
ബംഗളൂരു:രണ്ടാഴ്ച്ചത്തെ ഇടവേളയും കേരളാ ബ്ലാസ്റ്റേഴ്സിന്റെ തലവര മാറ്റിയില്ല. ഐഎസ്എല്ലില്‍ ബംഗലൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങി. കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ മിന്നല്‍ ഹെഡ്ഡറിലാണ് ബംഗലൂരു ജയിച്ചു കയറിയത്.പൊരുതിക്കളിച്ചെങ്കിലും ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെയും അവരുടെ ഡിഫൻസിന്റെയും മുന്നിൽ ബ്ലാസ്‌റ്റേഴ്‌സ് വീഴുകയായിരുന്നു. അഞ്ച് കളികളില്‍ ഒരു ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുമ്പോള്‍ ജയത്തോടെ ബംഗലൂരു പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. അഞ്ച് കളികളില്‍ രണ്ട് ജയവും മൂന്ന് സമനിലകളുമായി ഒമ്പത് പോയന്റാണ് ബംഗലൂരുവിനുള്ളത്.
ബംഗളൂരു ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ കളിയുടെ ആദ്യ മിനിറ്റിൽതന്നെ ബംഗളൂരു കോർണർ കിക്ക് വഴങ്ങി. കർണെയ്‌റോ കോർണർ കിക്ക് തൊടുത്തെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായില്ല. മറുവശത്ത് പാർത്താലുവിന്റെ വലതുപാർശ്വത്തിൽനിന്നുള്ള മുന്നേറ്റത്തെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം തടഞ്ഞു. അടുത്ത മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന് നല്ല അവസരം കിട്ടി. സെർജിയോ സിഡോഞ്ചയുടെ ക്രോസ് പെനൽറ്റി ഏരിയയിലേക്ക്. കെ പി രാഹുൽ ഹെഡർ തൊടുത്തെങ്കിലും പന്ത് ബംഗളൂരു ഡിഫൻഡറുടെ ദേഹത്ത് തട്ടി പുറത്തുപോയി.
സിഡോഞ്ച ജീക്‌സണ് കൊടുത്ത ക്രോസിനും ഫലമുണ്ടായില്ല. ഈ പതിനെട്ടുകാരന്റെ ഹെഡർ പുറത്തുപോയി. കളിയുടെ പതിനഞ്ചാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന് വലിയ അവസരംകിട്ടി. മെസി ബൗളി ബോക്‌സിലേക്ക് നൽകിയ ക്രോസിൽ നായകൻ ഒഗ്‌ബെച്ചെയ്‌ക്ക് കാൽവയ്‌ക്കാനായില്ല. 17-ാം മിനിറ്റിൽ ഫ്രീകിക്ക്. സിഡോഞ്ച എടുത്ത ഫ്രീകിക്ക് സന്ധു കുത്തിയകറ്റി. ഇതിനിടെ രാജു ഗെയ്‌ക്ക്‌വാദ് ബംഗളൂരു താരം ആൽബെർട്ട് സെറാനെ ഫൗൾ ചെയ്‌തു.
34-ാം മിനിറ്റിൽ ആഷിക്കിനെ വീഴ്‌ത്തിയതിന് റാക്കിപിന് റഫറി മഞ്ഞക്കാർഡ് വീശി. ഇതിനിടെ ഉദാന്തയുടെ ക്രോസിൽ അഗുസ്‌റ്റോ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. ഉദാന്തയുടെ ക്രോസ് പുറത്തുനിന്നാണെന്ന് തെളിഞ്ഞു. തുടർന്നും ബ്ലാസ്‌റ്റേഴ്‌സ് ഗോൾമുഖത്ത് ബംഗളൂരു ആക്രമണം നടത്തി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പിടിച്ചുനിന്നു. 42-ാം മിനിറ്റിൽ മെസി ബൗളിക്ക് കിട്ടിയ സുവർണാവസരം പാഴായി. ഗോളി മാത്രം മുന്നിൽനിൽക്കെ മെസിയുടെ അടി ബാറിന് മുകളിലൂടെ പറന്നു. രണ്ടാംപകുതിയിൽ ബംഗളൂരു മുന്നിലെത്തി. ഛേത്രിയുടെ ഹെഡർ രെഹ്‌നേഷിനെ മറികടന്നു. ഡിമാസ് ഡെൽഗാഡോയാണ് ക്രോസ് പായിച്ചത്. 58-ാം മിനിറ്റിൽ ഡിമാസിന്റെ ഗോൾശ്രമം രാജു ഗെയ്‌ക്ക്‌വാദ് തടഞ്ഞു. 63-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് ആദ്യമാറ്റം വരുത്തി. കെ പ്രശാന്തിന് പകരം സഹൽ അബ്‌ദുൾ സമദ് കളത്തിൽ എത്തി.
ഇതിനിടെ മെസി ബൗളി നൽകിയ പാസ് രാഹുൽ പുറത്തേക്കടിച്ചുകളഞ്ഞു. 77-ാം മിനിറ്റിൽ ഹക്കുവിന് പകരം മുഹമ്മദ് റാഫിയും റാക്കിപിന് പകരം പുതിയ താരം വ്ളാറ്റ്കോ ഡ്രോബറോവും ഇറങ്ങി. സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചെങ്കിലും ബംഗളൂരു പ്രതിരോധം വിട്ടില്ല. അവസാന മിനിറ്റിൽ സഹലും രാഹുലും ചേർന്നൊരുക്കിയ നീക്കത്തിൽ വല കണ്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. ഡിസംബർ ഒന്നിന് കൊച്ചിയിൽ എഫ്‌സി ഗോവയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!