വിജയത്തോടെ വിടചൊല്ലി; അവസാന ഹോം മത്സരത്തില്‍ ബംഗലുരുവിനെ വീഴ്‌ത്തി ബ്ലാസ്റ്റേഴ്സ്

By Web TeamFirst Published Feb 15, 2020, 10:22 PM IST
Highlights

പതിനാറാം മിനിറ്റില്‍ ഡേഷോം ബ്രൗണിന്റെ ഗോളില്‍ ബംഗലൂരു മുന്നിലെത്തിയപ്പോള്‍ പതിവ് തിരക്കഥ ആവര്‍ത്തിക്കുമെന്ന് കരുതിതയാണ്. എന്നാല്‍ ആദ്യപകുതി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ ഒഗ്ബെച്ചെ ബ്ലാസ്റ്റേഴ്സിന്റെ സമനില സമ്മാനിച്ചു.

കൊച്ചി: ഇതിലും മികച്ചൊരു യാത്രയയപ്പ് നല്‍കാനില്ല ബ്ലാസ്റ്റേഴ്‌സിന് ആരാധകര്‍ക്ക്. ഐ.എസ്.എല്‍ ആറാം സീസണിലെ അവസാന ഹോം മത്സരത്തില്‍ കരുത്തരായ ബെംഗളൂരു എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തി ബ്ലാസ്റ്റഴ്സ് ആരാധകരുടെ മനസുനിറച്ചു. രണ്ടു ഗോളുകളും നേടി നായകന്‍ ഒഗ്ബച്ചെ ബ്ലാസ്‌റ്റേഴ്‌സിനെ  മുന്നില്‍ നിന്ന് നയിച്ചു. മൂന്ന് സീസണുകളിലായി കളിച്ച ആറു മത്സരങ്ങളില്‍ ആദ്യമായാണ് ബെംഗളൂരിനെതിരെ ബ്ലാസ്‌റ്റേഴ്‌സ് ജയം കുറിക്കുന്നത്.

സ്വന്തം കാണികള്‍ക്ക് മുന്നിലെ ചരിത്രജയം പ്ലേഓഫ് പുറത്താവലിനിടയിലും ബ്ലാസ്റ്റേഴ്‌സിന് മധുര നിമിഷമായി. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു പ്ലേ ഓഫ് നേരത്തെ ഉറപ്പാക്കിയ നിലവിലെ ചാമ്പ്യന്‍മാര്‍ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും വിജയം. ബെംഗളൂരിനായി 16ാം മിനുറ്റില്‍ ജമൈക്കന്‍ താരം ബ്രൗണ്‍ ഗോള്‍ നേടി. ഇരട്ട ഗോള്‍ നേട്ടത്തോടെ 13 ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒഗ്ബച്ചെ ഗോവയുടെ കൊറോമിനസിനും എടികെയുടെ റോയ് കൃഷ്ണക്കും ഒപ്പം ചേര്‍ന്നു. നാലാം ജയത്തോടെ 18 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി. ടീമിന്റെ പ്ലേഓഫ് സാധ്യതകള്‍ നേരത്തെ അവസാനിച്ചിരുന്നു. സീസണിലെ അവസാന മത്സരം 23ന് ഭുവനേശ്വറില്‍ ഒഡീഷ എഫ്.സിക്കെതിരെ.

Messi Bouli nearly equalises right away! 😱

Watch LIVE on - https://t.co/cOTUO3liUH and JioTV. pic.twitter.com/QNVDU4CTu4

— Indian Super League (@IndSuperLeague)

രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ അവസാന അങ്കത്തിനിറങ്ങിയത്. ക്യാപ്റ്റന്‍ ബര്‍തലോമിയോ ഒഗ്ബെച്ചെക്കൊപ്പം മെസി ബൗളി മുന്‍നിരയില്‍ തിരിച്ചെത്തി. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, മുഹമ്മദ് നിങ്, ഹാളീചരണ്‍ നര്‍സാറി, സെര്‍ജിയോ സിഡോഞ്ച എന്നിവര്‍. വ്‌ളാഡ്‌കോ ഡ്രോബറോവ്, ലാല്‍റുവാത്താറ, ജെസെല്‍ കര്‍ണെയ്റോ, രാജു ഗെയ്ക്ക്‌വാദ് എന്നിവര്‍ പ്രതിരോധത്തില്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍വല കാക്കാനുള്ള നിയോഗം ബിലാല്‍ ഖാന്.

സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ ബ്രൗണിനെ മുന്നില്‍ നിര്‍ത്തിയാണ് ബെംഗളൂരു ഇറങ്ങിയത്. സുരേഷ് വാങ്ജം, ഉദാന്ത സിങ്, ദിമാസ് ദെല്‍ഗാഡോ, എറിക് പാര്‍ത്താലു എന്നിവര്‍ മധ്യനിരയില്‍. പ്രതിരോധത്തില്‍ ഫ്രാന്‍സിസ്‌കോ ബോറിയസ്, നിഷു കുമാര്‍, ഖാബ്ര, അല്‍ബെര്‍ട്ട് സെറാന്‍, രാഹുല്‍ ഭേക്കെ എന്നിവരും ഗോള്‍ വലയ്ക്ക് മുന്നില്‍ ഗുര്‍പ്രീത് സിങും.

With his 1⃣2⃣th goal of the campaign, Bartholomew Ogbeche becomes the highest goalscorer for in history. 👏

Watch LIVE on - https://t.co/cOTUO3liUH and JioTV. pic.twitter.com/RGVrpjFJtj

— Indian Super League (@IndSuperLeague)

ബെംഗളൂരിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. സന്ദര്‍ശകരുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് തടയിട്ടു. പതിയെ ബ്ലാസ്റ്റേഴ്‌സ് പന്തില്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. മധ്യനിരയില്‍ സിഡോഞ്ച സുന്ദരമായി കളി മെനഞ്ഞു. പത്താം മിനുറ്റില്‍ സിഡോഞ്ച നല്‍കിയ പന്ത് ബോക്‌സിന് പുറത്ത് നിന്ന് സ്വീകരിച്ച് വല ലക്ഷ്യമാക്കി കുതിച്ച മെസി ബൗളിക്ക് പാര്‍ത്താലു കോര്‍ണറിന് വഴങ്ങി സമര്‍ഥമായി തടയിട്ടു.

ബ്ലാസ്റ്റേഴ്‌സിന് ആദ്യ കോര്‍ണര്‍. സിഡോഞ്ചയുടെ കോര്‍ണര്‍ കിക്കില്‍ മുസ്തഫ നിങ് സുന്ദരമായി തല വച്ചു. പക്ഷേ പന്ത് കൃത്യം ബെംഗളൂരു പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ബ്ലാസ്റ്റേഴ്‌സ് പന്തടക്കത്തില്‍ കൂടുതല്‍ ആധിപത്യത്തിനായി ശ്രമിച്ചു. 15ാം മിനുറ്റില്‍ മറ്റൊരു കോര്‍ണര്‍, ജെസെലിന്റെ സുന്ദരമായ ക്രോസില്‍ ഡ്രോബറോവ് ഹെഡറിന് ശ്രമിച്ചെങ്കിലും വലയകന്നു. തൊട്ടടുത്ത മിനുറ്റില്‍ ബെംഗളൂരു ലീഡ് നേടി.

Good chance for to end his goalless run but he lacked composure!

Watch LIVE on - https://t.co/cOTUO3liUH and JioTV. pic.twitter.com/pjMzVCezyC

— Indian Super League (@IndSuperLeague)

സുരേഷ് വാങ്ജമിന്റെ ലോങ് ബോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍മുഖത്തിന് പുറത്ത് നിന്ന് സ്വീകരിച്ച ഡ്വെയ്ന്‍ ബ്രൗണിനെ തടയാന്‍ ബിലാല്‍ ഖാന്‍ അഡ്വാന്‍സ് ചെയ്തു. പക്ഷേ ബ്രൗണിന്റെ വലങ്കാല്‍ ഷോട്ട് നിലംപറ്റി കൃത്യം വലയിലെത്തി. ഒരു മിനുറ്റിന്റെ ഇടവേളയില്‍ സമനില നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് അവസരമുണ്ടായി. ഇടത് കോര്‍ണറില്‍ നിന്ന്് ബോക്‌സിലേക്ക് നര്‍സാരിയുടെ ക്രോസ്. ക്ലോസ് റേഞ്ചില്‍ നിന്ന് മെസിയുടെ ഹെഡര്‍, ഗുര്‍പ്രീതിനെ പരീക്ഷിക്കാന്‍ അതു മതിയായില്ല. 24ാം മിനുറ്റില്‍ പരിക്കേറ്റ സിഡോഞ്ചയെ ബ്ലാസ്റ്റേഴ്‌സ് പിന്‍വലിച്ചു. സുയിവര്‍ലൂണ്‍ പകരക്കാരനായി. സമനില ഗോളിനായി ബ്ലാസ്‌റ്റേഴ്‌സ് നിരന്തര ശ്രമങ്ങള്‍ നടത്തി. മധ്യനിരയും മുന്നേറ്റവും ഒത്തിണക്കത്തോടെ കളിച്ചു.

ബെംഗളൂരിന്റെ ചില മുന്നേറ്റങ്ങള്‍ക്ക് പ്രതിരോധം തടയൊരുക്കുകയും ചെയ്തു. 42ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും അവസരമൊരുങ്ങി. ബോക്‌സിന് പുറത്ത് ലാല്‍റുവത്താരയുമായുള്ള നീക്കത്തിനൊടുവില്‍ ഒഗ്ബച്ചെ ബോക്‌സിലേക്ക്. ലാല്‍റുവത്താരയുടെ ക്രോസ് ഒഗ്ബച്ചെയ്ക്ക്. ഒട്ടും അമാന്തിക്കാതെ ഒഗ്ബച്ചെ ഷോട്ടുതിര്‍ത്തു. പന്ത് നേര്‍വഴിയിലായില്ല. ബെംഗളൂരു കോര്‍ണറിന് വഴങ്ങി.

44ാം മിനുറ്റില്‍ ബെംഗളൂരു ലീഡുയര്‍ത്തുമെന്ന് തോന്നിപ്പിച്ചു. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് ഉദാന്തയെ ലക്ഷ്യമാക്കി പെര്‍ഡോമോയുടെ ലോങ് ബോള്‍. അഡ്വാന്‍സ് ചെയ്ത ഗോളി മാത്രമായിരുന്നു ഉദാന്തക്ക് മുന്നില്‍. പക്ഷേ ഉദാന്തയുടെ ആദ്യ സ്പര്‍ശം പിഴച്ചു. രാജു ഗെയ്ക്ക്‌വാദ് പന്തിന്റെ ഗതിമാറ്റി. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിയിരിക്കെ ബോക്‌സിന് തൊട്ട് പുറത്ത് ആല്‍ബെര്‍ട്ട് സെറാന്‍ ഒഗ്ബച്ചെയെ വീഴ്ത്തി. ബ്ലാസ്‌റ്റേഴ്‌സിന് ഫ്രീകിക്കും സെറാന് മഞ്ഞക്കാര്‍ഡും. നായകന്‍ ഒഗ്ബച്ചെയ്ക്ക് പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ട് രണ്ട് ബെംഗളൂരു പ്രതിരോധ മതിലുകള്‍ക്കിടയിലൂടെ ഗുര്‍പ്രീതിനും പിടി നല്‍കാതെ കൃത്യം വലയില്‍. ഗാലറിയില്‍ ആഘോഷം.

ആദ്യ പകുതി അവസാനിപ്പിച്ചടത്ത് തന്നെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയും തുടങ്ങി. നിരന്തരമായ ആക്രമണങ്ങളിലൂടെ ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു ഗോള്‍മുഖം വിറപ്പിച്ചു. ഉദാന്തയെ പിന്‍വലിച്ച് ബെംഗളൂരു മലയാളി താരം ആശിഖ് കുരുണിയനെ ഇറക്കി. 58ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച നീക്കമുണ്ടായി. മൈതാനത്തിന്റെ വലത് പാര്‍ശ്വത്തില്‍ നിന്ന് ബോക്‌സിന്റെ ഇടത് ഭാഗത്തേക്ക് നര്‍സാരിയുടെ കിടിലന്‍ ക്രോസ്. ഹെഡറിനായി ശ്രമിച്ചെങ്കിലും മെസിക്ക് പന്ത് കണക്ട് ചെയ്യാനായില്ല. തൊട്ടു പിന്നില്‍ നിന്ന സഹലിന്റെ വലങ്കാല്‍ ഷോട്ട് സുന്ദരമായിരുന്നു, ഗുര്‍പ്രീതിന്റെ ബ്ലോക്കില്‍ ഗോളകന്നു. 62ാം മിനുറ്റില്‍ സുയിവര്‍ലൂണിന്റെ ലോങ് റേഞ്ചറും വല കയറാതെ പുറത്തായി.

 67ാം മിനുറ്റില്‍ ഹളീചരണ്‍ നര്‍സാരിയുടെ ഷോട്ട് സുന്ദരമായിരുന്നു. ഗിനിങിന്റെ പാസില്‍ നിന്ന് ബോക്‌സിന് തൊട്ട് പുറത്ത് നിന്നായിരുന്നു നര്‍സാരിയുടെ കിടിലന്‍ ലോങ് റേഞ്ചര്‍. വലയുടെ വലം കോര്‍ണറില്‍ പതിക്കേണ്ട ഇടങ്കാല്‍ ഷോട്ട് ഗുര്‍പ്രീത് സിങ് വിദഗ്ധമായി തട്ടിയകറ്റി. ബ്ലാസ്‌റ്റേഴ്‌സിന്റെ നിരന്തര ശ്രമങ്ങള്‍ വീണ്ടും ഫലം കണ്ടു. 70ാം മിനുറ്റില്‍ സെറാന്‍ മെസി ബൗളിയെ ബോക്‌സിനകത്ത് വീഴ്ത്തി.

സെറാന്റെ രണ്ടാം പിഴവിനും ബെംഗളൂരിന് വില നല്‍കേണ്ടി വന്നു. പെനാല്‍റ്റി കിക്ക് ഒഗ്ബച്ചെ കൃത്യം വലയിലാക്കി. തോല്‍വി ഒഴിവവാക്കാനുള്ള ബെംഗളൂരുവിന്റെ ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് പൊളിച്ചു. അധിക സമയത്തും ലീഡ് നിലനിര്‍ത്തിയ ടീം കൊച്ചിയിലെ അവസാന അങ്കത്തില്‍ തിരിച്ചടിയിലും കൂടെ നിന്ന ആരാധകര്‍ക്ക് വിജയ മധുരം സമ്മാനിച്ച് സന്തോഷത്തോടെ മടങ്ങി. 

click me!