
ഫത്തോഡ: ഐഎസ്എല്ലിൽ (ISL 2021-22) എടികെ മോഹൻ ബഗാൻ (ATK Mohun Bagan) ഇന്ന് എഫ്‌സി ഗോവയെ (FC Goa) നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഗോവയുടെ പരിശീലകനായിരുന്ന യുവാൻ ഫെറാൻഡോയ്ക്ക് (Juan Ferrando) കീഴിലാണ് എടികെ ബഗാൻ ഇന്നിറങ്ങുന്നത്. ഏഴ് കളിയിൽ പതിനൊന്ന് പോയിന്‍റുള്ള എടികെ ലീഗിൽ അഞ്ചാം സ്ഥാനത്താണ്. എട്ട് പോയിന്‍റുള്ള ഗോവ എട്ടാം സ്ഥാനത്തും.
ഇരുടീമും പതിനാല് കളിയിൽ മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. എടികെ ബഗാൻ അഞ്ചിലും ഗോവ നാലിലും ജയിച്ചു. അഞ്ച് കളി സമനിലയിൽ അവസാനിച്ചു. എടികെ ബഗാൻ പതിനഞ്ചും ഗോവ പതിനാറും ഗോൾ നേടിയിട്ടുണ്ട്.
ഹൈദരാബാദിന്‍റെ ഗോള്‍മഴ
ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ ആറ് ഗോളിന് ഒഡിഷയെ തകർത്തു. ബാർത്തലോമിയോ ഒഗ്ബചേ രണ്ട് ഗോൾ നേടി. എഡു ഗാർസിയ, ഹാവിയർ സിവേറിയോ, യാവോ വിക്ടർ എന്നിവരാണ് ഹൈദരാബാദിന്റെ മറ്റ് ഗോളുകൾ നേടിയത്. ഒഡിഷയുടെ ആശ്വാസഗോൾ യുവാനന്‍റെ സെൽഫ് ഗോളിലൂടെ ആയിരുന്നു.
എട്ട് കളിയിൽ പതിനഞ്ച് പോയിന്‍റുമായി ഹൈദരാബാദ് ലീഗിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. പത്ത് പോയിന്‍റുള്ള ഒഡിഷ ഏഴാം സ്ഥാനത്താണ്. 16 പോയിന്‍റുമായി മുംബൈ സിറ്റിയാണ് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത്. 13 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് നാലാമതുണ്ട്.