Asianet News MalayalamAsianet News Malayalam

വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ്; കണക്കുവീട്ടാന്‍ എഫ്‌സി ഗോവ

തുടർവിജയങ്ങളുമായി മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിൽ മുംബൈ സിറ്റി കനത്ത പ്രഹരം നല്‍കിയിരുന്നു

ISL 2022 23 FC Goa vs Kerala Blasters Preview date kick off time team news
Author
First Published Jan 22, 2023, 7:16 AM IST

മഡ്‌ഗാവ്: ഐഎസ്എല്ലിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. എവേ മത്സരത്തില്‍ എഫ്‌സി ഗോവയാണ് എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. 13 മത്സരങ്ങളില്‍ 25 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നും 14 കളിയില്‍ 20 പോയിന്‍റുള്ള ഗോവ ആറും സ്ഥാനങ്ങളിലാണ്. 

തുടർവിജയങ്ങളുമായി മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരത്തിൽ മുംബൈ സിറ്റി കനത്ത പ്രഹരം നല്‍കിയിരുന്നു. ബ്ലാസ്റ്റേഴ്‌സിന്‍റെ വലയിൽ മുംബൈ പന്തെത്തിച്ചത് നാല് തവണ. ഈ തിരിച്ചടിയിൽ നിന്ന് കരകയറാനും പിഴവുകൾ തിരുത്താനുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എതിരാളികളുടെ തട്ടകത്തില്‍ ഇന്ന് ഇറങ്ങുന്നത്. പതിമൂന്ന് ദിവസത്തെ വിശ്രമത്തിനും പരിശീലനത്തിനും ശേഷം കളിത്തട്ടിൽ തിരിച്ചെത്തുമ്പോൾ താരങ്ങളെല്ലാം ക്ഷീണം മറന്നുകഴിഞ്ഞു. 

ദിമിത്രോസ് ഡയമന്‍റക്കോസ്, അഡ്രിയൻ ലൂണ, അപ്പോസ്തലോസ് ജിയാനു, ഇവാൻ കലിയൂഷ്‌ണി എന്നീ വിദേശ താരങ്ങളുടെ മികവാകും ഗോവയിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ വിധി നിശ്ചയിക്കുക. സീസണിലെ ആറ് എവേ മത്സരത്തിൽ രണ്ടിൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് തോറ്റിട്ടുള്ളൂ. ഈ സീസണിൽ കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഏറ്റുവാങ്ങിയ തോൽവിക്ക് സ്വന്തം കാണികൾക്ക് മുന്നിൽ പകരംവീട്ടാനാവും ഗോവ ഇറങ്ങുക. അവസാന നാല് കളിയിൽ ജയിക്കാനായിട്ടില്ലെന്ന കടമ്പയും ചാടിക്കടക്കണം. നേർക്കുനേർ കണക്കിൽ ഗോവയാണ് മുന്നിൽ. ആകെ ഏറ്റുമുട്ടിയത് പതിനേഴ് കളിയിൽ എങ്കില്‍ ഗോവയ്ക്ക് ഒൻപതും ബ്ലാസ്റ്റേഴ്‌സിന് നാലും ജയമാണുള്ളത്. 

ഐഎസ്എല്ലില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള എടികെ മോഹന്‍ ബഗാന്‍റെ ശ്രമങ്ങള്‍ക്ക് ഇന്നലെ തിരിച്ചടി നേരിട്ടു. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരം ഗോളില്ലാ സമനിലയില്‍ അവസാനിച്ചു. 90 മിനുറ്റുകളിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകളും ഗോള്‍ നേടാതെ വന്നതോടെയാണിത്. 

ഐഎസ്എല്‍: എടികെയെ സമനിലയില്‍ പിടിച്ച് ചെന്നൈയിന്‍

Follow Us:
Download App:
  • android
  • ios