
പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) ഇന്ന് ജംഷഡ്‌പൂര്‍ എഫ്‌സി- ബെംഗളൂരു എഫ്‌സി (Jamshedpur Fc vs Bengaluru Fc) പോരാട്ടം. വൈകീട്ട് 7.30ന് ഗോവയിൽ മത്സരം തുടങ്ങും. സീസണിലെ നാലാം ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയാണ് ജംഷഡ്‌പൂരിന്‍റെ ലക്ഷ്യം. നിലവില്‍ 11 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ജംഷഡ്‌പൂര്‍. കഴിഞ്ഞ ആറ് കളിയിൽ ഒരു ജയം മാത്രമുള്ള ബെംഗളൂരു 10-ാം സ്ഥാനത്തും. ഏഴ് കളിയിൽ അഞ്ച് പോയിന്‍റാണ് ബെംഗളൂരുവിന് ഉള്ളത്.
അങ്ങനെ മഞ്ഞപ്പടയ്‌ക്ക് ഹാലിളകി
ഇന്നലെ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളിന് തകര്‍ത്തു. ഒന്നാന്തരമൊരു ഫിനിഷിംഗിലൂടെ 27-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്‌ദുൽ സമദ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. 47-ാം മിനിറ്റില്‍ ആല്‍വാരോ വാസ്ക്വെസ് ലീഡുയര്‍ത്തി. 50-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരത്തെ വീഴ്ത്തിയ മോര്‍ത്താദ ഫോള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് മുംബൈക്ക് പ്രഹരമായി. പെനാൽറ്റി ഗോളാക്കിയ ഹോര്‍ഗെ പെരേര ഡയസ് മഞ്ഞപ്പടയ്‌ക്കായി ജയം പൂര്‍ത്തിയാക്കി.
ജയത്തോടെ ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്‍റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഏഴ് മത്സരങ്ങളില്‍ 15 പോയിന്‍റുള്ള മുംബൈ ഒന്നാമത് തുടരുകയാണ്. സീസണില്‍ മുംബൈയുടെ രണ്ടാമത്തെ മാത്രം തോല്‍വിയാണിത്.
പ്ലാന്‍ വിജയിച്ചെന്ന് വുകോമനോവിച്ച്
കരുത്തരായ മുംബൈ സിറ്റിക്കെതിരായ ഗംഭീര ജയത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് സന്തുഷ്‌ടനാണ്. 'ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആരാധകര്‍ക്ക് ഞാനിന്നത്തെ വിജയം സമര്‍പ്പിക്കുന്നു. വരും മത്സരങ്ങളിലും പോസിറ്റീവായ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. മുംബൈ സിറ്റിക്കെതിരെ കൃത്യമായ പ്ലാനുണ്ടായിരുന്നു. നന്നായി പ്രസ് ചെയ്യുകയെന്നായിരുന്നു പദ്ധതി. അത് വിജയിക്കുകയും ചെയ്‌തു. തുടക്കം മുതല്‍ താരങ്ങള്‍ ആത്മവിശ്വാസം കാണിച്ചു. അഹമ്മദ് ജഹൂഹ്, അപൂയ എന്നിവരെ പൂട്ടിയിടാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കായി. അവിടെയാണ് വിജയവും സംഭവിച്ചത്'- വുകോമനോവിച്ച് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!