സിംഹമായി സഹല്‍, ഫിനിഷറായി സന്ദീപ്; ഒഡിഷയോട് കണക്കുവീട്ടി ബ്ലാസ്റ്റേഴ്‌സ്

Published : Dec 26, 2022, 09:27 PM ISTUpdated : Dec 26, 2022, 09:37 PM IST
സിംഹമായി സഹല്‍, ഫിനിഷറായി സന്ദീപ്; ഒഡിഷയോട് കണക്കുവീട്ടി ബ്ലാസ്റ്റേഴ്‌സ്

Synopsis

രണ്ടാംപകുതി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആക്രമണത്തോടെയാണ് ആരംഭിച്ചത്. കളി തുടങ്ങി അഞ്ച് മിനുറ്റില്‍ തന്നെ രണ്ട് അവസരങ്ങളൊരുക്കി സഹല്‍ മുന്നറിപ്പ് നല്‍കി

കൊച്ചി: ഐഎസ്എല്ലില്‍ കൊമ്പുകുലുക്കി ഒഡിഷ എഫ്‌സിയെ തളച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയില്‍ തുടക്കത്തിലെ തണുപ്പന്‍ കളിയില്‍ നിന്ന് രണ്ടാംപകുതിയില്‍ സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ആവേശ മുന്നേറ്റങ്ങളിലൂടെ ശക്തമായി തിരിച്ചെത്തിയ മഞ്ഞപ്പട 86-ാം മിനുറ്റില്‍ സന്ദീപിന്‍റെ ഹെഡറിലൂടെ 1-0ന്‍റെ ജയം നേടുകയായിരുന്നു. അവസാന മിനുറ്റുകളില്‍ നിഹാലിന്‍റെ അതിവേഗ മുന്നേറ്റങ്ങളും മഞ്ഞപ്പട ആരാധകര്‍ക്ക് ആവേശമായി. ആദ്യ 45 മിനുറ്റുകളില്‍ കൈവിട്ട ബോള്‍ പൊസിഷന്‍ തിരിച്ചുപിടിച്ച് ജയത്തിലേക്ക് വരികയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. ഇതോടെ പോയിന്‍റ് പട്ടികയില്‍ മഞ്ഞപ്പട മൂന്നാമതെത്തി. 

ശക്തം ലൈനപ്പ്, പക്ഷേ തണുത്ത കളി

അഡ്രിയാന്‍ ലൂണയെയും ദിമിത്രിയോസോ ദയമന്തക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കളത്തിലിറക്കിയത്. മലയാളി താരങ്ങളായ രാഹുല്‍ കെ പിക്കും സഹല്‍ അബ്‌ദുല്‍ സമദിനുമൊപ്പം ജീക്‌സണ്‍ സിംഗും ഇവാന്‍ കല്‍യൂഷ്‌നിയും മധ്യനിരയിലെത്തി. സന്ദീപ് സിംഗും ഹോര്‍മീപാമും മാര്‍ക്കോ ലെസ്‌കോവിച്ചും ക്യാപ്റ്റന്‍ ജെസ്സൽ കാർണെയ്റോയുമായിരുന്നു പ്രതിരോധത്തില്‍. ഗോള്‍ബാറിന് കീഴെ പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ തുടര്‍ന്നു. അതേസമയം 4-3-3 ശൈലിയാണ് ഒഡിഷ എഫ്‌സി തുടക്കത്തില്‍ സ്വീകരിച്ചത്.  

ഒഡിഷയുടെ ആക്രമണം, ഗോളില്ലാതെ ആദ്യപകുതി

ഒഡിഷ എഫ്‌സിയുടെ ആക്രമണത്തോടെയാണ് കൊച്ചിയില്‍ മത്സരത്തിന് തുടക്കമായത്. ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ചിത്രത്തിലേ ഇല്ലാതെ പോയി. കിക്കോഫായി മൂന്നാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ഒഡിഷയുടെ ആദ്യ ആക്രമണമെത്തി. റെയ്‌നിയര്‍ ഫെര്‍ണാണ്ടസിന്‍റെ വലംകാലന്‍ ഷോട്ട് ഗോള്‍ബാറില്‍ തട്ടിത്തെറിച്ചു. 12-ാം മിനുറ്റില്‍ ദിമിത്രിയോസ് ഫ്രീകിക്ക് നേടിയെടുത്തെങ്കിലും ഗുണകരമായില്ല. 18-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് കുതിച്ചെങ്കിലും ജെസ്സലിന്‍റെ ചിപ് ശ്രമം ബാറിന് മുകളിലൂടെ പറഞ്ഞു. 31-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് ഒഡിഷയുടെ നന്ദകുമാര്‍ ശേഖറുടെ ഹെഡര്‍ വിഫലമായതും ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി. ആദ്യപകുതിയുടെ അവസാന മിനുറ്റിലും ഇരച്ചെത്തി ഒഡിഷ മഞ്ഞപ്പടയെ വിറപ്പിച്ചു. ഗില്ലിന്‍റെ പൊസിഷന്‍ സേവില്‍ നിര്‍ണായകമായി.

സഹല്‍ തുടങ്ങി, സന്ദീപ് ഫിനിഷ് ചെയ്‌തു

രണ്ടാംപകുതി കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആക്രമണത്തോടെയാണ് ആരംഭിച്ചത്. കളി തുടങ്ങി അഞ്ച് മിനുറ്റില്‍ തന്നെ രണ്ട് അവസരങ്ങളൊരുക്കി സഹല്‍ മുന്നറിപ്പ് നല്‍കി. പിന്നാലെയും ബ്ലാസ്റ്റേഴ്‌സ് കളിയുടെ നിയന്ത്രണമത്രയും സഹലിന്‍റെ കാലുകളിലായിരുന്നു. കൃത്യമായ ഇടവേളകളില്‍ സ്‌കില്ലും മുന്നേറ്റവും കാട്ടി സഹലിന്‍റെ ക്രോസുകള്‍ വന്നുകൊണ്ടിരുന്നു. 78-ാം മിനുറ്റില്‍ ഒഡിഷ ഗോളി അമരീന്ദറിന് പിഴവ് സംഭവിച്ചെങ്കിലും ഗോള്‍ മാറിനിന്നു. 83-ാം മിനുറ്റില്‍ ലൂണയുടെ ഫ്രീകിക്കില്‍ ഓപ്പണ്‍ പോസ്റ്റിലേക്ക് നിറയൊഴിക്കാനുള്ള അവസരം ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പാഴാക്കി. എന്നാല്‍ 86-ാം മിനുറ്റില്‍ അമരീന്ദറിന്‍റെ അടുത്ത പിഴവ് മുതലാക്കി സന്ദീപ് സിംഗ് ഹെഡറിലൂടെ കേരളത്തിന് ജയമുറപ്പിച്ച ഗോള്‍ സമ്മാനിക്കുകയായിരുന്നു. 

ഗ്യാലറിയില്‍ മഞ്ഞക്കടലിരമ്പം, കളം നിശബ്‌ദം; ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ട് ബ്ലാസ്റ്റേഴ്‌സ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്