
കൊച്ചി: ഐഎസ്എല്‍ ഒന്‍പതാം സീസണില്‍ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതായി എഫ്‍സി ഗോവയുടെ മലയാളി താരം മുഹമ്മദ് നെമില്‍. കൊച്ചിയിലെ നിറഞ്ഞ ഗാലറിയില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുക ഏതൊരു ടീമിന്‍റെയും ആഗ്രഹമാണ്. ഏറ്റവും മികച്ച പ്രകടനം എല്ലാ മത്സരത്തിലും പുറത്തെടുക്കും. ഇന്ത്യന്‍ സീനിയര്‍ ജേഴ്സിയണിയുകയെന്നത് എപ്പോഴും മനസിലുള്ള സ്വപ്നമാണ് എന്നും നെമില്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പരിശീലനത്തിനിടെയുള്ള ചെറിയ ഇടവേളയില്‍ നെമില്‍ തന്‍റെ വിശേഷങ്ങള്‍ പങ്കുവെച്ചത് വായിക്കാം...
മികച്ച തുടക്കം പ്രതീക്ഷ
ഐഎസ്എല്‍ സീസണില്‍ എഫ്സി ഗോവയ്ക്ക് മികച്ച തുടക്കം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഈ സീസണില്‍ കപ്പുയർത്തുകയാണ് ലക്ഷ്യം.
സൂപ്പർ സണ്‍ഡേയ്ക്കായി കാത്തിരിക്കുന്നു
കൊച്ചിയില്‍ കളിക്കുന്നത് വലിയ ആവേശമാണ്. ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം ഏതൊരു മലയാളിക്കും അഭിമാന നിമിഷമായിരിക്കും. ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്, കൊച്ചിയില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങാന്‍ പ്രത്യേക തയ്യാറെടുപ്പുകളൊന്നുമില്ല. മറ്റെല്ലാ ടീമുകള്‍ക്കെതിരായ തയ്യാറെടുപ്പുകള്‍ പോലെ തന്നെയാണ് ബ്ലാസ്റ്റേഴ്സിനെതിരെയും.
കേരളം തന്നെ ഗോവ
ഗോവയിലെ സാഹചര്യങ്ങളും ആരാധകരും എല്ലാം കേരളം പോലെ സമാനമാണ്. ഇവിടെ അടിപൊളിയാണ്. വലിയ മാറ്റമൊന്നും നാട്ടില്‍ നിന്ന് എനിക്ക് തോന്നിയിട്ടില്ല. ആരാധകർ വലിയ പിന്തുണയാണ് തരുന്നത്.
പോരായ്മകള്‍ തിരുത്തുന്നു
എഫ്‍സി ഗോവയില്‍ രണ്ട് പരിശീലകർക്ക് കീഴില്‍ കളിച്ചു. രണ്ട് പേരുടെ കീഴിലും മികവ് കൂടിയിട്ടുണ്ട് എന്നാണ് കരുതുന്നത്. മികവ് കൂടിയതിനൊപ്പം എന്‍റെ ഗെയിമിലെ പോരായ്മകള്‍ പരിഹരിച്ചുവരികയുമാണ്. എന്‍റെ പോരായ്മകളൊക്കെ മാറിവരുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്.
എല്ലാം കട്ട ചങ്കുകള്‍, മലയാളി താരങ്ങളും
ടീമിലെ എല്ലാ താരങ്ങളുമായി നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. വിദേശ താരങ്ങളായാലും സീനിയർ താരങ്ങളായാലും എന്‍റെ തെറ്റുകള്‍ തിരുത്താന്‍ ഏറെ നിർദേശങ്ങള്‍ തരുന്നുണ്ട്. അത് എന്നെപ്പോലുള്ള യുവതാരങ്ങള്‍ക്ക് വളരെ പ്രയോജനകരമാണ്. സംശയമുണ്ടെങ്കില്‍ എല്ലാവരേയും വിളിക്കാറുണ്ട്. മുന്‍താരങ്ങളും നിലവില്‍ സ്‍ക്വാഡിലുള്ളവരുമായും ഊഷ്മള സൗഹൃദമാണ് നിലനിർത്തുന്നത്. ലീഗിലെ മറ്റ് മലയാളി താരങ്ങളുമായും നല്ല സ്നേഹബന്ധമാണുള്ളത്.
ഇന്ത്യന്‍ ജേഴ്സി, അതുതന്നെ സ്വപ്നം
ദേശീയ ടീമിനായി കളിക്കുക എന്നത് ഐഎസ്എല്ലിലുള്ള എല്ലാ യുവതാരങ്ങളേയും പോലെ എന്‍റേയും സ്വപ്നമാണ്. അതിനായി കഴിവിന്‍റെ പരമാവധി പരിശ്രമിക്കും. അതിന് സാധിക്കും എന്നുതന്നെയാണ് വിശ്വാസം.
ഞായറാഴ്ചയാണ് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സ്-എഫ്സി ഗോവ മത്സരം. വൈകിട്ട് ഏഴരയ്ക്ക് മത്സരത്തിന് കിക്കോഫാകും. നാല് കളികളില്‍ മൂന്ന് ജയവുമായി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ് എഫ്സി ഗോവ. അതേസമയം അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനേയും എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സിയേയും എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീതം പരാജയപ്പെടുത്തിയിരുന്നു. വിജയവഴിയില്‍ തിരിച്ചെത്തിയാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത് എന്നതിനാല്‍ കലൂരിലെ പോരാട്ടം തീപാറുമെന്നാണ് പ്രതീക്ഷ.
ഖത്തര്‍ ലോകകപ്പ്: കണ്ണിന് പരിക്കേറ്റ സണ്ണിനെ ഉള്‍പ്പെടുത്തി ദക്ഷിണ കൊറിയയുടെ ലോകകപ്പ് സ്ക്വാഡ്