ആദ്യ ലക്ഷ്യം പ്ലേ ഓഫ്, മുംബൈക്കെതിരായ പിഴവുകള്‍ തിരുത്തും: ആവേശം പകര്‍ന്ന് വുകോമനോവിച്ച്

By Web TeamFirst Published Jan 22, 2023, 7:51 AM IST
Highlights

പതിമൂന്ന് കളിയിൽ 25 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ മുംബൈ സിറ്റിക്കെതിരെ വരുത്തിയ പിഴവുകൾ തിരുത്തിയാവും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയ്ക്കെതിരെ ഇറങ്ങുകയെന്ന് കോച്ച് ഇവാൻ വുകോമനോവിച്ച്. പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ലക്ഷ്യമെന്നും വുകോമനോവിച്ച് പറഞ്ഞു. ഗോവയിലെ എവേ മത്സരത്തിന് മുന്നോടിയായാണ് വുകോമനോവിച്ചിന്‍റെ വാക്കുകള്‍. 

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പതിമൂന്ന് കളിയിൽ 25 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. എടികെ മോഹൻ ബഗാനും ഒഡിഷ എഫ്‌സിയും തൊട്ടുപിന്നിലുണ്ട്. ഇതുകൊണ്ടുതന്നെ ഇനിയുള്ള കളികളെല്ലാം ബ്ലാസ്റ്റേഴ്‌സിന് വളരെ നിർണായകമാണ്. പിഴവുകൾ തിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നോട്ട് പോകുന്നത്. മികവിലേക്ക് എത്താൻ കഠിനമായി പരിശ്രമിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച്. ഗോവയ്ക്കെതിരെയും മാർകോ ലെസ്കോവിച്ച് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയിലുണ്ടാവില്ല. എങ്കിലും താരത്തിന്‍റെ പരിക്കിൽ ആശങ്ക വേണ്ടെന്ന് വുകോമനോവിച്ച് വ്യക്തമാക്കി. ചാമ്പ്യൻസ് ലീഗ് പോലെ ഐഎസ്എല്ലിനിടെയാണ് സൂപ്പർ കപ്പ് മത്സരങ്ങൾ നടത്തേണ്ടതെന്നും വുകോമനോവിച്ച് അഭിപ്രായപ്പെട്ടു.

ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്നിറങ്ങും. എവേ മത്സരത്തില്‍ എഫ്‌സി ഗോവയാണ് എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 13 മത്സരങ്ങളില്‍ 25 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നും 14 കളിയില്‍ 20 പോയിന്‍റുള്ള ഗോവ ആറും സ്ഥാനങ്ങളിലാണ്. തുടർവിജയങ്ങളുമായി മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിൽ മുംബൈ സിറ്റി കനത്ത പ്രഹരം നല്‍കിയിരുന്നു. അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ എതിരില്ലാത്ത നാല് ഗോളിനാണ് മുംബൈ സിറ്റി എഫ്‌സി തറപറ്റിച്ചത്. ബ്ലാസ്റ്റേഴ്‌സ് മുന്‍ താരമായ പെരേര ഡയസ് രണ്ടും ഗ്രെഗ് സ്റ്റുവര്‍ട്ട്, ബിപിന്‍ സിംഗ് എന്നിവര്‍ ഓരോ ഗോളും നേടി.  

വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ്; കണക്കുവീട്ടാന്‍ എഫ്‌സി ഗോവ

click me!