
ബെംഗളൂരു: ഐഎസ്എല്ലില്‍ ദക്ഷിണേന്ത്യന്‍ ഡെര്‍ബി അല്‍പസമയത്തിനകം. നിര്‍ണായക മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദും രാഹുല്‍ കെ പിയും സ്റ്റാര്‍ട്ടിംഗ് ഇലവനിലുണ്ട്. ക്യാപ്റ്റന്‍ ജെസ്സലിന് പുറമെ ദിമിത്രിയോസ് ഡയമന്‍റക്കോസ്, ഇവാന്‍ കല്യൂഷ്‌നി, ജീക്‌സണ്‍ സിംഗ്, അഡ്രിയാന്‍ ലൂണ, നിഷു കുമാര്‍, ഹോര്‍മിപാം. വിക്‌ടര്‍ മോംഗില്‍ എന്നിവരാണ് ലൈനപ്പിലുള്ളത്. ഗോള്‍ബാറിന് കീഴെ പ്രഭ്‌സുഖന്‍ ഗില്‍ തുടരുന്നു. 4-3-3 ആണ് മഞ്ഞപ്പടയുടെ ലൈനപ്പ്.
കരണ്‍ജീത്ത് സിംഗ്, ഡാനിഷ് ഫറൂഖ് ഭട്ട്, ആയുഷ് അധികാരി, ഹര്‍മന്‍ജ്യോത് സിംഗ് ഖബ്ര, സൗരവ് മാണ്ടല്‍, ബിദ്യാസാഗര്‍ സിംഗ്, വിബിന്‍ മോഹന്‍, ബ്രൈസ് മിറാണ്ട, അപ്പസ്‌തലോസ് ജിയാന്നു എന്നിവരാണ് പകരക്കാരുടെ നിരയില്‍.
ജയിക്കാതെ വഴിയില്ല
ബെംഗളൂരു ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ പ്ലേഓഫ് ഉറപ്പിക്കാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. എന്നാല്‍ മഞ്ഞപ്പട നെഞ്ചിടിപ്പോടെയാണ് ബെംഗളൂരു എഫ്‌സിയെ നേരിടുക. ഹോം ഗ്രൗണ്ടില്‍ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന്‍റെ ആരവം മാത്രമല്ല കാരണം, അവസാന മൂന്ന് എവേ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. ഇതേസമയം ബെംഗളൂരു അവസാന അഞ്ച് കളിയും ജയിച്ചു. അതിനാല്‍ തന്നെ ബെംഗളൂരുവില്‍ എതിരാളികളെ കീഴടക്കുക ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല. സീസണില്‍ 31 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിനും 25 പോയിന്‍റുമായി ആറാമതുള്ള ബെംഗളൂരുവിനും പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം അനിവാര്യമാണ്.
കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ഹോം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ച് വിജയവഴിയില്‍ എത്തിയ ആത്മവിശ്വാസം കേരള ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുണ്ട്. കൊച്ചിയിലെ ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ മൂന്ന് ഗോളിന് ബെംഗളൂരുവിനെ തോൽപിക്കുകയും ചെയ്തിരുന്നു.
തോല്‍ക്കാനാവില്ല; പ്ലേ ഓഫ് ഉറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരുവിനെതിരെ