
പനജി: ഐഎസ്എൽ ടീമായ ഗോവ എഫ് സിയുടെ പരിശീലകനാകാന്‍ വമ്പന്മാര്‍ രംഗത്ത്. 1994ലെ ലോകകപ്പില്‍ വിജയിച്ച ബ്രസീല്‍ ടീമിന്‍റെ നായകന്‍ കാര്‍ലോസ് ദുംഗ , നെതര്‍ലന്‍ഡ്സിന്‍റെയും ദക്ഷിണ കൊറിയയുടെയും പരിശീലകനായിരുന്ന ഗസ് ഹിഡിങ്ക് , ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം മുന്‍ പരിശീലകന്‍ സ്വെന്‍ ഗോരാന്‍ എറിക്സൺ, സ്പാനിഷ് ഇതിഹാസം ഫെര്‍ണാണ്ടോ ഹിയറോ എന്നിവരടക്കം 37 പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്.
രണ്ട് തവണ ബ്രസീൽ പരിശീലകനായിട്ടുള്ള ദുംഗ , ഗോവന്‍ മുന്‍ കോച്ച് സീക്കോയുടെ നിര്‍ദേശപ്രകാരമാണ് അപേക്ഷ നൽകിയതെന്ന് റിപ്പോര്‍ട്ടുണ്ട്. ഗോവന്‍ പരിശീലകനാവാന്‍ ദുംഗയ്ക്ക് അതിയായ താല്‍പര്യമുണ്ടെന്നും സുഹൃത്തുക്കളില്‍ നിന്ന് ഇന്ത്യന്‍ ഫുട്ബോളിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം മനസിലാക്കിയിട്ടുണ്ടെന്നും ദുംഗയുടെ ബ്രസീലിയന്‍ പ്രതിനിധി ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഉയര്‍ന്ന പ്രതിഫലമുളള പരിശീലകരെ ഗോവ നിയമിച്ചേക്കില്ലെന്നും സൂചനയുണ്ട്. 2016ൽ 5 മാസത്തേക്ക് 6 കോടി 30 ലക്ഷം രൂപയായിരുന്നു സീക്കോയുടെ പ്രതിഫലം. ചെറുപ്പക്കാരായ പരിശീലകരെ ഗോവ തിരഞ്ഞെടുക്കാന്‍ സാധ്യതയുണ്ട്.