ISL 2021-2022: ഇഞ്ചുറി ടൈമില്‍ വിജയ ഗോള്‍, നോര്‍ത്ത് ഈസ്റ്റിനെതിരെ നാടകീയ ജയവുമായി ജംഷഡ്പൂര്‍ മൂന്നാമത്

By Web TeamFirst Published Jan 6, 2022, 10:09 PM IST
Highlights

ജയത്തോടെ 10 കളികളില്‍ 16 പോയന്‍റുമായി ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍  കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ നാലില്‍ നിന്ന് പുറത്തായി. തോല്‍വിയോടെ നോര്‍ത്ത് ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-2022) ഇഞ്ചുറി ടൈമിലെ വിജയഗോളുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ(NorthEast United FC) വീഴ്ത്തി ജംഷഡ്പൂര്‍ എഫ്‌സി(Jamshedpur FC) പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. നിശ്ചിത സമയത്ത് 2-1 മുന്നിലായിരുന്ന ജംഷഡ്പൂരിനെതിരെ ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ കണ്ടെത്തിയെങ്കിലും ഇഞ്ചുറി ടൈം തീരാന്‍ ഒരു മിനിറ്റ് ബാക്കിയിരിക്കെ ഇഷാന്‍ പണ്ഡിതയിലൂടെ വിജയഗോള്‍ നേടിയാണ് ജംഷഡ്പൂര്‍ നാടകീയ ജയം സ്വന്തമാക്കിയത്. നോര്‍ത്ത് ഈസ്റ്റിനായി ഡെഷാം ബ്രൗണ്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ ജോര്‍ദാന്‍ മറിയും ബോറിസ് സിംഗും ഇഷാന്‍ പണ്ഡിതയുമാണ് ജംഷഡ്പൂരിനായി സ്കോര്‍ ചെയ്തത്.

ജയത്തോടെ 10 കളികളില്‍ 16 പോയന്‍റുമായി ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍  കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ നാലില്‍ നിന്ന് പുറത്തായി. തോല്‍വിയോടെ നോര്‍ത്ത് ഒമ്പതാം സ്ഥാനത്ത് തുടരുന്നു. കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഡെഷോം ബ്രൗണിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം ലീഡെടുത്തത്. മലയാളി താരം വി പി സുഹൈറിന്‍റെ അളന്നു മുറിച്ച പാസില്‍ നിന്നായിരുന്നു ഡെഷോം ബ്രൗണ്‍ നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചത്. പിന്നീട് സമനില ഗോളിനായി ജംഷഡ്പൂരിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളായില്ല.

23-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിനെ ബോക്സില്‍ ഫൗള്‍ ചെയ്തതിന് പെനല്‍റ്റിക്കായി ജംഷഡ്പൂര്‍ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 43-ാം ഗ്രെഗ് സ്റ്റുവര്‍ട്ടിന്‍റെ തകര്‍പ്പന്‍ ഷോട്ട് അവിശ്വസനീയമായി രക്ഷപ്പെടുത്തിയ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ മിര്‍ഷാദ് മിച്ചു ടീമിന്‍റെ രക്ഷകനായെങ്കിലും ആശ്വാസം അധികം നീണ്ടില്ല. തൊട്ടടുത്ത നിമിഷം ഗ്രെഗ് സ്റ്റുവര്‍ട്ട് എടുത്ത ഫ്രീ കിക്കില്‍ നിന്ന് ജോര്‍ദാന്‍ മറി ജംഷഡ്പൂരിനെ ഒപ്പമെത്തിച്ചു.

സമനില ഗോളിന് പിന്നാലെ ജംഷഡ്പൂര്‍ ആക്രമണങ്ങള്‍ കനപ്പിച്ചു. പോസ്റ്റിന് മുന്നില്‍ മിര്‍ഷാദ് മിച്ചുവിന്‍റെ മിന്നല്‍ സേവുകളാണ് പലപ്പോഴും നോര്‍ത്ത് ഈസ്റ്റിനെ രക്ഷിച്ചത്. എന്നാല്‍ 56-ാം മിനിറ്റില്‍ സെമിന്‍ലൈന്‍ ഡംഗലിന്‍റെ പാസില്‍ നിന്ന് ജോര്‍ദാന്‍ മറി മറിച്ചു നല്‍കിയ പന്ത് വലയിലെത്തിച്ച് ബോറിസ് സിംഗ് ജംഷഡ്പൂരിന് സമനില സമ്മാനിച്ചു.

66-ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം ജോര്‍ദാന്‍ മറി നഷ്ടമാക്കി. എന്നാല്‍ ആന്‍രി ക്ലൈമാക്സ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഒരു ഗോള്‍ ജയവുമായി ജംഷഡ്പൂര്‍ കളംവിടുമെന്ന് കരുതിയിരിക്കെയാണ് ഡെഷോം ബ്രൗണ്‍ ഇഞ്ചുറി ടൈമിന്‍റെ ആദ്യ മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചത്.  സമനില ഗോളിന്‍റെ ആശ്വാസം തീരും മുമ്പ് പക്ഷെ പകരക്കാരനായി എത്തിയ ഇഷാന്‍ പണ്ഡിതയിലൂടെ വിജയ ഗോള്‍ കണ്ടെത്തിയ ജംഷഡ്പൂര്‍ അര്‍ഹിച്ച വിജയം സ്വന്തമാക്കി.

click me!