
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) താരം ഹർമൻജോത് ഖബ്രയ്ക്ക് (Harmanjot Khabra) രണ്ട് മത്സരങ്ങളിൽ വിലക്ക്. ഹൈദരാബാദ് എഫ്‌സിക്ക് (Hyderabad FC) എതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിനാണ് നടപടി. ഇതോടെ മുംബൈ സിറ്റിക്കെതിരെയും (Mumbai City FC) എഫ്‌സി ഗോവയ്ക്കെതിരെയും (FC Goa) ബ്ലാസ്റ്റേഴ്‌സിന്‍റെ (KBFC) നിര്‍ണായക മത്സരങ്ങളില്‍ ഖബ്രയ്ക്ക് കളിക്കാനാവില്ല.
ഹൈദരാബാദിന് എതിരെ ഹർമൻജോത് ഖബ്രയ്ക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചിരുന്നു. ഫൗളില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ അച്ചടക്ക സമിതി താരത്തോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മത്സരങ്ങളില്‍ താരത്തെ വിലക്കുന്ന നടപടിയുണ്ടായത്.
മഞ്ഞപ്പടയ്‌ക്ക് ഇനി ചങ്കിടിപ്പ്, രണ്ട് കളിയും നിര്‍ണായകം
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഏറെ നിര്‍ണായകമായ പോരാട്ടത്തിനിറങ്ങുകയാണ്. സെമിഫൈനൽ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് വൈകിട്ട് ഏഴരയ്ക്ക് മുംബൈ സിറ്റിയെ നേരിടും. പതിനെട്ട് കളിയിൽ മുംബൈ സിറ്റിക്ക് മുപ്പത്തിയൊന്നും ബ്ലാസ്റ്റേഴ്സിന് മുപ്പതും പോയിന്‍റാണുള്ളത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ അഞ്ചാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തുള്ള മുംബൈയെ തോൽപിക്കാതെ രക്ഷയില്ല. കളി സമനിലയിലായാൽ ഗോവയ്ക്കെതിരായ മത്സരത്തിനൊപ്പം മുംബൈ-ഹൈദരാബാദ് മത്സരത്തിലേക്കും ബ്ലാസ്റ്റേഴ്സിന് ഉറ്റുനോക്കേണ്ടിവരും. ഇരു ടീമും 34 പോയിന്‍റ് വീതം നേടിയാൽ ബ്ലാസ്റ്റേഴ്സ് മുന്നോട്ടുപോകും. ആദ്യപാദത്തിൽ നേടിയ എതിരില്ലാത്ത മൂന്ന് ഗോൾജയമാവും ബ്ലാസ്റ്റേഴ്സിന് തുണയാവുക.
ലീഗില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും സെമിയുറപ്പിച്ചുകഴിഞ്ഞു. ഇന്നലെ ഹൈദരാബാദ് എഫ്‌സിയെ വീഴ്ത്തി ജംഷഡ്‌പൂര്‍ എഫ്‌സി സെമിയിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാവുകയായിരുന്നു. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് ഹൈദരാബാദ് എഫ്‌സി സെമിഫൈനലില്‍ എത്തുന്ന ആദ്യ ടീമായത്.