കല്യൂഷ്നി ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടടിച്ച് ലീഡെടുത്ത് എടികെ

By Gopala krishnanFirst Published Oct 16, 2022, 8:30 PM IST
Highlights

ബോക്സിനുള്ളില്‍ വലതു പാര്‍ശ്വത്തില്‍ നിന്ന് സഹല്‍ അബ്ദുള്‍ സമദിന്‍റെ പാസില്‍ മനോഹരമായ ഫിനിഷിംഗിലൂടെ കല്യൂഷ്നി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. ആദ്യ ഗോളിന്‍റെ ആവേശത്തിന് പിന്നാലെ കൊച്ചിയില്‍ മഴ തുടങ്ങിയത് ഇരു ടീമുകളുടെയും പാസിംഗിനെ ചെറുതായി ബാധിച്ചു.

കൊച്ചി: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ തുടക്കത്തിലെ മുന്നിലെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ട് ഗോള്‍ തിരിച്ചടിച്ച് എടികെ മോഹന്‍ ബഗാന്‍ ആദ്യ പകുതിയില്‍ മുന്നില്‍. ആറാം മിനറ്റില്‍ ഇവാന്‍ കല്യൂഷ്നിയുടെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരെ 26ാം മിനിറ്റില്‍ പെട്രാറ്റോസിന്‍റെ ഗോളിലൂടെ സമനില പിടിച്ച എടികെ 38ാം മിനിറ്റില്‍ ജോണി കൗക്കോയുടെയും ഗോളിലൂടെ ലീഡെടുത്തു.

ആദ്യ ടച്ച് മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തേണ്ടതായിരുന്നു. കല്യൂഷ്നിയുടെ പാസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം ഗോളാക്കി മാറ്റാന്‍ സഹല്‍ അബ്ദുള്‍ സമദിന് കഴിഞ്ഞില്ല. തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് തന്നെ ആക്രമണം അഴിച്ചുവിട്ടു. നാലാം മിനിറ്റില്‍ വലതുപാര്‍ശ്വത്തില്‍ നിന്ന് പന്ത് ലഭിച്ച കല്യൂഷ്നി വീണ്ടും എടികെ ഗോള്‍മുഖത്ത് ഭീതിവിതച്ചു. ഒടുവില്‍ കാത്തിരുന്ന നിമിഷം ആറാം മിനിറ്റില്‍ എത്തി. ബോക്സിനുള്ളില്‍ വലതു പാര്‍ശ്വത്തില്‍ നിന്ന് സഹല്‍ അബ്ദുള്‍ സമദിന്‍റെ പാസില്‍ മനോഹരമായ ഫിനിഷിംഗിലൂടെ കല്യൂഷ്നി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. ആദ്യ ഗോളിന്‍റെ ആവേശത്തിന് പിന്നാലെ കൊച്ചിയില്‍ മഴ തുടങ്ങിയത് ഇരു ടീമുകളുടെയും പാസിംഗിനെ ചെറുതായി ബാധിച്ചു.

ആദ്യ ഗോളിന്‍റെ ആവേശത്തില്‍ ഇരച്ചു കയറിയ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് കൗണ്ടര്‍ അറ്റാക്കിലൂടെ ഹ്യഗോ ബോമസിന്‍റെ പാസില്‍ നിന്ന് ദിമിത്രി പെട്രാറ്റോസ് ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് എടികെ ഗോള്‍മുഖത്ത് കോര്‍ണര്‍ നേടി. ഇരു ടീമുകളും ആക്രമണ-പ്രത്യാക്രമണവുമായി കളം നിറഞ്ഞു. ലോംഗ് പാസുകളിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് ഭീതിവിതക്കാനാണ് ഹ്യൂഗോ ബോമസും പെട്രാറ്റോസും ശ്രമിച്ചത്. ഒടുവില്‍ 26-ാം മിനിറ്റില്‍ എടികെയുടെ ശ്രമം ഫലം കണ്ടു. ബോമസിന്‍റെ പാസില്‍ നിന്ന് പെട്രാറ്റോസിന്‍റെ സമനില ഗോള്‍. 31-ാം മിനിറ്റില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ എടികെ ഗോള്‍മുഖത്ത് അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണറില്‍ ജീക്സണ്‍ സിംഗ് തൊടുത്ത ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി പുറത്തുപോയി. പിന്നീട് എടികെ കളം നിറയുന്ന കാഴ്ചയാണ് കണ്ടത്.

38ാം മിനിറ്റില്‍ മന്‍വീര്‍ സിംഗിന്‍റെ പാസില്‍ നിന്ന് ജോണി കൗക്കോ എടികെക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിക്ക് മുമ്പ് സമലി ഗോളിനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും എടികെ പ്രിതരോധം വഴങ്ങിയില്ല.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് ആദ്യ ഇലവനെ ഇറക്കിയത്.  ഈസ്റ്റ് ബംഗാളിനെതിരെ പകരക്കാരനായി വന്ന് രണ്ട് ഗോളടിച്ച് സൂപ്പര്‍ ഹീറോ ആയ ഇവാന്‍ കല്യൂഷ്നിക്ക് കോച്ച് ഇവാന്‍ വുകാമനോവിച്ച് ആദ്യ ഇലവനില്‍ ഇടം നല്‍കിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ മുന്നേറ്റ നിരയില്‍ കളിച്ച അപ്പോസ്‌തോലോസ് ജിയാനോ പുറത്തിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവന്‍: Gill, Khabra, Leskovic, Hormipam, Jessel, Puitea, Jeakson, Ivan, Luna, Sahal, Dimitrios

click me!