ISL 2021-2022: ചെന്നെയിനെ വീഴ്ത്തി വിജയവഴിയില്‍ എഫ് സി ഗോവ

By Web TeamFirst Published Jan 8, 2022, 11:42 PM IST
Highlights

കളിയുടെ തുടക്കം മുതല്‍ ജോര്‍ജെ ഓര്‍ട്ടിസിലൂടെ ഗോവയാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. ഗോവന്‍ ആക്രമണങ്ങളെ തടുത്തുനിര്‍ത്തുകയായിരുന്നു ആദ്യ പകുതിയില്‍ ചെന്നൈയിന്‍ ചെയ്തത്.

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-2022) ചെന്നൈയിന്‍ എഫ് സി(Chennaiyin FC)യെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്തി എഫ് സി ഗോവ. മൂന്ന് സമനിലകള്‍ക്കും ഒരു തോല്‍വിക്കുശേഷമാണ് ഗോവ വിജയവഴിയില്‍ തിരിച്ചെത്തിയത്.  ആവേശകരമായ മത്സരത്തില്‍ 82-ാം മിനിറ്റില്‍ ജോര്‍ജെ ഓര്‍ട്ടിസാണ് ഗോവയുടെ വിജയഗോള്‍ നേടിയത്.

തുടക്കം മുതല്‍ ചെന്നൈയിന്‍ എഫ് സി കടുത്ത പ്രതിരോധം പുറത്തെടുത്തപ്പോള്‍ ലഭിച്ച അര്‍ധാവസരങ്ങള്‍ മുതലാക്കാന്‍ ആദ്യ പകുതിയില്‍ ഗോവക്കായില്ല. ജയത്തോടെ എഫ് സി ഗോവ ഒമ്പതാം സ്ഥാനത്തു നിന്ന് ബെംഗലൂരു എഫ് സിയെ മറികടന്ന് എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ജയിച്ചിരുന്നെങ്കില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാമായിരുന്ന ചെന്നൈയിന്‍ ആറാം സ്ഥാനത്ത് തുടരുന്നു.

കളിയുടെ തുടക്കം മുതല്‍ ജോര്‍ജെ ഓര്‍ട്ടിസിലൂടെ ഗോവയാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്. ഗോവന്‍ ആക്രമണങ്ങളെ തടുത്തുനിര്‍ത്തുകയായിരുന്നു ആദ്യ പകുതിയില്‍ ചെന്നൈയിന്‍ ചെയ്തത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ ലഭിച്ച അര്‍ധാവസരങ്ങള്‍ ഓര്‍ട്ടിസിന് മുതലാക്കാനായില്ല. ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂാദാറിന്‍റെ മിന്നല്‍ സേവുകളും ഗോവക്ക് ഗോള്‍ നിഷേധിച്ചു.

രണ്ടാം പകുതിയിലും ഗോവ ഗോള്‍ശ്രമം തുടര്‍ന്നു. എഡു ബഡിയ പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും ഫിനിഷ് ചെയ്യാനായില്ല. 67-ാം മിനിറ്റില്‍ ജോര്‍ജെ ഓര്‍ട്ടിസിന്‍റെ ഗോളെന്നുറച്ച ഷോട്ട് ചെന്നൈ ഗോള്‍ കീപ്പര്‍ ദേബ്‌ജിത് രക്ഷപ്പെടുത്തി. എന്നാല്‍ 82-ാം മിനിറ്റില്‍ ഗോവ കാത്തിരുന്ന നിമിഷമെത്തി. ഐറാം കാര്‍ബ്രെറയുടെ പാസില്‍ നിന്ന് ബോക്സിന് പുറത്തു നിന്ന് ഓര്‍ട്ടിസ് തൊടുത്ത ലോംഗ് റേഞ്ചര്‍ ചെന്നൈ ഗോള്‍ പോസ്റ്റിന്‍റെ വലതുമൂലയില്‍ പറന്നിറങ്ങി.

click me!