല്‍ രണ്ടാം സെമി: ബെംഗളുരുവും എടികെയും നേര്‍ക്കുനേര്‍

By Web TeamFirst Published Mar 1, 2020, 2:14 PM IST
Highlights

നിലവിലെ ജേതാക്കളായ ബെംഗളുരു എഫ്‌സിയും രണ്ട് വട്ടം ചാമ്പ്യന്‍മാരായ എടികെയും അവസാനം ശ്രീകണ്‌ഠീരവയിൽ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കണ്ടത് ഉശിരന്‍ സമനില

ബെംഗളുരു: ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യപാദം ഇന്ന്. ബെംഗളുരു എഫ്‌സിയും എടികെയും തമ്മിലാണ് മത്സരം. ബെംഗളുരുവില്‍ രാത്രി 7.30ന് കളി തുടങ്ങും. ഗോവയിലെ കലാശപ്പോരിലേക്കുളള വഴി അനായാസമാക്കാനാണ് ചാമ്പ്യന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത്. 

നിലവിലെ ജേതാക്കളായ ബെംഗളുരു എഫ്‌സിയും രണ്ട് വട്ടം ചാമ്പ്യന്‍മാരായ എടികെയും അവസാനം ശ്രീകണ്‌ഠീരവയിൽ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കണ്ടത് ഉശിരന്‍ സമനില. എഎഫ്‌സി കപ്പിലെ തോൽവിയുടെ നിരാശയുണ്ടെങ്കിലും ഒന്‍പത് ഗോളുകള്‍ നേടിയ സൂപ്പര്‍ താരം സുനില്‍ ഛേത്രി പരിക്ക് ഭേദമായി ലീഗിലേക്ക് തിരിച്ചെത്തുന്നത് ബെംഗളുരുവിന് ആശ്വാസം നൽകും. 

ഗോളടിക്കുന്നതിലെ പിശുക്കാണ് ബെംഗളുരുവിന്‍റെ പ്രശ്‌നം. സീസണിലെ 18 കളിയിൽ ആകെ നേടിയത് 22 ഗോളുകള്‍. ഇതില്‍ പതിനാലും സെറ്റ്പീസില്‍ നിന്ന്. ബെംഗളുരുവിന്‍റെ പ്രതിരോധനിര ഭദ്രമെങ്കിലും റോയ് കൃഷ്‌ണയും ഡേവിഡ് വില്ല്യംസും ഒന്നിക്കുമ്പോള്‍ എടികെയ്‌ക്ക് പ്രതീക്ഷയേറെ. റോയ് കൃഷ്‌ണ ഇതുവരെ 14 ഗോളുകള്‍ നേടിക്കഴിഞ്ഞു.

ബെംഗളുരുവിന് മേൽക്കൈ ഉണ്ടെന്നാണ് എടികെ പരിശീലകന്‍ ഹബാസ് പറയുന്നത്. എന്നാൽ കടലാസിലെ കണക്കുകളിൽ കാര്യമില്ലെന്ന് ആദ്യ സെമി തെളിയിച്ചതിനാല്‍ ആവേശപ്പോരാട്ടം ഉറപ്പിക്കാം. നന്നായി പ്രതിരോധിക്കുന്നവര്‍ക്ക് തന്നെയാകും മേൽക്കൈ.

click me!