ISL 2021-22 : ഐഎസ്എല്‍: ഗോളടിക്കാന്‍ മറന്ന് ജംഷഡ്പൂരും ബെംഗലൂരുവും

By Web TeamFirst Published Dec 20, 2021, 9:42 PM IST
Highlights

രണ്ടാം മിനിറ്റില്‍ തന്നെ ഗ്രെഗ് സ്റ്റുവര്‍ട്ടിനെ ബ്രൂണോ സില്‍വ ഫൗള്‍ ചെയ്തതിന് ബോക്സിന് പുറത്തു ജംഷഡ്പൂരിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും സ്റ്റുവര്‍ട്ട് എടുത്ത കിക്ക് ബെംഗലൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു അനായാസം കൈയിലൊതുക്കി.

ബംബോലിം: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സി-ബെംഗലൂരു എഫ്‌സി പോരാട്ടത്തില്‍( Jamshedpur FC vs Bengaluru FC) ഗോള്‍രഹിത സമനില. കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു.  സമനിലയോടെ ജംഷഡ്പൂര്‍ 12 പോയന്‍റുമായി രണ്ടാം ഹൈദരാബാദിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ആറ് പോയന്‍റുള്ള ബെംഗലൂരു പത്താം സ്ഥാനത്ത് തുടരുന്നു.

രണ്ടാം മിനിറ്റില്‍ തന്നെ ഗ്രെഗ് സ്റ്റുവര്‍ട്ടിനെ ബ്രൂണോ സില്‍വ ഫൗള്‍ ചെയ്തതിന് ബോക്സിന് പുറത്തു ജംഷഡ്പൂരിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും സ്റ്റുവര്‍ട്ട് എടുത്ത കിക്ക് ബെംഗലൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു അനായാസം കൈയിലൊതുക്കി. തുടര്‍ന്നും സ്റ്റുവര്‍ട്ടിലൂടെ ജംഷഡ്പൂര്‍ ആക്രമണം തുടര്‍ന്നെങ്കിലും ഗോളിലേക്ക് എത്താനായില്ല. അഞ്ചാം മിനിറ്റില്‍ അജിത് കാമരാജിലൂടെ ബെംഗലൂരുവിന് അര്‍ധാവസരം ലഭിച്ചെങ്കിലും ബോക്സിലേക്ക് നീട്ടി നല്‍കി പാസില്‍ ആര്‍ക്കും തൊടാനായില്ല. പതിമൂന്നാം മിനിറ്റില്‍ ജംഷഡ്പൂരിന്‍റെ അലക്സാണ്ടര്‍ ലിമയുടെ അതിമനോഹരമായ നീക്കവും ഗോളാവാതെ പോയത് നിര്‍ഭാഗ്യത്തിനായിരുന്നു.

തുടര്‍ച്ചയായ ആക്രമണങ്ങളിലൂട ജംഷഡ്പൂര്‍ ബെംഗലൂരു പ്രതിരോധത്തെ വിറപ്പിച്ചു നിര്‍ത്തിയെങ്കിലും ഫിനിഷിംഗിലെ പിഴവും നിര്‍ഭാഗ്യവും അവകര്‍ക്ക് വിലങ്ങുതടിയായി. 39-ാം മിനിറ്റില്‍ പരിക്കേറ്റ കോമള്‍ തട്ടാലിന് പകരം ജംഷഡ്പൂര്‍ ബോറിസ് സിംഗിനെ കളത്തിലിറക്കി. ആദ്യ പകുതിയുടെ അവസാനമാകുമ്പോഴേക്കും ബെംഗലൂരുവും ആക്രമണങ്ങള്‍ കനപ്പിച്ചതോടെ മത്സരം ആവേശകരമായി. 58-ാം മിനിറ്റില്‍ ക്ലെയ്റ്റണ്‍ സില്‍വ ബെംഗലൂരുവിനായി എടുത്ത ഫ്രീ കിക്ക് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്.

74ാം മിനിറ്റില്‍ തുടര്‍ച്ചയായ രണ്ട് രക്ഷപ്പെടുത്തലുകള്‍ നടത്തി ബെംഗലൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സന്ധു ടീമിന്‍റെ രക്ഷകനായി. 84-ാം മിനിറ്റില്‍ ആഷിഖ് കുരുണിയന്‍റെ ക്രോസില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹെഡ്ഡര്‍ ജംഷഡ്പൂര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചത് ബെംഗലൂരുവിന്‍റെ നിര്‍ഭാഗ്യമായി. അവസാന നിമിഷം ഇരു ടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും പ്രതിരോധനിര പിടിച്ചുനിന്നതോടെ മാത്രം ഒഴിഞ്ഞു നിന്നു.

click me!