ഒഡിഷ എഫ്‌സിയുടെ ആക്രമണത്തോടെയാണ് കൊച്ചിയില്‍ മത്സരത്തിന് തുടക്കമായത്

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്-ഒഡിഷ എഫ്‌സി ആദ്യപകുതി ഗോള്‍രഹിതം. ഇരു ടീമുകള്‍ക്കും വല കുലുക്കാനായില്ല. മൂന്നാം മിനുറ്റില്‍ ഒഡിഷയുടെ റെയ്‌നിയര്‍ ഫെര്‍ണാണ്ടസിന്‍റെ വലംകാലന്‍ ഷോട്ട് ഗോള്‍ബാറില്‍ തട്ടിത്തെറിച്ചത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി. ആദ്യ 45 മിനുറ്റുകളില്‍ പന്തടക്കത്തിലും ആക്രമണത്തിലും ഒഡിഷയായിരുന്നു മുന്നില്‍. 

അഡ്രിയാന്‍ ലൂണയെയും ദിമിത്രിയോസോ ദയമന്തക്കോസിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കളത്തിലിറക്കിയത്. മലയാളി താരങ്ങളായ രാഹുല്‍ കെ പിക്കും സഹല്‍ അബ്‌ദുല്‍ സമദിനുമൊപ്പം ജീക്‌സണ്‍ സിംഗും ഇവാന്‍ കല്‍യൂഷ്‌നിയും മധ്യനിരയിലെത്തി. സന്ദീപ് സിംഗും ഹോര്‍മീപാമും മാര്‍ക്കോ ലെസ്‌കോവിച്ചും ക്യാപ്റ്റന്‍ ജെസ്സൽ കാർണെയ്റോയുമായിരുന്നു പ്രതിരോധത്തില്‍. ഗോള്‍ബാറിന് കീഴെ പ്രഭ്‌സുഖന്‍ സിംഗ് ഗില്‍ തുടര്‍ന്നു. അതേസമയം 4-3-3 ശൈലിയാണ് ഒഡിഷ എഫ്‌സി തുടക്കത്തില്‍ സ്വീകരിച്ചത്.

ഒഡിഷ എഫ്‌സിയുടെ ആക്രമണത്തോടെയാണ് കൊച്ചിയില്‍ മത്സരത്തിന് തുടക്കമായത്. കിക്കോഫായി മൂന്നാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് ഒഡിഷയുടെ ആദ്യ ആക്രമണമെത്തി. റെയ്‌നിയര്‍ ഫെര്‍ണാണ്ടസിന്‍റെ വലംകാലന്‍ ഷോട്ട് ഗോള്‍ബാറില്‍ തട്ടിത്തെറിച്ചു. 12-ാം മിനുറ്റില്‍ ദിമിത്രിയോസ് ഫ്രീകിക്ക് നേടിയെടുത്തെങ്കിലും ഗുണകരമായില്ല. 18-ാം മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് കുതിച്ചെങ്കിലും ജെസ്സലിന്‍റെ ചിപ് ശ്രമം ബാറിന് മുകളിലൂടെ പറഞ്ഞു. 31-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് ഒഡിഷയുടെ നന്ദകുമാര്‍ ശേഖറുടെ ഹെഡര്‍ വിഫലമായതും ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമായി. ആദ്യപകുതിയുടെ അവസാന മിനുറ്റിലും ഇരച്ചെത്തി ഒഡിഷ മഞ്ഞപ്പടയെ വിറപ്പിച്ചു. 

ആദ്യപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷ എഫ്‌സി തോല്‍പിച്ചിരുന്നു. മുമ്പ് ഇരുടീമും ആകെ 19 കളിയിലാണ് ഏറ്റുമുട്ടിയത്. ബ്ലാസ്റ്റേഴ്‌സിന് ഏഴും ഒഡിഷയ്ക്ക് അഞ്ചും ജയമുണ്ടായി. ഏഴ് കളി സമനിലയില്‍ അവസാനിച്ചു.

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് '7 സ്റ്റാര്‍' ജയത്തുടക്കം; രാജസ്ഥാന് മേല്‍ ക്രിസ്‌മസ് വെടിക്കെട്ട്