രണ്ട് മിനുറ്റ്, 2 ഗോള്‍! നോര്‍ത്ത് ഈസ്റ്റിന്‍റെ കഥ കഴിച്ച് ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്; ദിമിത്രിയോസ് ഹീറോ

By Web TeamFirst Published Jan 29, 2023, 9:25 PM IST
Highlights

നിലയ്ക്കാത്ത ശബ്‌ദച്ചുവടുകളുമായി ആരാധകര്‍ കൊച്ചിയിലെ ഗ്യാലറിയെ മഞ്ഞയണിയിച്ചപ്പോള്‍ മൈതാനത്ത് ആദ്യ മിനുറ്റുകള്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ എതിര്‍മുഖത്തേക്ക് തുടരെ ചുവടുവെച്ചു

കൊച്ചി: മഞ്ഞപ്പട ആരാധകര്‍ എന്ത് ആഗ്രഹിച്ചോ അത് കൊച്ചിയിലെ തറവാട് മുറ്റത്ത് നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തില്‍ നിര്‍ണായക ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യപകുതിയിലെ രണ്ട് മിനുറ്റിനിടെ ദിമിത്രിയോസ് ഡയമന്‍റക്കോസ് നേടിയ ഇരട്ട ഗോളില്‍ 2-0നാണ് ഇവാന്‍റെ ഫുട്ബോള്‍ സൈന്യം കൊച്ചിയില്‍ വിജയക്കൊടി പാറിച്ചത്. 

നിലയ്ക്കാത്ത ശബ്‌ദച്ചുവടുകളുമായി ആരാധകര്‍ കൊച്ചിയിലെ ഗ്യാലറിയെ മഞ്ഞയണിയിച്ചപ്പോള്‍ മൈതാനത്ത് ആദ്യ മിനുറ്റുകള്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ എതിര്‍മുഖത്തേക്ക് തുടരെ ചുവടുവെച്ചു. അപ്പോസ്‌തൊലോസ് ജിയാന്നുവിനെയും ദിമിത്രിയോസ് ഡയമന്‍റക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-2-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് തന്‍റെ ടീമിനെ അണിനിരത്തിയത്. കരണ്‍ജിത് സിംഗ് ഗോള്‍വല കാക്കാനിറങ്ങിയപ്പോള്‍ മലയാളി താരം കെ പി രാഹുലും ഇലവനിലുണ്ടായിരുന്നു. ഹോം ഗ്രൗണ്ടില്‍ തുടക്കം മുതല്‍ അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വലയിലേക്ക് പ്രവേശിക്കാന്‍ നിര്‍ഭാഗ്യം കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അനുവദിച്ചില്ല. അഡ്രിയാന്‍ ലൂണയും കെ പി രാഹുലും ജിയാന്നുവും നടത്തിയ ശ്രമങ്ങള്‍ ഗോള്‍വല ഭേദിക്കാന്‍ മടി കാണിച്ച് മാറിനിന്നു. 

എന്നാല്‍ രണ്ട് മിനുറ്റിനിടെ കളി തങ്ങളുടെ വരുതിയിലാക്കുന്ന ദിമിത്രിയോസിന്‍റെ മാന്ത്രിക ചുവടുകളാണ് പിന്നീട് മൈതാനത്ത് കണ്ടത്. 42, 44 മിനുറ്റുകളില്‍ അരിന്ദത്തിന്‍റെ മതില്‍ ഭേദിച്ച് ദിമിത്രിയോസ് ഡയമന്‍റക്കോസ് ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സുപ്രധാനമായ 2-0ന്‍റെ ലീഡ് താലത്തില്‍ സമ്മാനിച്ചു. ബ്രൈസ് മിറണ്ടയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോളെങ്കില്‍ അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഇതോടെ മത്സരത്തിന്‍റെ നിയന്ത്രണം പൂര്‍ണമായും കാല്‍ക്കലാക്കിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാംപകുതിയിലും ആവേശം ചോരാതെ മൈതാനത്തെ ത്രസിപ്പിച്ചു. കെ പി രാഹുലിന് പുറമെ പകരക്കാരനായി സഹല്‍ അബ്‌ദുല്‍ സമദും മൈതാനത്തിറങ്ങിയതോടെ ഗ്യാലറി ഇളകിമറിഞ്ഞു. എന്നാല്‍ കൂടുതല്‍ ഗോളുകള്‍ മത്സരത്തില്‍ പിന്നിടുണ്ടായില്ല. 

ദിമിത്രിയോസ് ഡയമന്‍റക്കോസിന്‍റെ ഇരട്ട വെടി; രണ്ടടി മുന്നില്‍ ബ്ലാസ്റ്റേഴ്‌സ്

click me!