
കൊച്ചി: ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ പരാതിയുമായി എഫ്‍സി ഗോവ. കൊച്ചിയിലെ മത്സരത്തിന് സുരക്ഷ ഒരുക്കിയില്ലെന്നാണ് പരാതി. മത്സരത്തിനെത്തിയ സപ്പോര്‍ട്ട് സ്റ്റാഫിന് നേരേ കല്ലേറുണ്ടായി, എവേ സ്റ്റാന്‍ഡിൽ ഗോവന്‍ ആരാധകരെ അധിക്ഷേപിച്ചു എന്നും പരാതിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് ബ്ലാസ്റ്റേഴ്സ് അന്വേഷിക്കണമെന്നാണ് ഗോവന്‍ ക്ലബിന്‍റെ പ്രധാന ആവശ്യം. ഞായറാഴ്ചയായിരുന്നു കലൂരില്‍ കേരള ബ്ലാസ്റ്റേഴ്സ്-എഫ്സി ഗോവ മത്സരം നടന്നത്.
കൊച്ചിയിലെ ബ്ലാസ്റ്റേഴ്സ്-ഗോവ മത്സരത്തിലെ സംഭവങ്ങളാണ് പുതിയ വിവാദമാകുന്നത്. മത്സരത്തില്‍ ക്ലബിനും ആരാധകർക്കും ഒരുക്കിയ സുരക്ഷയെ കുറിച്ച് പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിന് കത്തയച്ചതായി എഫ്സി ഗോവ ട്വീറ്റ് ചെയ്തു. 'എവേ സ്റ്റാന്‍ഡിലേക്ക് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇരച്ചുകയറി. ഇതാണ് ദൗർഭാഗ്യകരമായ പ്രശ്നങ്ങളിലേക്ക് നയിച്ചത്. ഈ പ്രശ്നം അനായാസമായി ഒഴിവാക്കാമായിരുന്നു. ഞങ്ങളുടെ ആരാധകരുടെ സുരക്ഷ പരിഗണനാ വിഷയമായി തുടരും. കൊച്ചിയില്‍ നേരിട്ട സംഭവങ്ങളെ കുറിച്ച് ഐഎസ്എല്‍ അധികൃതർക്കും പരാതി നല്‍കിയിട്ടുണ്ട്. സബ്സ്റ്റിറ്റ്യൂട്ട് താരത്തെ വാംഅപിന് സഹായിക്കുന്നതിനിടെ ടെക്നിക്കല്‍ സംഘത്തിലെ ഒരംഗത്തിന് നേർക്ക് കല്ലേറുണ്ടായി. ഈ വിഷയങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അന്വേഷണം നടത്താന്‍ തയ്യാറാവണം' എന്നും എഫ്സി ഗോവ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
വിഷയത്തില്‍ പ്രതികരണം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം മത്സരത്തിന് ശേഷം ഗോവന്‍ ഫാന്‍സിനെ ആശ്ലേഷിച്ച് യാത്രയാക്കുന്ന വീഡിയോ ബ്ലാസ്റ്റേഴ്സ് ആരാധകർ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചിരുന്നു. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ദിയമന്റകോസ്, ഇവാന്‍ കല്‍യൂഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. നോഹ് സദൗയിയുടെ വകയായിരുന്നു ഗോവയുടെ ആശ്വാസ ഗോള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!