Asianet News MalayalamAsianet News Malayalam

ദിമിത്രിയോസ് ഡയമന്‍റക്കോസിന്‍റെ ഇരട്ട വെടി; രണ്ടടി മുന്നില്‍ ബ്ലാസ്റ്റേഴ്‌സ്

ജിയാന്നുവിനെയും ദിമിത്രിയോസ് ഡയമന്‍റക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-2-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് തന്‍റെ ടീമിനെ അണിനിരത്തിയത്

ISL 2022 23 Kerala Blasters takes two goal lead against NorthEast United on Dimitrios Diamantakos double
Author
First Published Jan 29, 2023, 8:21 PM IST

കൊച്ചി: ആവേശം മഞ്ഞക്കടല്‍ പോലെ കൊച്ചിയില്‍ തിരയടിക്കുന്നു, ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗ്രീക്ക് ദേവന്‍ ദിമിത്രിയോസ് ഡയമന്‍റക്കോസ് രണ്ട് തവണ വല ചലിപ്പിച്ചപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മഞ്ഞപ്പടയ്ക്ക് രണ്ട് ഗോള്‍ ലീഡ്. കൊച്ചിയില്‍ ലീഡെടുക്കാനുള്ള സുവര്‍ണാവസരങ്ങള്‍ ആദ്യ മിനുറ്റുകളില്‍ തന്നെ ലഭിച്ചെങ്കിലും ഹോം ടീമിന് അവസരം മുതലാക്കാനായില്ല. ഒടുവില്‍ 42-ാം മിനുറ്റിലും 44-ാം മിനുറ്റിലും വല കുലുക്കി ദിമിത്രിയോസ് ഡയമന്‍റക്കോസ് കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യപകുതിയില്‍ 2-0ന്‍റെ ലീഡ് സമ്മാനിക്കുകയായിരുന്നു. 

കളി മാറിയ 2 മിനുറ്റ്

ജിയാന്നുവിനെയും ദിമിത്രിയോസ് ഡയമന്‍റക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-2-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് തന്‍റെ ടീമിനെ അണിനിരത്തിയത്. കരണ്‍ജിത് സിംഗ് ഗോള്‍വല കാക്കാനിറങ്ങിയപ്പോള്‍ മലയാളി താരം കെ പി രാഹുലും ഇലവനിലുണ്ടായിരുന്നു. ഹോം ഗ്രൗണ്ടില്‍ തുടക്കം മുതല്‍ അവസരങ്ങള്‍ തുറന്നെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വലയിലേക്ക് പ്രവേശിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായില്ല. 33-ാം മിനുറ്റില്‍ ലൂണയുടെ മഴവില്‍ ഫ്രീകിക്കില്‍ ഗോള്‍ പ്രതീക്ഷിച്ചെങ്കിലും പന്ത് ഗോളിയുടെ കൈകളില്‍ അവസാനിച്ചു. തൊട്ടുപിന്നാലെ ലഭിച്ച മറ്റൊരു ഫ്രീകിക്കും ലൂണയ്ക്ക് പിഴച്ചു. 35-ാം മിനുറ്റില്‍ കെ പി രാഹുലിന്‍റെ ഷോട്ട് അരിന്ദമിന്‍റെ കൈകളില്‍ ഒതുങ്ങി. 

ദിം ദിം ദിമിത്രിയോസ്

പിന്നാലെ 39-ാം മിനുറ്റില്‍ ജിയാന്നുവിന്‍റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയപ്പോഴും ഗോള്‍ മാറിനിന്നു. എന്നാല്‍ 42-ാം മിനുറ്റില്‍ ഡയമന്‍റക്കോസിലൂടെ നിര്‍ണായക ലീഡെടുത്ത മഞ്ഞപ്പട രണ്ട് മിനുറ്റിനുള്ളില്‍ രണ്ടാം ഗോളും നേടി 2-0ന്‍റെ ലീഡ് സ്വന്തമാക്കുകയായിരുന്നു. ഡയമന്‍റക്കോസ് തന്നെയായിരുന്നു രണ്ടാം ഗോളിന്‍റേയും അവകാശി. ബ്രൈസ് മിറണ്ടയുടെ അസിസ്റ്റിലായിരുന്നു ആദ്യ ഗോളെങ്കില്‍ അഡ്രിയാന്‍ ലൂണയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. 

അഭിമാന നിമിഷം! പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്
 

Follow Us:
Download App:
  • android
  • ios