
ബംബോലിം: ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ(NorthEast United FC) രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കി ജംഷഡ്‌പൂര്‍ എഫ്‌സി(Jamshedpur FC) പ്ലേ ഓഫിന് തൊട്ടരികിലെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിന് ജംഷഡ്‌പൂര്‍ മുന്നിലായിരുന്നു. നോര്‍ത്ത് ഈസ്റ്റിനെതിരായ ജയത്തോടെ 17 കളികളില്‍ 34 പോയന്‍റുള്ള ജംഷഡ്‌പൂരിന് ശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരു പോയന്‍റ് കൂടി നേടിയാല്‍ ഹൈദരാബാദിന് പിന്നാലെ സെമിയിലെത്താം. പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ച നോര്‍ത്ത് ഈസ്റ്റ് 19 കളികളില്‍ 13 പോയന്‍റുമായി പത്താം സ്ഥാനത്ത് തുടരുന്നു.
തുല്യതപാലിച്ച ആദ്യ അരമണിക്കൂറിനുശേഷം 35-ാം മിനിറ്റില്‍ സെമിന്‍ലെന്‍ ഡങ്കല്‍ ആണ് ജംഷഡ്‌പൂരിനെ മുന്നിലെത്തിച്ചത്.മൊബാഷിര്‍ റഹ്മാന്‍റെ പാസില്‍ നിന്നാണ് ഡങ്കല്‍ നോര്‍ത്ത് ഈസ്റ്റ് വല കുലുക്കിയത്. ആദ്യ പകുതിയിലെ ഈ ഗോളൊഴിച്ചാല്‍ ബാക്കി സമയം കളി മന്ദഗതിയിലായിരുന്നു. രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിലൂടെ ജംഷഡ്‌പൂര്‍ ലീഡുയര്‍ത്തി. മധ്യഭാഗത്തു നിന്ന് ലഭിച്ച ഫ്രീ കിക്ക് മൊബാഷിര്‍ റഹ്മാന്‍ നീട്ടിയടിച്ച പന്ത് ഓടിപ്പിടിച്ചാണ് സ്റ്റുവര്‍ട്ട് ഫിനിഷ് ചെയ്തത്.
രണ്ടാം ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച നോര്‍ത്ത് അധികം വൈകാതെ ഒരു ഗോള്‍ മടക്കി. ലാല്‍ഡന്‍മാവിയ റാള്‍ട്ടെ ആയിരുന്നു സ്കോറര്‍. മാഴ്സലോ പേരേര തൊടുത്ത ഷോട്ടില്‍ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷ് തട്ടിയകറ്റിയെങ്കിലും കാല്‍പ്പാകത്തില്‍ കിട്ടിയ പന്തിലായിരുന്നു റാള്‍ട്ടെയുടെ സ്കോറിംഗ്. തൊട്ടടുത്ത നിമിഷം മാഴ്സലോ പെരേരയിലൂടെ രണ്ടാം ഗോളും നേടി സമനില പിടിച്ച നോര്‍ത്ത് ഈസ്റ്റ് ജംഷഡ്‌പൂരിനെ ഞെട്ടിച്ചു.
പ്രഗ്യാന്‍ ഗോഗോയിുടെ പാസില്‍ നിന്നായിരുന്നു പേരേരയുടോ ഗോള്‍. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിന്‍റെ പാസില്‍ നിന്ന് നോര്‍ത്ത് ഈസ്റ്റ് വലകുലുക്കി ജോര്‍ദ്ദാന്‍ മറി ജംഷഡ്‌പൂരിന്‍റെ രക്ഷകനായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!