ഐഎസ്എല്‍: ജംഷഡ്‌പൂരിന്‍റെ ഉരുക്ക് കോട്ട തകര്‍ത്ത് ബ്ലാസ്റ്റേഴ്‌സിന് ജയം

By Jomit JoseFirst Published Dec 4, 2022, 9:29 PM IST
Highlights

രണ്ടാംപകുതിയില്‍ ലഭിച്ച ഫ്രീകിക്ക് ലൂണയ്ക്ക് മുതലാക്കാനായില്ല. രാഹുലിന് ലഭിച്ച ഓപ്പണ്‍ അവസരവും പാഴായിരുന്നു.

ജംഷഡ്‌പൂര്‍: ഐഎസ്എല്ലില്‍ അഞ്ചാം ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ജെആര്‍ഡി ടാറ്റ സ്പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മഞ്ഞപ്പട ജംഷഡ്‌പൂര്‍ എഫ്‌സിയെ പരാജയപ്പെടുത്തി. 17-ാം മിനുറ്റില്‍ ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയഗോള്‍ നേടിയത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ തുടര്‍ച്ചയായ നാലാം ജയമാണിത്. 

അഡ്രിയാന്‍ ലൂണയെയും ദിമിത്രിയോസിനെയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിനെ കളത്തിലിറക്കിയത്. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദിനും രാഹുല്‍ കെ.പിക്കുമൊപ്പം ഇവാനും ജീക്‌സണ്‍ സിംഗും മധ്യനിരയിലെത്തി. നിഷു കുമാറും മാര്‍ക്കോ ലെസ്‌കോവിച്ചും ഹോര്‍മിപാമും സന്ദീപ് സിംഗും പ്രതിരോധത്തില്‍ എത്തിയപ്പോള്‍ പ്രഭ്‌സുഖന്‍ ഗില്ലായിരുന്നു ഗോള്‍കീപ്പര്‍. 4-1-4-1 ശൈലിയില്‍ മൈതാനത്തെത്തിയ ജംഷഡ്‌പൂരിന്‍റെ ഗോളി മലയാളിയായ രഹ്‌നേഷ് ടി.പിയായിരുന്നു. 

ജംഷ‍ഡ്‌പൂരിലെ ആവേശ മത്സരത്തില്‍ 17-ാം മിനുറ്റിലായിരുന്നു ദിമിത്രിയോസിന്‍റെ ഗോള്‍. ലൂണയുടെ വകയായിരുന്നു അസിസ്റ്റ്. ഈ ഗോള്‍ ലീഡോടെ മഞ്ഞപ്പടയ്ക്ക് അനുകൂലമായി ആദ്യപകുതി പിരിഞ്ഞു. രണ്ടാംപകുതിയില്‍ ലഭിച്ച ഫ്രീകിക്ക് ലൂണയ്ക്ക് മുതലാക്കാനായില്ല. രാഹുലിന് ലഭിച്ച ഓപ്പണ്‍ അവസരവും പാഴായി. പിന്നാലെ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ബ്ലാസ്റ്റേഴ്‌സ് ഗോളിന്‍റെ ഗില്ലിന്‍റെ സേവുകള്‍ നിര്‍ണായകമായി.

മത്സരത്തില്‍ 64-ാം ശതമാനം ബോള്‍ പൊസിഷന്‍ ബ്ലാസ്റ്റേഴ്‌സിനായിരുന്നു. 11 ഷോട്ടുകള്‍ ഉതിര്‍ത്തപ്പോള്‍ രണ്ടെണ്ണം മാത്രമേ ഓണ്‍ ടാര്‍ഗറ്റിലേക്കുണ്ടായിരുന്നുള്ളൂ. ജംഷഡ‍്‌പൂരിന്‍റെ ഭാഗത്തുനിന്ന് ഒരൊറ്റ ഷോട്ട് മാത്രമേ ടാര്‍ഗറ്റ് ലക്ഷ്യമാക്കി വന്നുള്ളൂ. തുടര്‍ച്ചയായ നാലാം ജയവുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അതേസമയം ജംഷഡ്‌പൂരിന്‍റെ അവസ്ഥ ശോഭനമല്ല. ഓരോ ജയവും സമനിലയുമുള്ള ജംഷഡ്‌പൂര്‍ വെറും നാല് പോയിന്‍റുമായി പത്താം സ്ഥാനക്കാരാണ്.     

ആരാധകരെ ശാന്തരാകുവിന്‍; ദക്ഷിണ കൊറിയക്കെതിരെ നെയ്‌മര്‍ കളിക്കാന്‍ സാധ്യത

click me!