
ദില്ലി: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ( ഐ എസ് എൽ) പുതിയ സീസൺ ഫെബ്രുവരി 14-ന് ആരംഭിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി പ്രഖ്യാപിച്ചു. ഐ എസ് എല്ലിലെ 14 ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് മന്ത്രി സ്ഥിരീകരിച്ചു. ആകെ 91 മത്സരങ്ങളാണ് ഈ സീസണിൽ ഉണ്ടാവുക. നേരത്തെ ടൂർണമെന്റ് ഗോവയിൽ മാത്രമായി നടത്താനായിരുന്നു ആലോചനയെങ്കിലും, പുതിയ തീരുമാനപ്രകാരം വിവിധ ടീമുകളുടെ ഹോം ഗ്രൗണ്ടുകളിലടക്കം ഐ എസ് എൽ മത്സരങ്ങൾ നടക്കും. ഇതനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ ചില മത്സരങ്ങൾക്ക് കൊച്ചി വേദിയാകുമെന്നത് ആരാധകർക്ക് വലിയ ആശ്വാസമാണ്.
കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ക്ലബ്ബുകൾ മത്സരത്തിന് തയ്യാറായതെന്നാണ് സൂചന. കായികതാരങ്ങൾക്ക് മത്സരങ്ങൾ നഷ്ടമാകരുത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശമാണ് ലീഗ് പുനരാരംഭിക്കുന്നതിൽ നിർണ്ണായകമായത്. ഐ എസ് എൽ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ് എഫ്) 14 കോടി രൂപ നൽകും. കളിക്കാൻ സന്നദ്ധരായ ടീമുകളെ മാത്രം ഉൾപ്പെടുത്തി ലീഗ് മുന്നോട്ട് കൊണ്ടുപോകുമെന്ന മന്ത്രിയുടെ കർശന നിലപാടിന് മുന്നിൽ ക്ലബ്ബുകൾ വഴങ്ങുകയായിരുന്നു.
രണ്ടിലൊന്ന് അറിയണമെന്ന സർക്കാർ നിലപാടിൽ ക്ലബ്ബുകൾക്ക് മറ്റ് ഉപാധികൾ മുന്നോട്ട് വെക്കാൻ സാധിച്ചില്ലെന്നാണ് വിവരം. മത്സരക്രമം ഉടൻ തന്നെ അധികൃതർ പുറത്തുവിടും. ഐ എസ് എൽ അനിശ്ചിതമായി നീളുന്നത് ഇന്ത്യൻ ഫുട്ബോളിനും താരങ്ങൾക്കും വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി, ടൂർണമെന്റ് വേഗത്തിൽ നടത്താൻ ആവശ്യപ്പെടുകയായിരുന്നു. ക്ലബ്ബുകളുടെ സാമ്പത്തിക പ്രതിസന്ധിയും മറ്റ് തർക്കങ്ങളും പിന്നീട് പരിഗണിക്കാമെന്ന നിലപാടിലാണ് കായിക മന്ത്രാലയം. അതേസമയം രണ്ടിലോന്നറിയിക്കാൻ പറഞ്ഞെന്നാണ് ഐ എസ് എൽ ക്ലബ്ബ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കളിക്കാൻ സന്നദ്ധരായ ടീമുകളെ മാത്രം ഉൾപ്പെടുത്തി ഐ എസ് എൽ നടത്തും എന്ന് മന്ത്രി പറഞ്ഞെന്നും മറ്റ് കാര്യങ്ങൾ ഒന്നും കേൾക്കാൻ തയാറായില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!