ISL: ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സ് തോറ്റു തുടങ്ങി, എടികെയോട് തോറ്റത് രണ്ടിനെതിരെ നാലു ഗോളിന്

By Web TeamFirst Published Nov 19, 2021, 9:56 PM IST
Highlights

ആദ്യ പകുതിയില്‍ എടികെ 3-1ന് മുന്നിലായിരുന്നു.  കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ ലീഡെടുത്ത എടികെയെ 24-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിലൂടെ(sahal abdul samad) ബ്ലാസ്റ്റേഴ്സ് ഒപ്പം പിടിച്ചെങ്കിലും  27-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പെനല്‍റ്റിയിലൂടെ എടികെ വീണ്ടും മുന്നിലെത്തി.

മഡ്ഗാവ്: ഐഎസ്എല്‍(ISL) എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്(Kerala Blasters) തോല്‍വി. എടികെ മോഹന്‍ ബഗാനെതിരെ(ATK Mohun Bagan) രണ്ടിനെതിരെ നാലു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്.

ആദ്യ പകുതിയില്‍ എടികെ 3-1ന് മുന്നിലായിരുന്നു.  കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ഹ്യൂഗോ ബോമസിലൂടെ(Hugo Boumous) ലീഡെടുത്ത എടികെയെ 24-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദിലൂടെ(sahal abdul samad) ബ്ലാസ്റ്റേഴ്സ് ഒപ്പം പിടിച്ചെങ്കിലും  27-ാം മിനിറ്റില്‍ റോയ് കൃഷ്ണയുടെ(Roy Krishna) പെനല്‍റ്റിയിലൂടെ എടികെ വീണ്ടും മുന്നിലെത്തി. 38-ാം മിനിറ്റില്‍ ബോമസ് എടികെയുടെ ലീഡുയര്‍ത്തി മൂന്നാം ഗോളും നേടി. രണ്ടാം പകുതിയുടെ തുടക്കത്തിലെ കൊളാക്കോയുടെ ഗോളിലൂടെ എടിടെ ബ്ലാസ്റ്റേഴ്സിന്‍റെ തിരിച്ചുവരവിനുള്ള സാധ്യതകളെല്ലാം അടച്ച് നാലാം ഗോളും നേടി എടികെയുടെ ജയമുറപ്പിച്ചു. 69-ാം മിനിറ്റില്ർ പേരേര ഡയസിലൂടെ ഒരു ഗോള്‍ മടക്കി ബ്ലാസ്റ്റേഴ്സ് തോല്‍വിഭാരം കുറച്ചു.

തുടക്കത്തിലെ ബ്ലാസ്റ്റേഴ്സ് ഞെട്ടി

ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ടയിരുന്നു എടികെ തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ ലെഫ്റ്റ് ഫ്ലാങ്കിലൂടെ ബോമസ് നടത്തിയ മുന്നോറ്റമാണ് ഗോളില്‍ കലാശിച്ചത്. തുടക്കത്തിലേ പിന്നിലായ ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നുവരുമ്പോഴേക്കും എടികെ ആക്രമണം കനപ്പിച്ചു. പന്ത്രണ്ടാം മിനിറ്റില്‍ ഹ്യൂഗോ ബോമസ് എടുത്ത കോര്‍ണര്‍ കിക്കില്‍ മന്‍വീര്‍ സിംഗിന്‍റെ ഹെഡര്‍ തലനാരിഴ വ്യത്യാസത്തില്‍ ഗോളാകതെ പോയപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ശ്വാസം നേരെ വീണു.

സഹലും രാഹുലും ഒത്തുപിടിച്ചു, ബ്ലാസ്റ്റേഴ്സ് ഗോളടിച്ചു

രാഹുല്‍ കെപിയും സഹല്‍ അബ്ദുള്‍ സമദും തമ്മിലുള്ള മുന്നേറ്റത്തിനൊടുവിലാണ് കേരളത്തിന്‍റെ സമനില ഗോള്‍ പിറന്നത്. വലതുവിംഗില്‍ നിന്ന് സഹല്‍ തൊടുത്ത ഷോട്ട് എടികെ ഗോള്‍ കീപ്പര്‍ അമരീന്ദറിനെ കടന്ന് വലയിലെത്തി. സമനില ഗോളിന്‍റെ ആശ്വാസം അധികനേരം നീണ്ടുന നിന്നില്ല. 27-ാം മിനിറ്റില്‍ റോയ് കൃഷ്ണയെ പെനല്‍റ്റി ബോക്സില്‍ ആല്‍ബിനോ ഫൗള്‍ ചെയ്തതിന് എടികെക്ക് അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത കൃഷ്ക്ക് പിഴച്ചില്ല. എടികെക്ക് വീണ്ടും ലീഡ്.

പിന്നീട് പലവട്ടം എടികെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വിറപ്പിച്ചു. മുന്നേറ്റ നിരയില്‍ ഹ്യൂഗോ ബോമസ് ഗോളിനട് അടുത്തെത്തിയെങ്കിലും നിര്‍ഭാഗ്യം വഴിമുടക്കി. എന്നാല്‍ 38-ാം മിനിറ്റില്‍ ബോമസിലൂടെ എടികെ രണ്ട് ഗോളിന്‍റെ ലീഡെടുത്തു.

രണ്ടാം പകുതിയുടെ തുടക്കത്തിലെ എടികെ ലീഡുയര്‍ത്തിയതോടെ ബ്ലാസ്റ്റേഴ്സ് തളര്‍ന്നു. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം എടികെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചതോടെ ബ്ലാസ്റ്റേഴ്സ് തോല്‍വി ഉറപ്പിച്ചു. ഇതിനിടെ റോയ് കൃഷ്ണ പലവട്ടം ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് അപകട ഭീഷണി ഉയര്‍ത്തി. ഒടുവില്‍ 69-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി നേരിയ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പിന്നീട് എടികെ പ്രതിരോധത്തെ വിറപ്പിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല.

click me!